ബാഴ്‌സലോണ - സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ കഴിഞ്ഞ സീസണിലെ മികച്ച കളിക്കാരനുള്ള ആൽഫ്രഡൊ ഡി സ്റ്റെഫാനൊ അവാർഡ് ലിയണൽ മെസ്സി ഏറ്റുവാങ്ങി. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്കായി മെസ്സി ലീഗിൽ 37 ഗോളടിച്ചിരുന്നു. അഞ്ചാം തവണയാണ് ഈ ബഹുമതി മെസ്സി കരസ്ഥമാക്കുന്നത്. കഴിഞ്ഞ വർഷം ക്രിസ്റ്റ്യാനൊ റൊണാൾഡോക്കായിരുന്നു അവാർഡ് കിട്ടിയത്. ക്രിസ്റ്റ്യാനൊ നാലു തവണ ഈ ബഹുമതി നേടിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ വർഷം 25 ഗോളേ ലീഗിൽ സ്‌കോർ ചെയ്തുള്ളൂ, റയൽ മഡ്രീഡ് കരിയറിലെ ഏറ്റവും മോശം.
ലീഗിലെ ടോപ്‌സ്‌കോറർക്കുള്ള പിചിചി ബഹുമതിയും മെസ്സിക്കാണ്. കഴിഞ്ഞ സീസണിൽ ബാഴ്‌സലോണ ലീഗിൽ രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ ഈ സീസണിൽ റയലിനെക്കാൾ 11 പോയന്റ് മുന്നിലാണ് അവർ. ഈ സീസണിലും ഇതുവരെ മെസ്സിയാണ് ലീഗിലെ ടോപ്‌സ്‌കോറർ (14).
ശനിയാഴ്ച സാന്റിയാഗൊ ബെർണബാവുവിൽ നടക്കുന്ന എൽക്ലാസിക്കോക്കു വേണ്ടി ഒരുങ്ങുകയാണ് താനെന്ന് മെസ്സി പറഞ്ഞു. റയലിനെതിരെ വിജയിച്ച് ക്രിസ്മസ് ആഘോഷിക്കാനാണ് ആഗ്രഹമെന്ന് മെസ്സി പറഞ്ഞു.
അത്‌ലറ്റിക്കൊ മഡ്രീഡിന്റെ യാൻ ഒബ്‌ലാക്കാണ് തുടർച്ചയായ രണ്ടാം സീസണിലും മികച്ച ഗോളിക്കുള്ള സമോറ ട്രോഫി കരസ്ഥമാക്കിയത്. 29 കളികളിൽ 21 ഗോൾ മാത്രമാണ് ഒബ്‌ലാക് വഴങ്ങിയത്. ഇയാഗൊ അസ്പാസ് (സെൽറ്റവീഗൊ) 19 ഗോളുമായി സ്പാനിഷ് ടോപസ്‌കോററായി. കഴിഞ്ഞ സീസണിലെ സ്‌പെയിൻ ടീമിലെ മൂല്യവത്തായ കളിക്കാരനായി ആന്ദ്രെസ് ഇനിയെസ്റ്റ തെരഞ്ഞെടുക്കപ്പെട്ടു.