#ResignModi ബ്ലോക്ക് ചെയ്തു, സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന്; ഫെയ്ബുക്കിന് ഉരുണ്ടുകളി

ന്യൂദല്‍ഹി- #ResignModi  എന്ന ഹാഷ്ടാഗില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ രാജിക്കായുള്ള മുറവിളി ഉയരുന്നതിനിടെ ഫെയ്ബുക്കില്‍ ഈ ഹാഷ്ടാഗും ഇതോടൊപ്പമുള്ള ആയിരക്കണക്കിന് പോസ്റ്റുകളും പെട്ടെന്ന് അപ്രത്യക്ഷമായി. സുരക്ഷ മുന്‍നിര്‍ത്തി താല്‍ക്കാലികമായി അപ്രത്യക്ഷമാക്കിയിരിക്കുകയാണെന്നാണ് ഫെയ്‌സബുക്ക് നല്‍കിയ സന്ദേശം. വിമര്‍ശന പോസ്റ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ട്വിറ്ററില്‍ നിന്ന് ഈയിടെ നീക്കം ചെയ്യിപ്പിച്ച പശ്ചാത്തലത്തില്‍ ഫെയ്ബുക്കിന്റെ ഈ നീക്കവും സമൂഹമാധ്യമങ്ങളില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഇതോടെ ഹാഷ്ടാഗ് വീണ്ടും ലഭ്യമാക്കുകയും കമ്പനി മറുപടി പറയുകയും ചെയ്തു. 

അബദ്ധത്തില്‍ സംഭവിച്ചതാണ് എന്നായിരുന്നു ഫെയ്ബുക്കിന്റെ പ്രതികരണം. കൂടുതലൊന്നും വിശദീകരിച്ചില്ലെങ്കിലും ഈ ബ്ലോക്ക് ചെയ്ത നടപടി കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടല്ല എന്നു കൂടി കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും ചില ഹാഷ്ടാഗുകള്‍ ബ്ലോക്ക് ചെയ്യാറുണ്ട്. നേരിട്ടും ഓട്ടോമേറ്റഡ് സംവിധാനം വഴിയും ഇതു ചെയ്യാറുണ്ട്. ഇപ്പോള്‍ സംഭവിച്ചത് അബദ്ധമായിരുന്നുവെന്നും ഫെയ്ബുക്ക് വക്താവ് പറഞ്ഞു. 

ഏതാനും മണിക്കൂറുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ട ഹാഷ്ടാഗ് വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തു. ബിജെപി ഏറെ പ്രതീക്ഷയോടെ കാണുന്ന ബംഗാള്‍ തെരഞ്ഞെടുപ്പന്റെ അവസാന ഘട്ട വോട്ടെടുപ്പു ദിവസമാണ് പ്രധാനമന്ത്രി മോഡിക്കെതിരായ പ്രചരണം ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തതെന്നും ശ്രദ്ധേയമാണ്. ഇന്ത്യയില്‍ ഏതാനും ആഴ്ചകളായി ഓക്‌സിജന്‍ കിട്ടാതെ ആളുകള്‍ കൂട്ടമായി മരിച്ചുവീഴുന്നതിലേക്കു നയിച്ചത് കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ മോഡി സര്‍ക്കാര്‍ പരാജയപ്പെട്ടതാണെന്ന റിപോര്‍ട്ടുകള്‍ക്കു പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ മോഡി രാജിവെക്കണമെന്ന പ്രചരണം ശക്തമായിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളും പല സംസ്ഥാന സര്‍ക്കാരുകളും സമൂഹ മാധ്യമങ്ങളും കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തുണ്ട്. 

കോവിഡ് രണ്ടാം തരംഗ കൂടുതല്‍ രൂക്ഷമാകാന്‍ തുടങ്ങിയ ഘട്ടത്തില്‍ മോഡി സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള ട്വീറ്റുകള്‍ വര്‍ധിച്ചതോടെ ഇവ നീക്കണമെന്ന് സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെടുകയും ഇത് ട്വിറ്റര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഫെയ്‌സ്ബുക്കിലും സര്‍ക്കാര്‍ വിമര്‍ശന പോസ്റ്റുകള്‍ക്ക് വിലക്ക് വന്നത്.

Latest News