മലപ്പുറം - ജില്ലയിൽ പ്രതിദിന രോഗബാധിതരിൽ ഏറ്റവും ഉയർന്ന നിരക്ക് വ്യാഴാഴ്ച രേഖപ്പെടുത്തി. ഇന്നലെ മാത്രം 3,857 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്നു ജില്ലാ മെഡിക്കൽ ഓഫീസർ കെ. സക്കീന അറിയിച്ചു. 32.05 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പർക്കത്തിലൂടെയും ഉറവിടമറിയാതെയും വൈറസ് ബാധിതരാകുന്നവരുടെ എണ്ണവും വർധിക്കുകയാണ്. നേരിട്ടുള്ള സമ്പർക്കത്തിലൂടെ 3,648 പേർക്കും ഉറവിടമറിയാതെ 171 പേർക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരിൽ നാലു പേർ ആരോഗ്യ പ്രവർത്തകരാണ്. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 13 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 21 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനിടെ ഇന്നലെ 999 പേർ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തരായി. ഇതോടെ ജില്ലയിൽ രോഗവിമുക്തരായവരുടെ എണ്ണം 1,31,186 ആയി. 37,391 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 32,001 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 891 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 259 പേരും 363 പേർ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവർ വീടുകളിലും മറ്റുമായി നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതുവരെ 669 പേരാണ് കോവിഡ് ബാധിതരായി ജില്ലയിൽ മരിച്ചത്.
കോവിഡ് വ്യാപനം ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ ജാഗ്രത കൈവിടരുതെന്നു ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. രോഗപ്രതിരോധത്തിനായി അക്ഷീണ പ്രയത്നമാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും മറ്റു സർക്കാർ വകുപ്പുകളും നടത്തി വരുന്നത്. കോവിഡ് പ്രതിരോധ വാക്സിൻ വിതരണവും ജില്ലയിൽ നടന്നു വരികയാണ്. ഇതിനിടയിലും ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗികളുടെ എണ്ണമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനം തടയാൻ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നതിലേക്കാണ് ഇക്കാര്യം വിരൽ ചൂണ്ടുന്നതെന്നു അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യമൊഴിവാക്കാനുള്ള ജാഗ്രത ഉറപ്പാക്കുന്നതിൽ പൊതുജനങ്ങളിൽ നിന്നു പൂർണ സഹകരണം വേണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ കെ. സക്കീന പറഞ്ഞു. ജില്ലയിൽ കോവിഡ് ബാധിതരാകുന്നവരെ ചികിത്സിക്കാനും നിരീക്ഷിക്കാനും നിലവിൽ സംവിധാനങ്ങൾ സജ്ജമാണ്. കോവിഡ് പ്രതിരോധ വാക്സിൻ വിതരണവും വിവിധ കേന്ദ്രങ്ങളിൽ പുരോഗമിക്കുന്നു. സ്വയം സുരക്ഷിതരാകുന്നതിലൂടെ മാത്രമേ രോഗഭീഷണി അതിജീവിക്കാനാകൂവെന്നും അവർ പറഞ്ഞു.






