Sorry, you need to enable JavaScript to visit this website.

കോവിഡ് കേസുകള്‍ പുതിയ റെക്കോര്‍ഡിട്ട ബംഗാളില്‍ അന്തിമഘട്ട പോളിങ് തുടങ്ങി

കൊല്‍ക്കത്ത- പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ എട്ടാമത്തേയും അവസാനത്തേയും ഘട്ട വോട്ടെടുപ്പ് ഇന്നാരംഭിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് ഇന്നത്തെ വോട്ടെടുപ്പ്. മാള്‍ഡ, മുര്‍ശിദാബാദ്, ബിര്‍ഭൂം, കൊല്‍ക്കത്ത ജില്ലകളിലായി 35 സീറ്റുകളിലായാണ് അവസാനഘട്ട പോളിങ്. മാള്‍ഡയില്‍ ആറ്, മുര്‍ശിദാബാദിലും ബിര്‍ഭൂമിലും 11 വീതവും കൊല്‍ക്കത്തയില്‍ ഏഴും മണ്ഡലങ്ങളിലായി 11,860 ബൂത്തുകളിലാണ് ഇന്നത്തെ വോട്ടെടുപ്പ്. 283 സ്ഥാനാര്‍ത്ഥികളുടെ ജനവിധിയാണ് ഇന്ന് നിര്‍ണയിക്കപ്പെടുക.

ഈ മേഖലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടമുണ്ടാക്കിയിരുന്നു. 2016ല്‍ ഒരു സീറ്റ് മാത്രം നേടിയ ബിജെപി ഇവിടെ 11 നിയമസഭാ മണ്ഡലങ്ങളില്‍ ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നുണ്ട്. ബിജെപി വോട്ടു ശതമാനം 11.5ല്‍ നിന്ന് 31 ശതമാനമായി ഉയര്‍ന്നിട്ടുമുണ്ട്. 2016ല്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് 17 സീറ്റുമായി ഇവിടെ മുന്നിലെത്തിയിരുന്നത്. 2019ല്‍ ഇത് 19 ആയി മെച്ചപ്പെടുത്താനും അവര്‍ക്കായിരുന്നു.  തൃണമൂലിന്റെ വോട്ട് ശതമാനവും ഉയര്‍ന്നിട്ടുണ്ട്.

കോവിഡ് വ്യാപനവും അവസാനഘട്ട വോട്ടെടുപ്പിനെ ബാധിച്ചിട്ടുണ്ട്. ഒരു സ്ഥാനാര്‍ത്ഥ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മറ്റൊരു സ്ഥാനാര്‍ത്ഥി ചികിത്സയിലാണ്. മാള്‍ഡയിലെ ബയ്‌സാബ്‌നഗര്‍ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കോവിഡ് ബാധിച്ച് മരിച്ചെങ്കിലും ഇവിടേയും പോളിങ് നടക്കുന്നുണ്ട്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ മരിച്ചാല്‍ മാത്രമെ വോട്ടെടുപ്പ് മാറ്റിവെക്കൂ എന്നാണ് ചട്ടം. ഇംഗ്ലീഷ്ബസാര്‍ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീരൂപ മിത്ര ചൗധരി കോവിഡ് ബാധിച്ച് ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കാജല്‍ സിന്‍ഹയുടെ ഭാര്യ നന്ദിത സിന്‍ഹ തെരഞ്ഞെടുപ്പു കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസ് നല്‍കിയിട്ടുണ്ട്. 
 
ബംഗാളില്‍ കഴിഞ്ഞ ദിവസം 17,207 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതില്‍ 3821 കേസുകളും കൊല്‍ക്കത്തയിലാണ്. 70 പേര്‍ മരിക്കുകയും ചെയ്തു. 

Latest News