കോഴിക്കോട്- കോവിഡ് മഹാമാരിക്കിടയിലും മെയ് രണ്ടിന് വോട്ട് എണ്ണാനുള്ള ഒരുക്കം പൂർത്തിയാവുന്നു. ഇത്തവണ പോളിംഗ് ബൂത്തുകൾ ഏതാണ്ട് ഇരട്ടിയായതു പോലെ വോട്ടെണ്ണുന്നതിനുള്ള സംവിധാനവും വർധിപ്പിച്ചിട്ടുണ്ട്. കൂടുതൽ കൗണ്ടിംഗ് സൂപ്പർ വൈസർമാരെയും അസിസ്റ്റന്റുമാരെയും നിയമിച്ചിട്ടുണ്ട്.
ആയിരത്തിലേറെ വോട്ടുള്ള പോളിംഗ് സ്റ്റേഷനുകളെ രണ്ടായി വിഭജിക്കുന്ന രീതിയാണ് സ്വീകരിച്ചതെന്നതിനാലാണ് പോളിംഗ് സ്റ്റേഷനുകൾ ഇരട്ടിയായത്. കൂടുതൽ പോളിംഗ് ഉദ്യോഗസ്ഥരെയും നിയോഗിക്കേണ്ടിവന്നു. അത്രയും വോട്ടിംഗ് യന്ത്രങ്ങളും ഉണ്ടാവും.
കൂടുതൽ പോസ്റ്റൽ വോട്ടുകൾ എണ്ണാനുണ്ടാകും. ഡിജിറ്റൽ സ്‌കാനിംഗിന് ശേഷമാണ് തപാൽ വോട്ടുകൾ എണ്ണുക. ആദ്യം തപാൽ വോട്ട് എണ്ണിത്തുടങ്ങുമെങ്കിലും അത് തീരും മുമ്പെ യന്ത്രങ്ങളുടെ എണ്ണലും നടക്കും. 80 വയസ്സ് കഴിഞ്ഞവർ, വികലാംഗർ, പോളിംഗ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ എന്നിവർക്കെല്ലാം ഇത്തവണ ബാലറ്റ് അനുവദിച്ചു. 80 കഴിഞ്ഞവരെയും വികലാംഗരെയും കോവിഡ് രോഗികളെയും വീട്ടിൽ ചെന്ന് വോട്ട് ചെയ്യിച്ചപ്പോൾ മറ്റുള്ളവർക്ക് പ്രത്യേക ബൂത്ത് സംവിധാനം ചെയ്ത് വോട്ട് ചെയ്യിക്കുകയായിരുന്നു. പ്രത്യേക ബൂത്തിൽ വോട്ട് ചെയ്യാനാകാതിരുന്നവർക്ക് തപാലിൽ ബാലറ്റ് പേപ്പർ ലഭ്യമാക്കി. മെയ് രണ്ടിന് രാവിലെ എട്ട് വരെ വരണാധികാരിക്ക് ലഭിക്കുന്ന തപാൽ ബാലറ്റുകൾ എണ്ണും.
വോട്ടെണ്ണൽ ടേബിളിൽ രണ്ടു കൗണ്ടിംഗ് അസിസ്റ്റന്റുമാരും ഒരു സൂപ്പർ വൈസറുമാണുണ്ടാകുക. ഇതിന് പുറമെ ഒബ്‌സർവറും ഉണ്ടാകും. ഒബ്‌സർമാർ എണ്ണലിൽ ഇടപെടുകയില്ല. ഓരോ കാര്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച മുഖ്യ നിരീക്ഷകന് എത്തിക്കുകയാണ് ചെയ്യുന്നത്.
ഓരോ മണ്ഡലത്തിലെയും അഞ്ചു പോളിംഗ് സ്റ്റേഷനുകളിലെ വിവി പാറ്റ് സ്ലിപ്പുകളും എണ്ണും. കൂടുതൽ വിവിപാറ്റ് സ്ലിപ്പ് എണ്ണണമെന്ന ആവശ്യം ഉയർന്നാൽ വരണാധികാരിയാണ് തീരുമാനം എടുക്കുക. മെഷീനിലെയും വിവി പാറ്റിലെയും വോട്ടിൽ വ്യത്യാസമുണ്ടായാൽ വിവിപാറ്റിലെ എണ്ണമാണ് പരിഗണിക്കുക.
ഇലക്ഷന് മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഒരു ഗഡു കോവിഡ് വാക്‌സിൻ നൽകിയിട്ടുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷവും രണ്ടാമത്തെ ഗഡു സ്വകാര്യ ആശുപത്രിയിൽ നിന്നോ പൊതു വിതരണ കേന്ദ്രത്തിൽ നിന്നോ എടുത്തിട്ടുണ്ട്. കൗണ്ടിംഗ് ഉദ്യോഗസ്ഥർ രണ്ടു ഗഡു വാക്‌സിൻ എടുത്തവരോ പി.സി.ആർ ടെസ്റ്റ് നടത്തിയവരോ ആവണമെന്നാണ് കമ്മീഷൻ നിർദേശിക്കുന്നത്. എന്നാൽ വാക്‌സിൻ ഇപ്പോൾ ലഭ്യമല്ല. കൗണ്ടിംഗ് ഉദ്യോഗസ്ഥർക്ക് വാക്‌സിൻ ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പു നൽകുന്നു.
കൗണ്ടിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഓൺലൈനായും നേരിട്ടും നൽകിക്കഴിഞ്ഞു. ഏത് മണ്ഡലത്തിലേക്കാണ് നിയോഗിച്ചതെന്ന് 24 മണിക്കൂർ മുമ്പ് മാത്രമേ ഉദ്യോഗസ്ഥനെ അറിയിക്കൂ. വോട്ടെണ്ണൽ ദിവസം രാവ#ിലെ ഏഴിനെങ്കിലും കേന്ദ്രത്തിൽ ഉദ്യോഗസ്ഥൻ എത്തിച്ചേരണം. പോളിംഗ് ഡ്യൂട്ടിക്ക് സ്ത്രീപുരുഷ ഭേദമെന്യേ ഉദ്യോഗസ്ഥരെ ഉപയോഗിച്ച കമ്മീഷൻ എണ്ണുന്നതിന് പുരുഷന്മാരെയാണ് കൂടുതൽ നിയോഗിച്ചത്.