റിയാദ് - മതിയായ കഴിവില്ലാത്ത മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യം മൂലം 2015 ല്‍ സൗദി അറേബ്യ വലിയ പ്രതിസന്ധിയാണ് നേരിട്ടിരുന്നതെന്ന് കിരിടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സൗദി ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്ത്രപ്രധാന ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ഇത്തരം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യം സഹായകമായിരുന്നില്ല. 2015 ല്‍ 80 ശതമാനം മന്ത്രിമാരും കഴിവില്ലാത്തവരായിരുന്നു. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനു കീഴിലെ ചെറിയ കമ്പനിയില്‍ പോലും നിയമിക്കപ്പെടാന്‍ ഇവര്‍ യോഗ്യരായിരുന്നില്ല.
ഡെപ്യൂട്ടി മന്ത്രിമാരും അണ്ടര്‍ സെക്രട്ടിമാരുമെല്ലാം ഇതേപോലെ ഏറെക്കുറെ മുഴുവനായും കഴിവു കെട്ടവരായിരുന്നു. കഴിവുകളുടെയും പ്രാപ്തികളുടെയും അടിസ്ഥാനത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ തരംതിരിച്ചപ്പോള്‍ 90 ശതമാനവും ചുവപ്പ്, മഞ്ഞ വിഭാഗത്തിലും പത്തു ശതമാനം പച്ച വിഭാഗത്തിലുമായിരുന്നു. പതിവ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന ജോലിയാണ് ഇവരില്‍ ഭൂരിഭാഗവും നിര്‍വഹിച്ചിരുന്നത്. ഭാവിയിലെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന നിലയില്‍ തന്ത്രപരവും ആസൂത്രണപരവുമായ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ നടത്തിയിരുന്നില്ല. മികച്ച മന്ത്രിസഭയും റോയല്‍ കോര്‍ട്ടും ഗവണ്‍മെന്റും ഇല്ലാതെ പൗരന്മാരുടെ പ്രതീക്ഷക്കൊത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.