റിയാദ്- സൗദി അറേബ്യയുടെ ഭരണഘടന വിശുദ്ധ ഖുർആനാണെന്നും അത് എക്കാലവും അങ്ങനെ തന്നെ തുടരുമെന്നും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. സൗദി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെ ഏറ്റവും മികച്ച 200 സര്‍വകലാശാലകളില്‍ സൗദിയില്‍ നിന്നുള്ള മൂന്നു യൂനിവേഴ്‌സിറ്റികള്‍ ഇടംപിടിക്കണമെന്ന് വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നു. സൗദി പൗരന്മാര്‍ക്ക് വിദ്യാഭ്യാസവും ചികിത്സയും സൗജന്യമാണ്. ഇക്കാര്യം ഭരണത്തിന്റെ അടിസ്ഥാന നിയമത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു ഭാഗം സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കമുണ്ട്. ആശുപത്രികള്‍ സ്വകാര്യവല്‍ക്കരിച്ചാലും മെഡിക്കല്‍ ഇന്‍ഷുറന്‍സ് വഴി പൗരന്മാര്‍ക്കുള്ള സൗജന്യ ചികിത്സ തുടരും.
2030 ഓടെ വ്യവസായ മേഖലക്ക് 30 ലക്ഷം ബാരല്‍ എണ്ണ നല്‍കാന്‍ സൗദി അറാംകൊക്ക് സാധിക്കുന്ന നിലക്ക് വ്യവസായ മേഖലയില്‍ പരിവര്‍ത്തനങ്ങളുണ്ടാകണമെന്നാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്. രാജ്യത്തെ മുഴുവന്‍ വിഭവങ്ങളും പ്രയോജനപ്പെടുത്താന്‍ ഇത് സഹായകമാകും. വിഷന്‍ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം നാലു വര്‍ഷത്തിനുള്ളില്‍ സ്വന്തമായി വീടുള്ള സൗദി പൗരന്മാരുടെ അനുപാതം 60 ശതമാനമായി ഉയര്‍ന്നതായും കിരീടാവകാശി പറഞ്ഞു.