മീറത്ത്- ഉത്തര്‍ പ്രദേശിലെ മീറത്തില്‍ രണ്ടു ആശുപത്രികളിലായി ഏഴ് കോവിഡ് രോഗികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചു. സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവര്‍ത്തിക്കുന്നതിനിടെയാണ്. ആനന്ദ് ഹോസ്പിറ്റലില്‍ മൂന്ന് കോവിഡ് രോഗികളും കെഎംസി ഹോസ്പിറ്റലില്‍ നാലു പേരുമാണ് മരിച്ചത്. ഓക്‌സിജന്‍ കിട്ടാത്തതാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ ദല്‍ഹിയില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയുള്ള മീറത്തില്‍ പല ആശുപത്രികളും രോഗികളുടെ ബന്ധുക്കളോട് ഓക്‌സിജന്‍ സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ഓക്‌സിജന്‍ ക്ഷാമം തുടരുകയാണെന്ന് ആനന്ദ് ഹോസ്പിറ്റല്‍ മെഡിക്കല്‍ സുപ്രണ്ട് ഡോ. സുഭാഷ് യാദവ് പറയുന്നു. ദിവസവും ഇവിടെ വേണ്ടത് 400 സിലിണ്ടറുകളാണ്. എന്നാല്‍ ലഭിക്കുന്നത് വെറും 90 സിലിണ്ടറുകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഓക്‌സിജന്‍ കൂടുതലായി വേണ്ട ഗുരുതരാവസ്ഥയിലുള്ള പല രോഗികളേയും മടക്കി അയക്കേണ്ടി വന്നതായും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ ഓക്‌സിജന്‍ പൂര്‍ണമായും തീര്‍ന്നതാണ് മൂന്ന് കോവിഡ് രോഗികളുടെ മരണത്തിനിടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസത്തിനിടെ മാത്രം കെഎംസി ഹോസ്പിറ്റലില്‍ ഏഴു പേര്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചതായി മേധാവി ഡോ. സുനില്‍ ഗുപ്ത പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി എട്ടു മണി വരെ ആശുപത്രിയില്‍ ഓക്‌സിജന്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.






