Sorry, you need to enable JavaScript to visit this website.

രാവിലെ 7.59 വരെ തപാലിൽ ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ സ്വീകരിക്കും

കാസർകോട് - നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് രണ്ടിന് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി രാവിലെ എട്ടിന് തുടങ്ങും. 
വോട്ടെണ്ണലിന് ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബു ഓൺലൈൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
മഞ്ചേശ്വരം മണ്ഡലം-കുമ്പള ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, കാസർകോട്-കാസർകോട് ഗവ. കോളേജ്, ഉദുമ-പെരിയ ഗവ. പോളിടെക്‌നിക് കോളേജ്, കാഞ്ഞങ്ങാട്-നെഹ്റു കോളേജ്, പടന്നക്കാട്, തൃക്കരിപ്പൂർ-തൃക്കരിപ്പൂർ ഗവ. പോളിടെക്നിക് കോളേജ് എന്നിവയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ. രാവിലെ എട്ട് മണിക്ക് പോസ്റ്റൽ ബാലറ്റുകൾ എണ്ണാൻ തുടങ്ങും. 
ആദ്യം ഇ.ടി.പി.ബി.എസ് പോസ്റ്റൽ ബാലറ്റുകൾ എണ്ണും. 8.30 ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ തുടങ്ങും. മെയ് രണ്ടിന് രാവിലെ 7.59 വരെ തപാലിൽ ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ മാത്രം സ്വീകരിക്കും. ഇത് സംബന്ധിച്ച് തപാൽ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണാൻ നാല് ഹാൾ വീതം ഉണ്ടാകും. ഓരോ ഹാളിലും അഞ്ച് ടേബിൾ. ആകെ 20 ടേബിൾ.പോസ്റ്റൽ ബാലറ്റ് എണ്ണാൻ ഓരോ ഹാൾ വീതം ഉണ്ടാകും. 


പോസ്റ്റൽ ബാലറ്റിന് മഞ്ചേശ്വരം, കാസർകോട് മണ്ഡലത്തിൽ അഞ്ച് വീതം ടേബിൾ, ഉദുമ, കാഞ്ഞങ്ങാട് 10 വീതം ടേബിൾ, തൃക്കരിപ്പൂർ 18 ടേബിൾ എന്നിങ്ങനെയായിരിക്കും. മഞ്ചേശ്വരം മണ്ഡലത്തിൽ 336 പോളിംഗ് ബൂത്തുകളുണ്ട്. വോട്ടണ്ണലിന് 17 റൗണ്ട് ഉണ്ടാവും. കാസർകോട് 296 ബൂത്തുകൾ, 15 റൗണ്ട്. ഉദുമ 316 ബൂത്തുകൾ 16 റൗണ്ട്. കാഞ്ഞങ്ങാട് 336 ബൂത്തുകൾ, 17 റൗണ്ട്. തൃക്കരിപ്പൂർ 307 ബൂത്തുകൾ, 16 റൗണ്ട്. ഒരു റൗണ്ടിൽ 20 ബൂത്തുകളാണ് എണ്ണുക. 
വോട്ടെണ്ണലിന് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കായി 885 ജീവനക്കാരെ നിയമിച്ചു. 295 വീതം കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ,മൈക്രോ ഒബ്‌സർവർമാർ എന്നിങ്ങിനെയാണ് നിശ്ചയിച്ചതെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
കോവിഡ് വ്യാപനം കണക്കിലെടുത്ത് മെയ് രണ്ടിന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം വിജയാഹ്ലാദ പ്രകടനം അനുവദിക്കില്ലെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.


 

Latest News