Sorry, you need to enable JavaScript to visit this website.

ഇറാന്‍ തടവിലാക്കിയ യുവതിയെ വിട്ടയക്കണം-  ബ്രിട്ടന്‍

ലണ്ടന്‍- ഭരണകൂടത്തിനെതിരെ പ്രചാരണം നടത്തിയെന്ന കുറ്റത്തിന് ഇറാന്‍ തടവിലാക്കിയ യുവതിയെ വിട്ടയയ്ക്കണമെന്ന് ബ്രിട്ടന്‍. യുവതിക്കെതിരെ ചുമത്തിയ തടവുശിക്ഷ തികച്ചും അന്യായമാണെന്ന് ബ്രിട്ടന്‍ ചൂണ്ടിക്കാട്ടി. അഞ്ചു വര്‍ഷമായി വീട്ടുതടങ്കലിലാക്കിയ യുവതിയെ വീണ്ടും ഒരു വര്‍ഷം കൂടി ജയിലില്‍ ഇടാനാണ് തീരുമാനം. ഇത് ക്രൂരതയും മനുഷ്യാവകാശ ലംഘനവുമാണെന്നും ഇരുരാജ്യങ്ങളുടേയും നിയമങ്ങളെ പരിഗണിച്ചിട്ടില്ലെന്നും ബ്രിട്ടന്‍ ചൂണ്ടിക്കാട്ടി.
ബ്രിട്ടീഷ് ഇറാനിയന്‍ പൗരത്വമുളള നാസാനിന്‍ സാഗ്ഹാരി റാറ്റ്ക്ലിഫെന്ന യുവതിയെയാണ് ഇറാന്‍ തടവിലാക്കിയത്. ഇരട്ടപൗരത്വമുള്ള 42കാരിയെ ശിക്ഷിച്ചിരിക്കുന്നത് യാതൊരു അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ പേരിലാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ചൂണ്ടിക്കാട്ടി. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബും നാസാനിനായി രംഗത്തെത്തിയിരുന്നു.
യുവതിയുടെ കുടുംബം ബ്രിട്ടനിലാണ്. എത്രയും പെട്ടന്ന് സ്വന്തം കുടുംബത്തിനൊപ്പം ചേരാന്‍ അനുവദിക്കണമെന്നും ബോറിസ് ജോണ്‍സന്‍ പറഞ്ഞു. തോംസണ്‍ റോയിട്ടഴ്‌സ് ഫൗണ്ടേഷന്റെ സന്നദ്ധപ്രവര്‍ത്തക എന്ന നിലയിലാണ് നാസാനിന്‍ ഇറാനില്‍ പ്രവര്‍ത്തിച്ചിരുന്നത്. 2016ലാണ് ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ വെച്ച് നാസാനിന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. സ്വന്തം കുട്ടിയെ കാണാനായി ബ്രിട്ടനിലേക്ക് പോകുന്നതിനിടെയാണ് അറസ്റ്റ്.
 

Latest News