Sorry, you need to enable JavaScript to visit this website.
Saturday , April   01, 2023
Saturday , April   01, 2023

ദല്‍ഹിയില്‍ മൃതദേഹങ്ങള്‍ കൂടുന്നു; പാര്‍ക്കുകളും പാര്‍ക്കിംഗ് ഏരിയകളും ശ്മശാനമാക്കി 

ന്യൂദല്‍ഹി-കോവിഡ് മരണനിരക്ക് ദിനംപ്രതി ഉയരുന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാതെ ദല്‍ഹി. പ്രതിദിനം മൂന്നൂറിലധികം പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് ബാധിച്ച് ദല്‍ഹിയില്‍ മരണപ്പെട്ടത്.ഇതോടെ ദല്‍ഹിയിലെയും പരിസര പ്രദേശങ്ങളിലെയും പാര്‍ക്കുകളും വാഹന പാര്‍ക്കിംഗ് ഏരിയകളും താല്‍ക്കാലിക ശ്മശാനങ്ങളാക്കി സര്‍ക്കാര്‍ മാറ്റി. ഡല്‍ഹിയിലെ ശ്മശാനങ്ങളില്‍ ഒരു ദിവസം സംസ്‌ക്കരിക്കാന്‍ ഉള്ള മൃതദേഹങ്ങളെക്കാള്‍ ഇരട്ടിയാണ് നിലവില്‍ പല ശ്മശാനങ്ങളിലും ഓരോ ദിവസവും സംസ്‌ക്കരിക്കുന്നത്.
ഏകദേശം 22 മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മാത്രം ശേഷിയുള്ള ദല്‍ഹിയിലെ സരായ് കാലേ കാന്‍ ശ്മശാനത്തില്‍ തിങ്കളാഴ്ച മാത്രം സംസ്‌കരിച്ചത് 60 മുതല്‍ 70 മൃതദേഹങ്ങളാണ്.
സംസ്‌കരിക്കാന്‍ ആവശ്യമായ 100 പ്ലാറ്റ്‌ഫോമുകല്‍ കൂടി നിര്‍മ്മിക്കേണ്ടി വരുമെന്ന് ശ്മശാനത്തിലെ ജീവനക്കാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ക്കുകളും പാര്‍ക്കിംഗ് ഏരിയകളും ശ്മശാനമാക്കി മാറ്റിയത്. ഇതിനിടെ സംസ്‌കരിക്കാനാവാശ്യമായ വിറകിനും ഡല്‍ഹിയില്‍ ക്ഷാമമുണ്ട്. പലയിടത്തും പി.പി.ഇ കിറ്റുകള്‍ പോലുമില്ലാതെയാണ് ശ്മശാനത്തിലെ ജോലിക്കാര്‍ ജോലി ചെയ്യുന്നത്.
ദല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആയിരത്തിലധികം കോവിഡ് മരണങ്ങള്‍ സര്‍ക്കാരിന്റെ ഒരു ഔദ്യോഗിക രേഖയിലും പെടാതെ പോയിട്ടുണ്ടെന്ന് എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ഏപ്രില്‍ 18 നും ഏപ്രില്‍ 24 നും ഇടയില്‍ കോവിഡ് ബാധിച്ച് മരിച്ച 3,096 രോഗികളുടെ ശവസംസ്‌കാരം നടത്തിയതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതേ കാലയളവില്‍ ഡല്‍ഹി സര്‍ക്കാര്‍ പുറത്തുവിട്ട മൊത്തം കോവിഡ് മരണങ്ങളുടെ എണ്ണം 1,938 ആണ്.


 

Latest News