Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തെരഞ്ഞെടുപ്പ്: പത്തനംതിട്ടയിൽ  വ്യാപക ക്രമക്കേടെന്ന് കോൺഗ്രസ്‌

പത്തനംതിട്ട - നിയമസഭാ തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിൽ പത്തനംതിട്ട ജില്ലയിൽ ഗുരുതരമായ ചട്ടലംഘനങ്ങളും വ്യാപകമായ ക്രമക്കേടുകളും നടന്നതായി ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് പത്രസമ്മേളനത്തിൽ ആരോപിച്ചു.
വോട്ടർ പട്ടികയിലെ ഇരട്ടിപ്പുകൾ ചൂണ്ടിക്കാട്ടി ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടും മറുപടി നൽകുന്നതിനോ പരാതിയെപ്പറ്റി അന്വേഷണം നടത്തുന്നതിനോ തയാറായിട്ടില്ല.
തെരഞ്ഞെടുപ്പ് നടക്കുന്നത് വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാണെന്നിരിക്കേ ആരൊക്കെയാണ് വോട്ടർമാർ എന്നറിയാൻ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും അവകാശമുണ്ട്. എന്നാൽ ജില്ലയിൽ വോട്ടേഴ്‌സ് ലിസ്റ്റ് ഭരണകൂടം രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി പരാതി നൽകിയിട്ടും മറുപടി നൽകിയില്ല. 
റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിൽ പ്രതിഷേധം നടത്തിയപ്പോൾ നമ്പർ മാത്രം നൽകുകയും വിശദവിവരങ്ങൾ മറച്ചുവെക്കുകയും ചെയ്തു. 


ഫെസിലിറ്റേഷൻ സെന്ററിൽ വോട്ട് ചെയ്തവർക്ക് വീണ്ടും ബാലറ്റ് അയച്ചത് തെളിവുകൾ സഹിതം ബോധ്യപ്പെടുത്തിയിട്ടും മറുപടി നൽകിയില്ല. അവസാനം മൂന്നെണ്ണം സമ്മതിക്കേണ്ടി വന്നു. ബാലറ്റ് അയച്ചതിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്റർ ഇപ്പോഴും ജില്ലയിൽ രഹസ്യമാണ്. ആര് വോട്ട് ചെയ്തു, എത്ര പേർ വോട്ട് ചെയ്യാനുണ്ട് ഇതൊക്കെ രഹസ്യമാണെന്നാണ് ഭരണകൂടം പറയുന്നത്. എന്നാൽ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ എല്ലാ വിവരവും ലഭിക്കുന്നുണ്ടായിരുന്നു.


എത്ര ബാലറ്റടിച്ചു, എത്ര ഉപയോഗിച്ചു, എത്ര എണ്ണം ഉപയോഗിച്ചില്ല എന്നുള്ള കണക്ക് ആവശ്യപ്പെട്ടിട്ടും മറുപടി ഇല്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേതിനു സമാനമായ ക്രമക്കേടുകൾ നടന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്ക് രജിസ്റ്റേർഡ് തപാലിൽ പരാതി അയച്ചിട്ടും അവരും നിശ്ശബ്ദത പാലിക്കുന്നു. ഇതെല്ലാം ഇലക്ഷൻ കമ്മീഷന്റെ സമ്പൂർണ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ബാബു ജോർജ് പറഞ്ഞു.
എൻ.ജി.ഒ യൂനിയൻ നിയന്ത്രിച്ച വരണാധികാരികൾ, ഉദ്യോഗസ്ഥർ നീതി ഉറപ്പാക്കിയില്ല. സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റിന്റെ വിനിയോഗം, വോട്ടെടുപ്പ് സൂക്ഷിക്കൽ ഇവ സുതാര്യമായിരുന്നില്ല. ഉദ്യോഗസ്ഥർ തന്നെ വോട്ട് കുത്തിയതായി ആക്ഷേപം ഉണ്ട്. പല ബാലറ്റുകളും വാഹനത്തിൽ വെച്ച് മാറ്റിയിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്രയും അഴിമതി നടന്ന തെരഞ്ഞെടുപ്പ് നടത്തിപ്പ് ജില്ലയിൽ ഉണ്ടായിട്ടില്ലെന്നും ബാബു ജോർജ് പറഞ്ഞു.
പത്രസമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കാട്ടൂർ അബ്ദുൾ സലാം, സോജി മെഴുവേലി എന്നിവർ പങ്കെടുത്തു.

 

Latest News