ജനീവ- കൊറോണ വൈറസിന്റെ ഇന്ത്യന്‍ സ്‌ട്രെയ്‌നായ B.1.617 എന്ന ഇരട്ടവ്യതിയാനം സംഭവിച്ച വൈറസ് ലോകത്തൊട്ടാകെ 17 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന തീവ്ര കോവിഡ് വ്യാപനത്തിനു കാരണവും ഈ വൈറസ് വകഭേദമാണെന്ന് സംശയിക്കപെടുന്നുണ്ട്. ലോകാരോഗ്യ സംഘടന പ്രാധാന്യത്തോടെ കാണുന്ന വകഭേദങ്ങളുടെ പട്ടികയില്‍ ഈ ഇന്ത്യന്‍ സ്‌ട്രെയ്‌നും ഉള്‍പ്പെടുത്തി.1200ലേറെ സീക്വന്‍സുകളാണ് ഏപ്രില്‍ 27 വരെ വൈറസുകളുടെ ആഗോള ജെനോമിക് ഡേറ്റാ ശേഖരമായ ജിഐഎസ്എഐഡിയില്‍ ചേര്‍ത്തത്. ഇവയിലേറേയും ഇന്ത്യ, യുഎസ്. യുകെ, സിംഗപൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളതാണ്. ഇന്ത്യന്‍ സ്‌ട്രെയ്‌നായ B.1.617 വകഭേദം പല ഉപവകഭേദങ്ങളും ഉള്‍പ്പെട്ട വൈറസാണെന്നും ലോകാരോഗ്യ സംഘടനാ റിപോര്‍ട്ടില്‍ പറയുന്നു.
കൊറോണയുടെ ഇന്ത്യന്‍ വകഭേദം ഈയിടെയാണ് റിപോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ വ്യാപിച്ച മറ്റു കൊറോണ വൈറസ് വകഭേദത്തേക്കാള്‍ വ്യാപന വേഗവും രൂക്ഷതയുടെ കൂടിയ ഇനമാണ് പുതിയ ഇന്ത്യന്‍ വകഭേദമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍ പലനഗരങ്ങളിലും ജനിതക സ്വീക്വന്‍സിങ് നടത്തിയ വൈറസ് സാംപിളുകളില്‍ പകുതിയും പുതിയ ഇന്ത്യന്‍ വകഭേദമാണെന്ന് കണ്ടെത്തിയിരുന്നതായി നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ സുജീത് സിങ് നേരത്തെ പറഞ്ഞിരുന്നു.






