Sorry, you need to enable JavaScript to visit this website.
Saturday , November   27, 2021
Saturday , November   27, 2021

ആതിഥ്യത്തിന്റെ കല പഠിക്കാൻ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് 

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി കാരണം ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് തിരിച്ചടി ബാധിച്ചിട്ടുണ്ടെങ്കിലും  പ്രതിസന്ധികൾ അവസാനിക്കുന്നതോടെ നല്ല കുതിപ്പിന് സാധ്യതയുള്ള മേഖലയായി  ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി വ്യവസായം മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
ഹോസ്പിറ്റാലിറ്റി & ഹോട്ടൽ മാനേജ്‌മെന്റ് മേഖലകളിൽ പ്രവർത്തിക്കാൻ താൽപര്യവും അഭിരുചിയും ഉള്ള വിദ്യാർഥികൾക്ക് പ്ലസ് ടു കഴിഞ്ഞ ശേഷം അപേക്ഷിക്കാവുന്ന സവിശേഷ കോഴ്‌സാണ്  നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി നടത്തുന്ന ബി.എസ്‌സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ (ബിഎസ്.സിഎച്ച്.എച്ച്.എ). പ്ലസ് ടു ഏത് വിഷയമെടുത്ത് പഠിച്ചവർക്കും ഈ വർഷം പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. മാർക്ക് നിബന്ധന ഇല്ല.


പഞ്ചനക്ഷത്ര ഹോട്ടലുകൾ, ആശുപത്രികൾ, ഷിപ്പിങ് ആൻഡ് ക്രൂയിസ് ലൈൻസ്, വൻകിട വ്യവസായ സ്ഥാപനങ്ങൾ, വിമാന കമ്പനികൾ, ഫോറസ്റ്റ് ലോഡ്ജ്, കിച്ചൻ മാനേജ്‌മെന്റ്, ഇന്ത്യൻ നേവി ഹോസ്പിറ്റാലിറ്റി സർവീസസ്, ടൂറിസം, റിസോർട്ട് എന്നിങ്ങനെ വിവിധ മേഖലകളിൽ തൊഴിലവസരത്തിനു സാധ്യതകളുണ്ട്. ഫ്രണ്ട് ഓഫീസ്, ഹൗസ് കീപിംഗ്, ഫുഡ് ആൻഡ് ബിവറേജസ് സർവീസ്, ഭക്ഷണ നിർമാണം എന്നീ മേഖലകളിലൊന്നിൽ ആയിരിക്കും നിയമനം ലഭിക്കുക.  ഭക്ഷണ നിർമാണ മേഖലകളിൽ ജോലി ലഭിച്ചാൽ തുടക്കകാലത്ത്  വർധിത സമയത്തെ ജോലി, കുറഞ്ഞ അവധി ദിനങ്ങൾ എന്നിവ ബാധകമായിരിക്കുമെങ്കിലും  പടിപടിയായി ഉയർന്നു പോകുമ്പോൾ മികച്ച ആനുകൂല്യങ്ങൾ അനുഭവിക്കാനാവും. ആശയ വിനിമയ ശേഷി, പ്രശ്‌നപരിഹാര വൈഭവം, മികച്ച മനോഭാവം  തുടങ്ങിയവ പ്രകടിപ്പിക്കുന്നവർക്ക് ഫ്രണ്ട് ഓഫീസ്, അഡ്മിനിസ്‌ട്രേഷൻ മേഖലകളിൽ തിളങ്ങാനാവും. താൽപര്യമുള്ളവർക്ക് ഹോട്ടൽ വ്യവസായവുമായി ബന്ധമുള്ള കഫെ,  റെസ്‌റ്റോറന്റ്, ഫുഡ് ഔട്ട്‌ലറ്റ്, ഫുഡ് ട്രക്ക്, ഭക്ഷണ വിതരണം എന്നീ മേഖലകളിൽ സംരംഭകത്വത്തിനും ശ്രമിക്കാവുന്നതാണ്. 


കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിൽ സ്ഥാപിക്കപ്പെട്ട  സ്വയംഭരണ സ്ഥാപനമായ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിങ് ടെക്‌നോളജിയും (എൻ.സി.എച്ച്.എം.സി.ടി) ഇന്ദിരാ ഗാന്ധി നാഷണൽ ഓപൺ സർവകലാശാലയും സംയുക്തമായി  നടത്തുന്ന, ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ, ത്രിവത്സര ബി.എസ്‌സി പ്രോഗ്രാമിലേക്ക് മെയ് 10 വരെ അപേക്ഷ സമർപ്പിക്കാം. കേന്ദ്ര സർക്കാരിന്റെയും വിവിധ സംസ്ഥാന സർക്കാരുകളുടെയും  സ്വകാര്യ മേഖലയിലെയും   ഉൾപ്പെടെ രാജ്യത്തൊട്ടാകെയുള്ള 74 സ്ഥാപനങ്ങളിലേക്കാണ് പ്രവേശനം. കേരളത്തിൽ, കേന്ദ്ര സർക്കാർ വിഭാഗത്തിൽ കോവളത്തുള്ള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്,  കേരള സർക്കാർ/കേന്ദ്ര സർക്കാർ സംയുക്ത സംരംഭമായ കോഴിക്കോട് സ്‌റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നിവ ഈ പ്രവേശനത്തിന്റെ പരിധിയിൽ വരും. മൂന്നാർ കാറ്ററിംഗ് കോളേജ്, വയനാട് ലക്കിടി ഓറിയന്റൽ കോളേജ് എന്നിവ സ്വകാര്യ മേഖലയിലുള്ള സ്ഥാപങ്ങളാണ്.


ആറു സെമസ്റ്ററുകളിലായുള്ള പഠനത്തിന്റെ ഭാഗമായി ഹോസ്പിറ്റാലിറ്റി മേഖലയിൽ സൂപ്പർവൈസർ തസ്തികയിൽ ജോലി ചെയ്യാനാവശ്യമായ ശേഷികൾ ആർജിക്കാനാവും. ഫുഡ് പ്രൊഡക്ഷൻ, ഹൗസ് കീപ്പിംഗ്, ഫുഡ് ആൻഡ് ബിവറേജസ് സർവീസ്, പ്രിസർവേഷൻ, ഫ്രണ്ട് ഓഫീസ് ഓപറേഷൻ എന്നിവക്ക് പുറമെ ഹോട്ടൽ അക്കൗണ്ടൻസി, ഭക്ഷണത്തിന്റെ ഗുണനിലവാരം, മനുഷ്യ വിഭവ ശേഷി മാനേജ്‌മെന്റ്, സാമ്പത്തിക മാനേജ്‌മെന്റ്, ടൂറിസം മാർക്കറ്റിംഗ് ആൻഡ് മാനേജ്‌മെന്റ്  തുടങ്ങിയ മേഖലകളിലും  പരിശീലനം ഉണ്ടാവും. തിയറി പഠനത്തേക്കാൾ  പ്രായോഗിക പരിശീലനത്തിന് മുൻതൂക്കം ലഭിക്കും. മികച്ച സ്ഥാപങ്ങളിൽ  നല്ല രീതിയിൽ പഠനം പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് സാധ്യതകൾ ഉണ്ട്. പഠന ഇടവേളകളിൽ പാർട്ട് ടൈം ജോലിക്കും അവസരം ലഭിച്ചേക്കും.


നാഷണൽ ടെസ്റ്റിംഗ് ഏജൻസി ദേശീയ തലത്തിൽ നടത്തുന്ന, എൻ.സി.എച്ച്.എം ജോയന്റ് എൻട്രൻസ് എക്‌സാമിനേഷൻ (NCHMJEE) കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ആയി ജൂൺ 12 നു നടക്കും. മെയ് 10 നകം  www.nchmjee.nta.nic.in  എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്നവർക്ക്  ഉപയോഗത്തിലിരിക്കുന്ന  ഇമെയിൽ വിലാസവും മൊബൈൽ നമ്പറും ഉണ്ടാവണം. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ 200 മൾട്ടിപ്പിൾ ചോയ്‌സ് തരത്തിലുള്ള  ചോദ്യങ്ങൾ ഉണ്ടാവും. തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടാവും.  തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവ അടക്കം രാജ്യത്താകമാനം 91 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.  അപേക്ഷ സമർപ്പിക്കുമ്പോൾ നാല് കേന്ദ്രങ്ങൾ തെരഞ്ഞെടുക്കണം.
പ്രവേശന പരീക്ഷയിലെ മികവ്, മെഡിക്കൽ ഫിറ്റ്‌നസ്, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാധുത എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും NCHMCT യുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിലെ പ്രവേശനം നടക്കുന്നത്. അതത് സ്ഥാപനങ്ങളുടെ സവിശേഷതകൾ, ഫീസ് വിവരം എന്നിവ  അറിയുന്നതിനായി സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് പരിശോധിക്കാവുന്നതാണ്.

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മെയ് 10
വെബ്‌സൈറ്റ് : www.nchmjee.nta.nic.in

 

Latest News