സൗദി അറാംകോ ഓഹരി വാങ്ങാനൊരുങ്ങി പ്രമുഖ ചൈനീസ് നിക്ഷേപകര്‍

റിയാദ്- സൗദി അറാംകോയില്‍ നിക്ഷേപിക്കാനൊരുങ്ങി ചൈനീസ് നിക്ഷേപകര്‍. പ്രമുഖ ചൈനീസ് നിക്ഷേപകര്‍ ഇതുസംബന്ധിച്ച ചര്‍ച്ചയിലാണെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയുടെ ഓഹരി അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് നല്‍കുമെന്ന് അറാംകോ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആഗോള ഊര്‍ജ കമ്പനിക്ക് അറാംകോയുടെ ഒരു ശതമാനം ഓഹരി നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ചയിലാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കഴിഞ്ഞ ദിവസം സൗദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനകം അന്താരാഷ്ട്ര നിക്ഷേപകര്‍ക്കടക്കം സൗദി അറാംകോയുടെ ഓഹരികള്‍ വില്‍ക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
അറാകോയുടെ ഒരു ശതമാനം ഓഹരിക്ക് നിലവില്‍ 1900 കോടി ഡോളറാണ് വില.
ചര്‍ച്ച നടത്തുന്ന നിക്ഷേപകരില്‍ ചൈനയുടെ നിക്ഷേപ ഫണ്ടായ ചൈന ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷനും ഉള്‍പ്പെടുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News