കണ്ണൂർ- കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു ഫലം മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ ഇരുന്ന് അറിയും. കോവിഡ് മേൽനോട്ടം മുൾപ്പെടെയുള്ള ഭരണപരമായ ചുമതലകൾ മാറ്റി വെച്ച് മുഖ്യമന്ത്രി ഇന്നലെ ഉച്ചയോടെ കണ്ണൂരിലെത്തി.
വിമാന മാർഗം കണ്ണൂർ വിമാനത്താവളത്തിലെത്തിയ അദ്ദേഹം പിണറായിയിലെ വീട്ടിലെത്തിയ ശേഷം, കഴിഞ്ഞ ദിവസം നിര്യാതനായ എൻ.സി.പി. സംസ്ഥാന ജന. സെക്രട്ടറി കെ.കെ. രാജന്റെ ചക്കരക്കല്ലിലുള്ള വസതി സന്ദർശിച്ചു. കെ.കെ. രാഗേഷ് ഉൾപ്പെടെയുള്ള നേതാക്കളും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം മാത്രമേ ഇനി പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് പോവുകയുള്ളൂ. തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ ശേഷം ഒരു മാസത്തോളം അദ്ദേഹം കണ്ണൂരിലെ വീട്ടിലുണ്ടായിരുന്നു. കോവിഡ് വ്യാപനം നിയന്ത്രണാതീതമായതോടെയാണ് അദ്ദേഹം പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാൻ പത്തു ദിവസം മുമ്പ് തിരുവനന്തപുരത്തേക്ക് പോയത്. മെയ് രണ്ടിനാണ് തെരഞ്ഞെടുപ്പു ഫലം വരുന്നത്. മൂന്നാം തീയ്യതി മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം അനുകൂലമായാലും പ്രതികൂലമായാലും മൂന്നാം തീയ്യതി തന്നെ മന്ത്രിസഭ രാജിവെക്കും എന്നാണറിയുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം കാവൽ മന്ത്രി സഭയാണ് സംസ്ഥാനത്തുള്ളതെങ്കിലും ഒരു കോടി ഡോസ് കോവിഡ് വാക്‌സിൻ വാങ്ങുന്നതുൾപ്പെടെയുള്ള നിർണായക തീരുമാനങ്ങൾ ഈ മന്ത്രി സഭ കൈക്കൊണ്ടിരുന്നു. രാഷ്ടീയ കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണിത്. ഭരണത്തുടർച്ച എന്ന ആശയം സഫലമായാൽ അത് ഇടതു മുന്നണിയെ സംബന്ധിച്ച് ചരിത്രനേട്ടമാകും.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ഭരണ തുടർച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന് നമുക്ക് മൂന്നാം തീയതി ഇതുപോലെ കാണാമെന്നും, അതുവരെ മപ്പായസമുണ്ണുന്നവരെ അതിൽ നിന്ന് മുടക്കേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം കലർന്ന മറുപടി.