Sorry, you need to enable JavaScript to visit this website.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദോവലും പാക് ഐഎസ്‌ഐ തലവനും യുഎഇയില്‍ രഹസ്യ ചര്‍ച്ച നടത്തി

ന്യൂദല്‍ഹി- ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പാക്കിസ്ഥാന്റെ ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ) മേധാവിയും തമ്മില്‍ കഴിഞ്ഞ വര്‍ഷം യുഎഇയില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപോര്‍ട്ട്. 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുന്നതു സംബന്ധിച്ചായിരുന്നു ചര്‍ച്ച. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 25 ഇരുരാജ്യങ്ങളുടേയും സേന നടത്തിയ സംയുക്ത വെടിനിര്‍ത്തല്‍ പ്രസ്താവന ഈ ചര്‍ച്ചയുടെ അനന്തരഫലമായിരുന്നുവെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു.

20 മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കായി പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ബാജ്വ ഏപ്രില്‍ 23ന് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലാണ് ഇക്കാര്യം പുറത്തുവന്നത്. ഈ വിരുന്നില്‍ പറഞ്ഞ സൈനിക മേധാവി മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവച്ച കാര്യങ്ങള്‍ രഹസ്യ സ്വഭാവമുള്ളതും വാര്‍ത്തകള്‍ക്കു വേണ്ടി നല്‍കിയ വിവരങ്ങളായിരുന്നില്ലെങ്കിലും ചില വിവരങ്ങള്‍ പുറത്തു വരികയായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നടത്തുന്ന പിന്നാമ്പുറ രഹസ്യ ചര്‍ച്ചകളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ജനറല്‍ ബജ്വ ദോവലും ലഫ്. ജനറല്‍ ഹമീദും തമ്മില്‍ നടന്ന കൂടിക്കാഴ്ച വെളിപ്പെടുത്തിയത്. ഇരു രാജ്യങ്ങളുടെ ഇന്റലിജന്‍സ് മേധാവിമാര്‍ തമ്മിലും ചര്‍ച്ച നടത്തിയ കാര്യവും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോവിഡ് കാരണം ഈ ചര്‍ച്ചകളെല്ലാം തൊട്ടടുത്തുള്ള രാജ്യങ്ങളില്‍ വച്ചാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ ബജ്വയുമായി ഏറ്റവും അടുപ്പമുള്ളയാളാണ് ഐ.എസ്.ഐ മേധാവി ലഫ്. ജനറല്‍ ഹമീദ്. അദ്ദേഹം ഈ ഇഫ്താറില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ മിലിറ്ററി ഇന്റലിജന്‍സ് മേധാവി അടക്കമുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുക്കുകയും ചെയ്തു.

സൗഹൃദത്തിലല്ലാത്ത രണ്ടു രാജ്യങ്ങളുടെ ഇന്റലിജന്‍സ് മേധാവിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ അസ്വാഭാവികമോ അസാധാരണമോ അല്ലെന്നും ഇക്കാര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും വ്യത്യസ്തമല്ലെന്നും ജനറല്‍ ബജ്വ പറഞ്ഞു. 2017ലെ പ്രധാനമന്ത്രി ശാഹിദ് ഖഖന്‍ അബ്ബാസിയുടെ നേതൃത്വത്തിലുള്ള പിഎംഎല്‍(എന്‍) സര്‍ക്കാര്‍ തുടങ്ങിവച്ച നടപടികളുടെ ഭാഗമായാണ് ഏറ്റവും ഒടുവിലെ ചര്‍ച്ച നടന്നതെന്നാണ് ജനറല്‍ ബജ്വ വിരുന്നിനെത്തിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ആ വര്‍ഷം അജിത് ദോവലും പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലഫ്. ജനറല്‍ നസീര്‍ ഖാന്‍ ജന്‍ജുവയും മൂന്നാമതൊരു രാജ്യത്തു വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സമ്പര്‍ക്ക നടപടികള്‍ പലകാരണങ്ങള്‍ക്കൊണ്ടും മുടങ്ങിപ്പോയി. 2020 ഡിസംബറിലാണ് പിന്നീട് വീണ്ടും പുനരാരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഈ ചര്‍ച്ചയില്‍ മൂന്നാം കക്ഷി എന്ന നിലയില്‍ യുഎഇക്ക് പങ്കില്ലെന്നും ജനറല്‍ ബജ്വ സൂചിപ്പിച്ചു.
 

Latest News