ബാങ്കില്‍നിന്ന് ഇറങ്ങിയവരെ ആക്രമിച്ച് 2,30,000 റിയാല്‍ കവര്‍ന്നു; റിയാദില്‍ വിദേശി അറസ്റ്റില്‍

റിയാദ് - ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങുന്നവരെ രഹസ്യമായി നിരീക്ഷിച്ച് പിന്തുടര്‍ന്ന് ആക്രമിച്ച് പണം പിടിച്ചുപറിച്ച വിദേശ യുവാവിനെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു.

നാല്‍പതു വയസ് പ്രായമുള്ള, ഇഖാമ നിയമ ലംഘകനായ യെമനിയാണ് അറസ്റ്റിലായത്. റിയാദിലെ ബാങ്ക് ശാഖക്കു മുന്നില്‍ ഉപയോക്താവിനെ രഹസ്യമായി നിരീക്ഷിക്കുന്നതിനിടെയാണ് പ്രതിയെ കഴിഞ്ഞ ദിവസം സുരക്ഷാ വകുപ്പുകള്‍ കൈയോടെ പിടികൂടിയത്.
ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിച്ച് പുറത്തിറങ്ങിയ രണ്ടു പേരെ ആക്രമിച്ച് പ്രതി 2,30,000 റിയാല്‍ പിടിച്ചുപറിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് പറഞ്ഞു.

 

Latest News