Sorry, you need to enable JavaScript to visit this website.

VIDEO ഇത് നിങ്ങളുടെ വീട്ടിലെ അവസാനത്തെ കല്യാണമാകരുത്, വൈറലായി ഡോ.മുഹമ്മദ് അഷീലിന്‍റെ വീഡിയോ

തൃശൂര്‍ - കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച് കല്യാണത്തിനു പോകുന്നവരും ആള്‍ക്കൂട്ടമുണ്ടാകുന്ന ചടങ്ങുകള്‍ സൃഷ്ടിക്കുന്നവരും ഏഴു മിനുറ്റ് ഒന്നു മാറ്റിവെക്കുക.  കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീലിന്റെ വികാരഭരിതമായ കോവിഡ് മുന്നറിയിപ്പ് വീഡിയോ ഒന്നു കാണുക.


ഇന്നേവരെ നടത്തിയ ബോധവത്കരണങ്ങള്‍ പോലെയല്ല അഷീലിന്റെ ഈ വീഡിയോ. അമ്പതു പേരായി കല്യാണം ചുരുക്കണമെന്ന നിര്‍ദ്ദേശം വന്നപ്പോള്‍ അമ്പതില്‍ കൂടിയാല്‍ പ്രശ്‌നമുണ്ടോ എന്നും മറ്റും ചിലര്‍ വിളിച്ചു ചോദിച്ചതിനെ  തുടര്‍ന്നാണ് അഷീല്‍ തന്റെ പുതിയ വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്.


ആര്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതെന്ന് സ്വയം ചിന്തിക്കണമെന്നും വീട്ടിലെ അവസാനത്തെ കല്യാണം നിങ്ങളുടെ അവസാനത്തെ കല്യാണമാകരുതെന്നും അഷീല്‍ സഹികെട്ട് പറയുന്നു. നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോള്‍ പലപ്പോഴും അഷീല്‍ വികാരഭരിതനായി നിയന്ത്രണം വിട്ടു പോകുന്നുണ്ട്. ക്ഷമിക്കണമെന്നും പറയാതിരിക്കാനാവാത്തതുകൊണ്ടാണ് പറയുന്നതെന്നും അഷീല്‍ തുടര്‍ന്ന് വ്യക്തമാക്കുന്നു.


ലോക്ഡൗണ്‍ ഉണ്ടെങ്കില്‍ മാത്രമേ വീട്ടിലിരിക്കൂ എന്ന ചിന്താഗതി മാറ്റണമെന്നും ഉത്തരേന്ത്യയേക്കാള്‍ ഭീകരമാണ് നമ്മുടെ അവസ്ഥയെന്നും അവിടത്തേക്കാള്‍ രോഗങ്ങളുള്ളവരാണ് കേരളത്തിലുള്ളവരെന്നും അതിനാല്‍ മാറ്റിവെക്കാന്‍ കഴിയുന്ന ചടങ്ങുകളെല്ലാം ഒരു മാസത്തേക്കെങ്കിലും മാറ്റിവെക്കണമെന്നും അഷീല്‍ പറയുന്നു. തെരഞ്ഞെടുപ്പു സമയത്തെ സ്ഥിതിയല്ല ഇപ്പോഴെന്നും അക്കാര്യം പറഞ്ഞുകൊണ്ടിരിക്കരുതെന്നും അഷീല്‍ പറയുന്നുണ്ട്.


എത്രയോ ആരോഗ്യപ്രവര്‍ത്തകര്‍ കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണെന്നും ഇവിടെയെന്തു സംഭവിച്ചാലും ഞങ്ങളടക്കമുള്ളവര്‍ക്ക് ശമ്പളം കിട്ടാതിരിക്കില്ലെന്നും എന്നാല്‍ ആളുകളെ മരണത്തിനു വിട്ടുകൊടുക്കാതെ സംരക്ഷിക്കാനാണ് രാവും പകലുമെന്നില്ലാതെ ഓരോരുത്തരും കഷ്ടപ്പെടുന്നതെന്ന് ഓര്‍ക്കണമെന്നും അഷീല്‍ വീഡിയോവിലൂടെ ചൂണ്ടിക്കാട്ടുന്നു. നിരവധി പേരാണ് അഷീലിന്റെ ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

Latest News