Sorry, you need to enable JavaScript to visit this website.

ബ്രിട്ടനിൽ ഇന്റർനെറ്റില്ലാത്ത 15 ലക്ഷം വീടുകൾ 

ബ്രിട്ടനിൽ 15 ലക്ഷം വീടുകളിൽ ഇപ്പോഴും ഇന്റർനെറ്റ് കണക്ഷനില്ല. യു.കെയിലെ ജനങ്ങളുടെ ഓൺലൈൻ, മീഡിയ ശീലങ്ങളെ കുറിച്ച് ഓഫ്‌കോം റെഗുലേറ്റർ പഠനം നടത്തിയ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 
കോവിഡ് തടയുന്നതിന്റെ ഭാഗമായി സ്‌കൂളുകൾ അടച്ച രാജ്യത്ത് 20 ശതമാനം കുട്ടികളുടെ പക്കലും പഠനാവശ്യാർഥം ഓൺലൈൻ ആശ്രയിക്കാവുന്ന ഉപകരണങ്ങളില്ല. 
കോവിഡ് വ്യാപനത്തെ തുടർന്ന് യു.കെയിൽ ഈ വർഷം മൂന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.


കഴിഞ്ഞ മാസം സർവേ നടത്തുമ്പോൾ രാജ്യത്ത് ആറു ശതമാനം വീടുകളിൽ ഇന്റർനെറ്റ് കണക്ഷൻ പോലുമില്ലെന്ന് കണ്ടെത്തി. 18 വയസ്സിനു മുകളിലുള്ളവരിൽ ഒരു ശതമാനം പേർ ഇന്റർനെറ്റ് ഉണ്ടായിട്ടും ഉപയോഗിക്കാറില്ലെന്നും പഠനത്തിൽ തെളിഞ്ഞു.
സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്ന കുടുംബങ്ങൾക്കും 65 വയസ്സിലേറെ പ്രായമുള്ളവർക്കുമാണ് ഇന്റർനെറ്റ് കണക്ഷനില്ലാത്തത്. 
അഞ്ച് മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ടാബ്‌ലറ്റുകളോടാണ് പ്രിയം. അതേസമയം 12 മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ 91 ശതമാനത്തിനും സ്വന്തമായി സ്മാർട്ട് ഫോണുണ്ട്. പ്രീ സ്‌കൂളിൽ പോകുന്ന മൂന്ന്-നാല് പ്രായക്കാരിൽ 48 ശതമാനത്തിന്റെ പക്കലും ടാബുകളുണ്ട്.  


12-15 വയസ്സുകാരിൽ പകുതിയിലേറ പേർക്കും ഇന്റർനെറ്റിൽ മോശം അനുഭവമണ് നേരിട്ടത്. അപരിചിതർ സുഹൃത്തുക്കളാകാൻ വരുന്നുവെന്നാണ് അവരുടെ പ്രധാന പരാതി. 15 വയസ്സായ കുട്ടികളിൽ പത്തിൽ ആറു പേരും സ്വന്തം വീഡിയോകൾ ഓൺലൈനിൽ ഷെയർ ചെയ്യുന്നവരാണ്. പകുതിയിലേറെ പേരും ടിക് ടോക് വീഡിയോകൾ കാണുന്നു.
പോയ വർഷം പെൺകുട്ടികളിൽ ടിക് ടോക് കാണുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചുവെന്ന് ഓഫ്‌കോമിലെ സ്ട്രാറ്റജി ആന്റ് റിസർച്ച് ഗ്രൂപ്പ് ഡയരക്ടർ യി ചൗംഗ് തെ പറഞ്ഞു. ടിക് ടോക് ചെറുപ്പക്കാർക്ക് വേണ്ടിയുള്ളതാണെന്ന് പലരും കരുതുന്നണ്ടെങ്കിലും മുതിർന്നവരിലും ടിക് ടോക് കാണുന്നവർ കൂടിവരുന്നുണ്ട്. സമൂഹ മാധ്യമ ഉപയോക്താക്കളിൽ 21 ശതമാനം മുതിർന്നവർക്കും ടിക് ടോക് പ്രൊഫൈലുണ്ട്. എന്നാൽ 83 ശതമാനം പേരുടേയും പ്രിയപ്പെട്ട സോഷ്യൽ മീഡിയ ഫേസ് ബുക്ക് തന്നെ.


ലോക്ഡൗൺ കാലത്ത് ഓൺലൈൻ ഗെയിമുകൾക്കും പ്രചാരം വർധിച്ചു. 62 ശതമാനം മുതിർന്നവരും അഞ്ച് മുതൽ 15 വയസ്സു വരെ പ്രായമുള്ളവരിൽ പത്തിൽ ഏഴു പേരും ഓൺലൈൻ ഗെയിം കളിക്കുന്നു. 
കോവിഡ് പശ്ചാത്തലത്തിൽ എല്ലാം ഓൺലൈനിലായിരിക്കേ, ഇന്റർനെറ്റ് ഉപയോഗിക്കാതെ തന്നെ കാര്യങ്ങൾ നിർവഹിക്കുന്ന വീടുകളുണ്ടെന്നത് നല്ല വാർത്തയാണെങ്കിലും വിദ്യാർഥികളുടെ പഠനം പൂർണമായും ഓൺലൈനിലായിരിക്കേ ഇന്റർനെറ്റ് കണക്ഷനും ഉപകരണവുമില്ലാത്തത് ആശ്വാസമേകുന്ന വാർത്തയല്ല. 

 

Latest News