Sorry, you need to enable JavaScript to visit this website.

വ്യാജ എൻജിൻ ഓയിൽ വിൽപന: വിദേശിക്ക് നാലു മാസം തടവ്

റിയാദ്- റിയാദ് പ്രവിശ്യയിൽ പെട്ട അൽഖർജിൽ വ്യാജ എൻജിൻ ഓയിൽ വിൽപന നടത്തിയ കേസിൽ വിദേശിയെ റിയാദ് ക്രിമിനൽ കോടതി നാലു മാസം തടവിന് ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. അൽഖർജിൽ വഴിവാണിഭമായി വ്യാജ എൻജിൻ ഓയിൽ വിൽപന നടത്തിയ സിറിയക്കാരൻ ശഅബാൻ ഹുസൈൻ അഹ്മദിന് ആണ് ശിക്ഷ. വാണിജ്യ വഞ്ചന, ട്രേഡ് മാർക്ക് അനുകരിക്കൽ, വാണിജ്യ വിവര നിയമം ലംഘിക്കൽ എന്നീ മൂന്നു നിയമ ലംഘനങ്ങളാണ് സിറിയക്കാരൻ നടത്തിയത്. 


പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള, വാണിജ്യ വിവരങ്ങൾ രേഖപ്പെടുത്താത്ത വ്യാജ എൻജിൻ ഓയിലുകളാണ് സിറിയക്കാരൻ വിൽപന നടത്തിയത്. ഇയാളുടെ പക്കൽ കണ്ടെത്തിയ വ്യാജ എൻജിൻ ഓയിൽ ശേഖരം പിടിച്ചെടുത്ത് നശിപ്പിക്കാനും കോടതി ഉത്തരവിട്ടു. ശിക്ഷ പൂർത്തിയാക്കിയ ശേഷം സിറിയക്കാരനെ സൗദിയിൽ നിന്ന് നാടുകടത്താനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്താനും വിധിയുണ്ട്. സിറിയക്കാരന്റെ പേരുവിവരങ്ങളും ഇയാൾ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും ഇദ്ദേഹത്തിന്റെ സ്വന്തം ചെലവിൽ പത്രത്തിൽ പരസ്യം ചെയ്യാനും കോടതി ഉത്തരവിട്ടു. രണ്ടര ലിറ്റർ ശേഷിയുള്ള 100 കന്നാസ് വ്യാജ എൻജിൻ ഓയിലുകൾ സിറിയക്കാരന്റെ പക്കൽ കണ്ടെത്തിയിരുന്നു. 

Latest News