ശക്തമായ മഴ; മക്കയില്‍ ചില റോഡുകള്‍ അടച്ചു, മഴവെള്ളം നീക്കാന്‍ ഊര്‍ജിത ശ്രമം

മക്ക- ശക്തമായ മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മക്കയിലെ ചില റോഡുകള്‍ അടച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു. മഴ കുറയുന്നതോടെ മണിക്കൂറുകള്‍ക്കകം നഗരത്തിലെ പ്രധാന റോഡുകളെല്ലാം തുറക്കും. ബന്ധപ്പെട്ട വകുപ്പുകളുമായി സംയോജനത്തോടെ ട്രാഫിക് ഡയറക്ടറേറ്റ് പ്രവര്‍ത്തിച്ചുവരികയാണ്.

വിശുദ്ധ ഹറമിനടുത്ത പ്രദേശങ്ങളിലും തേഡ് റിംഗ് റോഡിലും ഫോര്‍ത്ത് റിംഗ് റോഡിലും മഴ മൂലം ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ശക്തമായ മഴക്കു സാധ്യതയുള്ളതായി മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നു. അതുകൊണ്ടു തന്നെ വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം മുഴുവന്‍ സുരക്ഷാ വകുപ്പുകളും ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. അടിപ്പാതകളിലും തേഡ് റിംഗ് റോഡിലും ഫോര്‍ത്ത് റിംഗ് റോഡിലും കെട്ടിക്കിടക്കുന്ന വെള്ളം അടിച്ചൊഴിവാക്കുന്നതിന് മക്ക നഗരസഭയുമായി ബന്ധപ്പെടുന്നുണ്ട്.

ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റിക്കു സമീപവും വാദി അര്‍നയിലും വാദി അല്‍നുഅ്മാനിലും അല്‍ഹുസൈനിയയിലും റോഡുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നാലു ബസ് സ്റ്റേഷനുകളില്‍ നിന്നും വിശുദ്ധ ഹറമിനടുത്ത പ്രദേശത്തേക്കുള്ള ആളുകളുടെ നീക്കം നിയന്ത്രിച്ചിട്ടുണ്ട്.

ഹറമിലേക്കുള്ള തീര്‍ഥാടകരുടെയും വിശ്വാസികളുടെയും യാത്ര ഹജ്, ഉംറ മന്ത്രാലയവുമായി ഏകോപനം നടത്തി പുനഃക്രമീകരിക്കുമെന്നും മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി പറഞ്ഞു. അല്‍ഉതൈബിയ, അല്‍മആബിദ ഡിസ്ട്രിക്ടുകളില്‍ റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെടുകയും ചില കാറുകള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ക്ലിപ്പിംഗുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

Latest News