റിയാദ് - എട്ടുവർഷം മുമ്പ് നോയ്ഡയിലെ അമിത്തി ഡീംഡ് യൂനിവേഴ്‌സിറ്റിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ജസ്റ്റിൻ ജോണിന്റെ കേസിൽ വഴിത്തിരിവ്. മരണത്തിന് കാരണമായ മുറിവുകൾ ശരീരത്തിലുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട് സമർപ്പിച്ച സിബിഐയുടെ കണ്ടെത്തലുകൾ തള്ളിയ ഗാസിയാബാദ് സിബിഐ കോടതി കുറ്റാരോപിതരായ മൂന്നു സഹപാഠികളെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. റിയാദിൽ ജോലി ചെയ്യുന്ന ജോൺ സേവ്യരുടെയും അന്ന ജോണിന്റെയും ഏക സന്തതിയായിരുന്നു ജസ്റ്റിൻ ജോൺ.
2009 സെപ്തംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കോളജിലെ സ്വിമ്മിംഗ് പൂളിൽ ജസ്റ്റിൻ മരിച്ചെന്ന് ആരോ ബന്ധുക്കളെ വിളിച്ചറിയിച്ചു. മാതാപിതാക്കൾ എത്തും മുമ്പേ കോളജ് അധികൃതർ പോസ്റ്റ്‌മോർട്ടത്തിന് മുതിർന്നെങ്കിലും ദുരൂഹത ആരോപിച്ച് നാട്ടുകാർ തടഞ്ഞു. പിന്നീട് മാതാപിതാക്കൾ എത്തിയ ശേഷം നോയ്ഡയിൽ പേരിന് പോസ്റ്റ്‌മോർട്ടവും നടന്നു. മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂണ്ടായിരുന്നത്. നാട്ടിലെത്തിച്ചു സംസ്‌കരിക്കുകയും ചെയ്തു. കോളജിൽ ചേർത്ത് ഒരു മാസം കഴിഞ്ഞാണ് സംഭവം.
ആറടി രണ്ടിഞ്ച് ഉയരമുള്ള മകൻ അഞ്ച് അടി വെള്ളത്തിൽ എങ്ങനെ മുങ്ങിമരിക്കുമെന്നും നീന്തലിൽ വിദഗ്ധനായ മകൻ മുങ്ങിമരിക്കില്ലെന്നും കാണിച്ച് കേരള ഡിജിപിക്ക് പരാതി നൽകുകയും 48 ാം ദിവസം മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തുകയും ചെയ്തു. തലയിൽ സാരമായ ക്ഷതമുണ്ടായിരുന്നുവെന്നും വൃക്കയിൽ രക്ത സ്രാവമുണ്ടായെന്നും അങ്ങനെയാണ് മരിക്കുന്നതെന്നും കേരളത്തിലെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നു. എന്നാൽ ഇത് കോളജ് അധികൃതരെ അറിയിച്ചെങ്കിലും അവർ തള്ളിക്കളയുകയാണ് ചെയ്തത്.
കേസന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് ജോൺ സേവ്യർ ഹൈക്കോടതിയിലെത്തി. ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും കേരളത്തിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തെറ്റാണെ് കാണിച്ച് കോളജ് അധികൃതർക്ക് അനുകൂലമായി സിബിഐ റിപ്പോർട്ട് സമർപ്പിച്ചു. ജോൺ സേവ്യറുടെ ആവശ്യപ്രകാരം കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. പഞ്ചാബിലെ പി.ജി.ഐ.എം.ആറിൽ പരിശോധനക്കയച്ചെങ്കിലും അവർ കേളത്തിലെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ശരിയാണെന്ന് സിബിഐയെ അറിയിച്ചു. പക്ഷേ ഈ റിപ്പോർട്ട് മറച്ചുവെച്ച് ജസ്റ്റിന്റെ ശരീരത്തിൽ മരണകാരമായ മുറിവുകളില്ലെന്നും ദുരൂഹതയില്ലെന്നും കേസ് തള്ളിക്കളയണമെന്നും സിബിഐ ഗാസിയാബാദ് കോടതിയിൽ ആവശ്യപ്പെട്ടു. ഈ റിപ്പോർട്ടാണ് കോടതി തള്ളിയതും ആരോപിതരായവരെ ഹാജറാക്കാൻ ആവശ്യപ്പെട്ടതും. ജസ്റ്റിൻ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചതാണെന്ന് പറഞ്ഞ സഹപാഠി ജതിൻ കുൽക്കർണി, കൂടെ കുളിച്ചെന്ന് അവകാശപ്പെട്ട സായൻ റോയ്, ശശാങ്ക് ഹരി എന്നിവരെ ഹാജറാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. തലക്കടിയേറ്റ മകൻ അബോധാവസ്ഥയിൽ രണ്ടുമണിക്കൂർ കഴിഞ്ഞ ശേഷമാണ് മരിച്ചതെന്നാണ് പിതാവ് ലഭിച്ച വിവരം. മരിച്ച ശേഷം സ്വിമ്മിംഗ് പൂളിൽ കൊണ്ടുപോയിട്ടതാകാനാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു.
വിവാഹം കഴിഞ്ഞ് ആറുവർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ജസ്റ്റിൻ ജനിച്ചത്. ഏഴാം തരം വരെ റിയാദിലെ ഇന്ത്യൻ സ്‌കൂളിൽ പഠിച്ചു. തുടർ വിദ്യാഭ്യാസത്തിനായി തമിഴ്‌നാട്ടിലെ ഏർക്കാടിലുള്ള മൗണ്ട് ഫോർട്ട് സ്‌കൂളിൽ ചേർത്തു. പഠനത്തിലും ബാസ്‌കറ്റ് ബോളിലും നീന്തലിലും മിടുക്കനായിരുന്ന ജസ്റ്റിൻ വാട്ടർ പോളോയിൽ സ്വർണ മെഡൽ വാങ്ങുകയും ചെയ്തിരുന്നു. ഡിസ്റ്റിംഗ്ഷനോടു കൂടി പ്ലസ് ടു വിജയിച്ച ശേഷം സ്‌പേസ് സയൻസ് പഠിക്കാൻ നോയിഡയിലുള്ള അമിത്തി സ്വകാര്യ സർവകലാശാലയിൽ ചേർന്നതായിരുന്നു.