ലഖ്‌നൗ- ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഗ്രാമവാസികള്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മൃതദേഹവുമായി സൈക്കിളില്‍ മണിക്കൂറുകളോളം അലഞ്ഞ് വയോധികന്‍. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലാണ് ദാരുണമായ സംഭവം. തിലക്ധാരി സിംഗ് എന്ന വൃദ്ധനാണ് തന്റെ ഭാര്യ രാജ്കുമാരിയുടെ മൃതദേഹവുമായി അലഞ്ഞത്. ഏറെ നാളായി അസുഖബാധിതയായ രാജ്കുമാരിയിലെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ച് ഭാര്യ മരണപ്പെട്ടു. തുടര്‍ന്ന് ആംബുലന്‍സില്‍ തിലക്ധാരി ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഗ്രാമത്തിലേക്ക് കൊണ്ടുവന്നു. കോവിഡ് ഭീതി മൂലം സംസ്‌കാരം നടത്താന്‍ ഗ്രാമത്തിലുള്ളവര്‍ അനുവദിച്ചില്ല. സംസ്‌കാര ചടങ്ങിന് സഹായിക്കണമെന്ന് പ്രദേശത്തുള്ളവരോട് അഭ്യര്‍ത്ഥിച്ചെങ്കിലും കോവിഡ് ഭീതി കാരണം ആരും തയ്യാറായില്ല. തുടര്‍ന്ന് മൃതദേഹം സൈക്കിളില്‍ കയറ്റി ശ്മശാനത്തില്‍ എത്തിച്ചു. ഗ്രാമവാസികള്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയതോടെ ഏറെ നേരം ഭാര്യയുടെ മൃതദേഹം സൈക്കിളില്‍ കിടത്തി ഇയാള്‍ക്ക് അലയേണ്ടി വന്നു. തുടര്‍ന്ന് സംഭവമറിഞ്ഞ് റാംഖണ്ഡ് പോലീസെത്തി മൃതദേഹം കൊണ്ടുപോകാന്‍ വാഹനം എത്തിക്കുകയും മറ്റൊരു ശ്മശാനത്തില്‍ എത്തിച്ച് സംസ്‌കരിക്കുകയും ചെയ്തു. മരണപ്പെട്ട സ്ത്രീ കോവിഡ് പോസിറ്റീവ് ആയിരുന്നോ എന്നത് വ്യക്തമല്ല.