ബിഹാറില്‍ മാവോയിസ്റ്റുകള്‍ റെയില്‍വെ ഉദ്യോഗസ്ഥരെ തടങ്കലിലാക്കി 

പട്‌ന- ബിഹാറിലെ മാസുദന്‍ റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ച മാവോയിസ്റ്റുകള്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ച അര്‍ധരാത്രി സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയ സംഘം  ഭീകരാന്തരീഷം സൃഷ്ടിക്കുകയും സ്റ്റേഷനിലെ ഉപകരണങ്ങള്‍ നശിപ്പിക്കുകയുമായിരുന്നു. 
മാസുദന്‍ ട്രാക്കില്‍ ട്രെയിന്‍ സര്‍വീസ് തുടര്‍ന്നാല്‍ രണ്ടു ഉദ്യോഗസ്ഥരെയും കൊന്നുകളയുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് ട്രെയില്‍ സര്‍വീസ് നിര്‍ത്തുകയും യാത്രക്കാരോട് മറ്റ് സംവിധാനങ്ങളെ ആശ്രയിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന മേഖലയാണിത്. റെയില്‍വേ സ്റ്റേഷന്‍, മൊബൈല്‍ ടവര്‍, മറ്റ് ഓഫീസുകള്‍ എന്നിവടങ്ങളില്‍ മുമ്പും ആക്രമണം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒഡീഷയിലെ റെയില്‍വേ സ്റ്റേഷനില്‍ മാവോവാദികള്‍ ആക്രമണം നടത്തിയിരുന്നു.


 

Latest News