കട്ടക് - ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയിലെ അവസാന പാദമായ ട്വന്റി20 കൾ ബുധനാഴ്ച ആരംഭിക്കും. മൂന്നു മത്സര പരമ്പരക്കായി യുവ നിരയെയാണ് ഇന്ത്യ ഇറക്കുന്നത്. വിരാട് കോഹ്‌ലിയും ശിഖർ ധവാനും ഭുവനേശ്വർകുമാറും കളിക്കുന്നില്ല. മലയാളി താരം ബെയ്‌സിൽ തമ്പിയുൾപ്പെടെ നിരവധി യുവ താരങ്ങൾ ടീമിലുണ്ട്. ദീപക് ഹൂഡ, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യർ, ജയ്‌ദേവ് ഉനദ്കത് തുടങ്ങിയവരാണ് ഇന്ത്യക്കു വേണ്ടി അണിനിരക്കുക. ടെസ്റ്റ് പരമ്പര 1-0 നും ഏകദിന പരമ്പര 2-1 നും ഇന്ത്യ ജയിക്കുകയായിരുന്നു.
വെസ്റ്റിൻഡീസിനെതിരെ കിംഗ്സ്റ്റണിൽ നടന്ന ഏക ട്വന്റി20 തോറ്റതൊഴിച്ചാൽ 2017 ൽ ഒരു രൂപത്തിലുള്ള ക്രിക്കറ്റിലും ഇന്ത്യ പരമ്പര അടിയറ വെച്ചിട്ടില്ല. ആ റെക്കോർഡ് പൂർത്തിയാക്കി ഉജ്വല വർഷത്തിന് വിജയകരമായി തിരശ്ശീലയിടുകയെന്ന ദൗത്യമാണ് യുവനിരയുടെ ചുമലിൽ. അതേസമയം നിരവധി സീനിയർ താരങ്ങൾ ശ്രീലങ്കൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
സമീപകാലത്ത് ട്വന്റി20 യിൽ ഇന്ത്യയുടെ റെക്കോർഡ് അത്ര ഭദ്രമല്ല. പത്തു കളിയിൽ ആറെണ്ണമേ ജയിച്ചിട്ടുള്ളൂ. അതിനാൽ വലിയ പ്രതീക്ഷയോടെയാണ് ശ്രീലങ്ക പരമ്പരക്കൊരുങ്ങുന്നത്. പക്ഷെ കഴിഞ്ഞ അഞ്ച് ട്വന്റി20 യിലും ഇന്ത്യയോട് അവർ തോറ്റിട്ടുണ്ട്.
വാഷിംഗ്ടണും സിറാജും ഓരോ രാജ്യാന്തര മത്സരമേ കളിച്ചിട്ടുള്ളൂ. ബെയ്‌സിലിനും ദീപക് ഹൂഡക്കും അരങ്ങേറ്റമാണ്. ശ്രേയസ് നവംബറിലാണ് അരങ്ങേറിയത്. ഉനദ്കത് 2010 ഡിസംബറിൽ അരങ്ങേറിയ ശേഷം ഒമ്പത് രാജ്യാന്തര മത്സരങ്ങൾ മാത്രമാണ് കളിച്ചത്.
ശ്രേയസ് ഏകദിന പരമ്പരയിൽ അരങ്ങേറ്റത്തിന്റെ അസ്‌ക്യത ഇല്ലാതെയാണ് കളിച്ചത്. രണ്ട് അർധ ശതകങ്ങൾ നേടി. ആ ആത്മവിശ്വാസം ട്വന്റി20 യിലും ആവർത്തിക്കുമോയെന്നാണ് അറിയേണ്ടത്. ഏകദിന പരമ്പരയിൽ വിട്ടുനിന്ന കെ.എൽ രാഹുൽ തിരിച്ചെത്തുന്നുണ്ട്. ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം രാഹുലാവും ഇന്നിംഗ്‌സ് തുടങ്ങുക. ജസ്പ്രീത് ബുംറക്കൊപ്പം ബെയ്‌സിലോ സിറാജോ ഉനദ്കത്തോ ബൗളിംഗ് ഓപൺ ചെയ്യും. പാക്കിസ്ഥാനെതിരായ പരമ്പരയിൽ സുരക്ഷാ ഭീതി കാരണം പങ്കെടുക്കാൻ വിസമ്മതിച്ച നിരവധി സീനിയർ കളിക്കാർ ശ്രീലങ്കൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
കട്ടക്കിൽ ഒരു ട്വന്റി20 യേ ഇതുവരെ നടന്നിട്ടുള്ളൂ. ദക്ഷിണാഫ്രിക്ക 92 ന് ഇന്ത്യയെ പുറത്താക്കി. ആറു വിക്കറ്റിന്റെ അനായാസ വിജയം പൂർത്തിയാക്കി. കാണികൾ കളി അലങ്കോലപ്പെടുത്തുന്നതിനും അന്ന് കട്ടക് സാക്ഷിയായി. അതിനു മുമ്പും പിമ്പും ഏകദിനങ്ങളിൽ ശ്രീലങ്കക്കും ഇംഗ്ലണ്ടിനുമെതിരെ ഇവിടെ ഇന്ത്യ 350 നു മേൽ സ്‌കോർ ചെയ്തിട്ടുണ്ട്.






