കൽപറ്റ - വോട്ടെണ്ണലിനു മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെ വയനാട്ടിൽ പ്രതീക്ഷ കൈവിടാതെ എൽ.ഡി.എഫും യു.ഡി.എഫും. ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും വിജയിച്ച് ചരിത്രം രചിക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇടതു മുന്നണി.
ജില്ലയിൽ എൽ.ഡി.എഫ് ടിക്കറ്റിൽ മത്സരിച്ച ഒരാൾപോലും നിയമസഭയിലെത്തില്ലന്ന വാദം തിരുത്താൻ യു.ഡി.എഫും തയാറല്ല. അതേസമയം അസ്വാസ്ഥ്യത്തിലാണ് ബി.ജെ.പി ജില്ലാ നേതൃത്വം. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ചു മണ്ഡലങ്ങളിൽ എൻ.ഡി.എ വോട്ടിൽ ഗണ്യമായ കുറവുണ്ടായാൽ പാർട്ടി സംസ്ഥാന നേതൃത്വത്തിനു എന്തു വിശദീകരണം നൽകുമെന്ന ആകുലതയിലാണ് ജില്ലാ നേതാക്കൾ.
കൽപറ്റ, മാനന്തവാടി, ബത്തേരി എന്നിവയാണ് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ. ഇതിൽ ബത്തേരിയും മാനന്തവാടിയും പട്ടികവർഗ സംവരണ മണ്ഡലങ്ങളാണ്. കൽപറ്റയിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ്, ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായ എം.വി. ശ്രേയാംസ്‌കുമാർ, ബി.ജെ.പി നിയോജകണ്ഡലം പ്രസിഡന്റ് ടി.എം. സുബീഷ് എന്നിവരാണ് സ്ഥാനാർഥികളിൽ പ്രമുഖർ. ബത്തേരിയിൽ സിറ്റിംഗ് എം.എൽ.എയുമായ ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ, കെ.പി.സി.സി സെക്രട്ടറി പദം രാജിവെച്ചു സി.പി.എമ്മിലെത്തിയ എം.എസ്. വിശ്വനാഥൻ, ജനാധിപത്യ രാഷ്ട്രീയസഭ സംസ്ഥാന അധ്യക്ഷ സി.കെ. ജാനു എന്നിവരാണ് ജനവിധി തേടിയത്.
മാനന്തവാടിയിൽ മത്സരിച്ചതിൽ സിറ്റിംഗ് എം.എൽ.എയുമായ സി.പി.എമ്മിലെ ഒ.ആർ. കേളു, മുൻ മന്ത്രിയായ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.കെ. ജയലക്ഷ്മി, പട്ടികവർഗ മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറ എന്നിവരാണ് പ്രധാനികൾ.
എൻ.ഡി.എയ്ക്കു സ്ഥാനാർഥി ഉണ്ടായിട്ടും ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും ത്രികോണ മത്സരത്തിന്റെ ആരവം ഉയർന്നിരുന്നില്ല. ഫലത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് നേർക്കുനേർ പോരാട്ടമാണ് നടന്നത്. കഴിഞ്ഞ നിയമസഭ, തദ്ദേശ സ്ഥാപന തെരഞ്ഞടുപ്പുകളുടെ ഫലം വിശകലനം ചെയ്തും ഇത്തവണ പ്രചാരണകാലത്തു സമ്മതിദായകരിൽനിന്നു പൊതുവെ ഉണ്ടായ പ്രതികരണങ്ങൾ വിലയിരുത്തിയും പോളിംഗ് ദിനത്തിലും തലേന്നുമുണ്ടായ അടിയൊഴുക്കുകളെക്കുറിച്ചു നിഗമനങ്ങളിലെത്തിയുമാണ് ഇടതു, വലതു മുന്നണികളുടെ അവകാശവാദങ്ങൾ.
മാനന്തവാടി മണ്ഡലം കോൺഗ്രസിലെ പി.കെ. ജയലക്ഷ്മി തിരിച്ചുപിടിക്കുമെന്നതിൽ യു.ഡി.എഫ് നേതാക്കൾക്കു സന്ദേഹമില്ല. മാനന്തവാടി മുനിസിപ്പാലിറ്റിയും തിരുനെല്ലി, എടവക, വെള്ളമുണ്ട, തവിഞ്ഞാൽ, തൊണ്ടർനാട്, പനമരം പഞ്ചായത്തുകളും അടങ്ങുന്നതാണ് മാനന്തവാടി മണ്ഡലം. ഇതിൽ വെള്ളമുണ്ട, പനമരം, എടവക, തവിഞ്ഞാൽ പഞ്ചായത്തുകളിൽ യു.ഡി.എഫിനു വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകുമെന്നു യു.ഡി.എഫ് നേതാക്കൾ കരുതുന്നു. മുനിസിപ്പാലിറ്റിയിലും തൊണ്ടർനാടിലും എൽ.ഡി.എഫിനു ഒപ്പം നിൽക്കുമെന്നും തിരുനെല്ലിയിൽ ഇടതുമുന്നണിയുടെ ഭൂരിപക്ഷം കുറയുമെന്നും അവർ പറയുന്നു. എന്നാൽ മണ്ഡലം ഒ.ആർ.കേളു നിലനിർത്തുമെന്ന വിശ്വാസത്തിലാണ് ഇടതുമുന്നണി. മുനിസിപ്പാലിറ്റിയിലും തിരുനെല്ലി, തൊണ്ടർനാട്, പഞ്ചായത്തുകളിലും ലഭിക്കുന്ന മെച്ചപ്പെട്ട ഭൂരിപക്ഷം മറ്റു പഞ്ചായത്തുകളിൽ യു.ഡി.എഫ് നേടാനിടയുള്ള മേൽക്കോയ്മയുടെ നിറംകെടുത്താൻ പര്യാപ്തമാകുമെന്നാണ് എൽ.ഡി.എഫ് നേതാക്കളുടെ അനുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുനെല്ലി, തൊണ്ടർനാട്, വെളളമുണ്ട പഞ്ചായത്തുകളാണ് എൽ.ഡി.എഫിനു ലഭിച്ചത്. യു.ഡി.എഫിനായിരുന്നു മറ്റു തദ്ദേശ സ്ഥാപനങ്ങളിൽ വിജയം.
ബത്തേരി മണ്ഡലത്തിൽ കോൺഗ്രസിലെ ഐ.സി. ബാലകൃഷ്ണൻ ഹാട്രിക് വിജയം നേടുമെന്ന നിഗമനത്തിലാണ് യു.ഡി.എഫ്. പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി, നെൻമേനി പഞ്ചായത്തുകളിൽ അംഗബലത്തിൽ വലതുമുന്നണി പണ്ടേ മുന്നിലാണ്. ഇതാണ് യു.ഡി.എഫിന്റെ പ്രതീക്ഷയ്ക്കു ആധാരം. ബത്തേരി മുനിസിപ്പാലിറ്റിയും നൂൽപ്പുഴ, അമ്പലവയൽ, മീനങ്ങാടി പഞ്ചായത്തുകളുമാണ് മണ്ഡലത്തിലെ മറ്റു തദ്ദേശ സ്ഥാപനങ്ങൾ.
ഇതിൽ മീനങ്ങാടിയിലും അമ്പലവയലിലും മാത്രമേ എൽ.ഡി.എഫ് മുന്നിലെത്തൂവെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നു. എന്നാൽ പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിൽ അടിയൊഴുക്കുകൾ ഉണ്ടായെന്നും ഇതു ഗുണം ചെയ്യുമെന്നുമാണ് എൽ.ഡി.എഫിന്റെ അനുമാനം. പുൽപള്ളിയിലും മുള്ളൻകൊല്ലിയിലും 70 ൽ ചുവടെയായിരുന്നു ഇക്കുറി പോളിംഗ് ശതമാനം. ബത്തേരി മുനിസിപ്പാലിറ്റിക്കു പുറമേ മീനങ്ങാടി, അമ്പലവയൽ, നൂൽപ്പുഴ പഞ്ചായത്തുകളിലും എൽ.ഡി.എഫ് ലീഡ് പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബത്തേരി മുനിസിപ്പാലിറ്റിയും അമ്പലവയൽ പഞ്ചായത്തും ഒഴികെ തദ്ദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫിനായിരുന്നു വിജയം.
കൽപറ്റ നഗരസഭയും പൊഴുതന, വെങ്ങപ്പള്ളി, മുട്ടിൽ, തരിയോട്, വൈത്തിരി, മൂപ്പൈനാട്, കോട്ടത്തറ, പടിഞ്ഞാറത്തറ, മേപ്പാടി, കണിയാമ്പറ്റ പഞ്ചായത്തുകളും അടങ്ങുന്നതാണ് കൽപറ്റ മണ്ഡലം. ഇതിൽ മുട്ടിൽ, മൂപ്പൈനാട്, പടിഞ്ഞാറത്തറ, കണിയാമ്പറ്റ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് വ്യക്തമായ ലീഡ് പ്രതീക്ഷിക്കുന്നത്. വൈത്തിരി, പൊഴുതന, കോട്ടത്തറ, വെങ്ങപ്പള്ളി പഞ്ചായത്തുകൾ എൽ.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളാണ്.
കൽപറ്റ മുനിസിപ്പാലിറ്റിയിലും തരിയോട് പഞ്ചായത്തിലും എൽ.ഡി.എഫും മേപ്പാടി പഞ്ചായത്തിൽ യു.ഡി.എഫും ലീഡ് കണക്കുകൂട്ടുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ പൊഴുതന, വെങ്ങപ്പള്ളി, വൈത്തിരി പഞ്ചായത്തുകൾ എൽ.ഡി.എഫിനൊപ്പമാണ് നിന്നത്.
ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും ബി.ജെ.പി വോട്ട് മുഴുവനായും എൻ.ഡി.എ സ്ഥാനാർഥികൾക്കു ലഭിച്ചില്ലെന്ന പ്രചാരണം ശക്തമാണ്. ബി.ജെ.പി ജില്ലാ നേതൃത്വം നിഷേധിക്കുന്നുണ്ടെങ്കിലും വോട്ട് ചോർച്ച ഉണ്ടായെന്നു അടക്കം പറയുന്നവർ അണികളിൽ നിരവധിയാണ്.
ബി.ജെ.പി വോട്ടിൽ കുറേ കൽപറ്റയിൽ എൽ.ഡി.എഫിനും മാനന്തവാടിയിലും ബത്തേരിയിലും യു.ഡി.എഫിനും അനുകൂലമായി മറിഞ്ഞെന്നാണ് പ്രചാരണം.