Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പി.സി തോമസ് ഒതുക്കപ്പെട്ടു;  പാർട്ടി താക്കോൽ സ്ഥാനങ്ങൾ ജോസഫ് ഗ്രൂപ്പിന്

കോട്ടയം - നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പി.സി തോമസ് വിഭാഗത്തിലേക്ക് ലയിച്ച ജോസഫ് ഗ്രൂപ്പ്, പാർട്ടിയിലെ താക്കോൽ സ്ഥാനങ്ങൾ സ്വന്തമാക്കി. ചിഹ്നവും പാർട്ടിയും ഇല്ലാതായതോടെ നിയമസഭാ ഇലക്ഷന്റെ അവസാനഘട്ടത്തിലാണ് ജോസഫ് വിഭാഗം പി.സി തോമസ് നയിക്കുന്ന ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസിൽ ലയിച്ചത്. ഇതോടെയാണ് ജോസഫ് വിഭാഗത്തിലെ എല്ലാ സ്ഥാനാർഥികൾക്കും പൊതു ചിഹ്നം ലഭിച്ചത്. അന്നത്തെ ധാരണ പ്രകാരം ഇന്നലെ ഓൺലൈനായി യോഗം ചേർന്നാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. പാർട്ടിയുടെ ചെയർമാനായി പി.ജെ ജോസഫിനെ തെരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് ചെയർമാനായി മോൻസ് ജോസഫിനെയും തീരുമാനിച്ചു. പാർട്ടിയുടെ വർക്കിംഗ് ചെയർമാനാണ് പി.സി തോമസ്. ഇതോടെ പി.സി തോമസ് ഏറെക്കുറെ സ്വന്തം പാർട്ടിയിൽ ഒതുക്കപ്പെട്ട അവസ്ഥയിലായി. 


കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൊടുപുഴയിലെ വസതിയിലിരുന്ന് പി.ജെ ജോസഫാണ് യോഗ നടപടികൾ നടത്തിയത്. യോഗത്തിൽ നിന്ന് ഫ്രാൻസിസ് ജോർജ് വിട്ടുനിന്നു. മോൻസിനെ മാത്രം എക്‌സിക്യൂട്ടീവ് ചെയർമാനായി തെരഞ്ഞെടുത്തതിൽ ഫ്രാൻസിസ് ജോർജിന് അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതൃപ്തിയുണ്ടെങ്കിൽ സംസാരിച്ച് തീർക്കുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. ജോസഫ് എം പുതുശ്ശേരി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും ഭാരവാഹിപ്പട്ടികയിലില്ല. ഇത് പാർട്ടിയിൽ പൊട്ടിത്തെറിക്കു വഴിയൊരുക്കാനാണ് സാധ്യത. 


ചെയർമാന്റെ അസാന്നിധ്യത്തിൽ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം വർക്കിംഗ് ചെയർമാനായിരിക്കും. ഫ്രാൻസിസ് ജോർജ്ജ്, തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ എന്നിവർക്ക് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം നൽകി. ടി യു കുരുവിള ചീഫ് കോർഡിനേറ്ററായും ജോയ് എബ്രഹാമിനെ സെക്രട്ടറി ജനറലായും സി എബ്രഹാമിനെ ട്രഷററായും തെരഞ്ഞെടുത്തു. കോട്ടയത്ത് സ്റ്റാർ ജംഗ്ഷനിലുളള ഓഫീസായിരിക്കും സംഘടനയുടെ പ്രധാന ഓഫീസ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസ് ചിഹ്നമായ രണ്ടിലയും കേരള കോൺഗ്രസ് എം എന്ന പാർട്ടിയും ജോസ് കെ മാണിക്കാണെന്ന ഹൈക്കോടതി വിധി വന്നതോടെയാണ് ജോസഫ് വിഭാഗം പുതിയ ലാവണം അന്വേഷിച്ചത്. തുടർന്ന് പി.സി തോമസിന്റെ പാർട്ടിയിൽ ലയിച്ചു. മോൻസ് ജോസഫിന്റെ ആസ്ഥാനമായ കടുത്തുരുത്തിയിൽ വെച്ചായിരുന്ന ലയനം. ഇതോടെയാണ്  എൻഡിഎ മുന്നണി വിടാനൊരുങ്ങിയിരുന്ന പി.സി തോമസ് വിഭാഗത്തിലേക്ക് ലയിച്ചത്. അന്ന് ഉണ്ടാക്കിയ ധാരണ പ്രകാരമാണ് പി.ജെ ജോസഫിന് ചെയർമാൻ പദം നൽകിയത്. 


ലയന ശേഷമുളള കേരള കോൺഗ്രസ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനാണ് ഇന്നലെ യോഗം ചേർന്നത്. ലയിച്ചുവെങ്കിലും ഭാരവാഹികളെ തീരുമാനിച്ചില്ല. കേരള കോൺഗ്രസിന്റെ ഭരണഘടനയും ഭേദഗതി ചെയ്യും. എക്‌സിക്യൂട്ടീവ് ചെയർമാൻ എന്ന പദവിയാണ് ഫ്രാൻസിസ് ജോർജ് അടക്കമുളള നേതാക്കളെ പ്രകോപിപ്പിച്ചത്. ആദ്യം പി.സി തോമസ് വിഭാഗമാണ് യോഗം ചേർന്നത്. പിന്നീട് എല്ലാ നേതാക്കളും പങ്കെടുത്ത നേതൃയോഗവും ചേർന്നു.

 

Latest News