Sorry, you need to enable JavaScript to visit this website.
Sunday , May   16, 2021
Sunday , May   16, 2021

മോഹിപ്പിക്കുന്ന മുംബൈ 

ഗേറ്റ് വേ ഓഫ് ഇന്ത്യ (ഒരു മാസം മുമ്പെടുത്ത ചിത്രം) 
മറൈൻ ഡ്രൈവ് 
സെൽഫി പോയന്റ് വി.ടി സ്‌റ്റേഷൻ 
വിക്ടോറിയ ടെർമിനസ് ഇപ്പോൾ ഛത്രപതി ശിവജി ടെർമിനസ്  , പ്രിയദർശിനി പാർക്ക് 
ഗീർ ഗാവ് ചൗപ്പാത്തി
മുംബൈയിൽ സഞ്ചാരികളേറെയെത്തുന്ന ഗേറ്റ് വേ ഓഫ് ഇന്ത്യ 
മറൈൻ ഡ്രൈവ് 
ഓവൽ ഗ്രൗണ്ട് 
താജ് ഹോട്ടൽ പരിസരം 
ബാന്ദ്ര-വർളി സീ ലിങ്ക് 

വളരെ പണ്ടുകാലം മുതൽക്കേ കള്ളവണ്ടി കയറി വന്നവരെയും ദാരിദ്ര്യം കൊണ്ട് നാടുവിട്ടു വന്നവരെയും ചേർത്തണച്ച് ഊട്ടിയ സ്വഭാവമാണ് മുംബൈയ്ക്ക്.. ഒരാളെയും വിശക്കുവാൻ അനുവദിക്കാതെ, കൈ നീട്ടുന്നവരുടെ കൈയിൽ എന്തെങ്കിലും വെച്ചുകൊടുക്കാൻ മുംബൈ ഓരോരുത്തരെയും പഠിപ്പിച്ചു...
നമ്മളിൽ ഒരേസമയം അക്ഷമയും ആവേശവും ഉണ്ടാകുന്നത് ട്രാഫിക് സിഗ്‌നലിൽ ആണെന്ന് തോന്നിയിട്ടുണ്ട്. പച്ച ലൈറ്റ് കത്തുവാൻ കാത്തുനിൽക്കുന്നിടത്ത് തുടങ്ങുന്ന അക്ഷമ ലൈറ്റ് കത്തുന്നതോടെ ഉസൈൻ ബോൾട്ടിന് മത്സരത്തിനുള്ള സിഗ്‌നൽ കിട്ടിയ പോലെ, എന്തോ വലിയ കാര്യം സാധിക്കാൻ ഉണ്ടെന്ന മട്ടിൽ ഓട്ടം തുടങ്ങുകയായി.. മുന്നിലുള്ളവനെ പിന്നിലാക്കണം എന്ന ഉദ്ദേശ്യം മാത്രം.. എന്നാൽ മുംബൈയിൽ അങ്ങനെയൊന്നും കണ്ടതേയില്ല. അവർ വളരെ ക്ഷമയോടെ, ഇരുനില ബസ് പോലും ഇരുചക്ര വാഹനത്തോട് വളരെ അനുഭാവപൂർവം.. അതിനിടയിൽ തലച്ചുമടുമായി വരുന്നവർക്ക് കടന്നുപോകാനായി വണ്ടി ഒതുക്കിക്കൊടുക്കുന്നവർ, ചെറിയ ഗ്യാപിലൂടെ കയറിപ്പോകുന്ന ഇരുചക്ര വാഹനത്തോട് ആർക്കും ദേഷ്യമില്ല.. അങ്ങനെ മുംബൈ നഗരം പലതും നമ്മെ പഠിപ്പിക്കുന്നു.. 

 


പാതിരാത്രി രണ്ടു മണിക്കും മുംബൈ സജീവമാണ്. ആ സമയത്തും സ്ത്രീകൾ പുറത്തുണ്ട്. മിക്കവരും തനിയെ. എനിക്ക് അത്ഭുതം തോന്നി, രാത്രി 10 മണിക്ക് ശേഷം തനിയെ പുറത്തിറങ്ങാനാവാത്ത നഗരത്തിൽ താമസിക്കുന്ന എനിക്ക് സ്ത്രീസ്വാതന്ത്ര്യം എന്നും പറഞ്ഞു രാത്രി നടത്തത്തിന് പോലീസ് കാവൽ ഉണ്ടാകുമെന്ന് ധൈര്യപ്പെടുത്തിയ സംഘാടകരോട് എന്തൊക്കെയോ പറയണം എന്ന് തോന്നി.. മുംബൈ എന്നെ പഠിപ്പിച്ചു, മാറേണ്ടത് പുരുഷന്റെ കാഴ്ചപ്പാടാണെന്ന്.. സിനിമാ നടികളെ തോൽപിക്കുന്ന സുന്ദരികൾ വിവിധ വേഷങ്ങളിൽ രാത്രി യാത്ര ചെയ്തിട്ടും ദോഷമായി ഒന്നും സംഭവിക്കുന്നില്ല.. (അപൂർവം ആയിട്ടുള്ള കേസുകൾ ഒഴികെ) നമ്മുടെ നാട്ടിൽ സ്ത്രീകൾ പുറത്തിറങ്ങാത്തതുകൊണ്ട് കേസുകൾ കുറവാണെങ്കിൽ അവർ പുറത്തിറങ്ങിയിട്ടും വളരെ തുഛം കേസുകൾ മാത്രം. രാത്രിയിൽ പന്ത്രണ്ടു മണിക്ക് മകൾക്കുള്ള മരുന്ന് വാങ്ങാനായി വന്ന അമ്മ, സ്‌കൂട്ടറിൽ വന്ന അവർക്കും ഭയമൊന്നുമില്ല.. അല്ലെങ്കിൽ തന്നെ മുംബൈ പോലുള്ള നഗരത്തിൽ ജീവിക്കാൻ വേണ്ടി പട വെട്ടുമ്പോൾ ഭയം എന്ന വികാരം നമ്മിൽ നിന്ന് ഒഴിഞ്ഞു പോകും... 


കൂടുതലും നടന്നു തന്നെ മുംബൈയെ കാണണം എന്നായിരുന്നു ആഗ്രഹം.. അതുകൊണ്ടാണ് ചുവന്ന തെരുവിന് മുന്നിലൂടെ നടക്കാൻ തീരുമാനിച്ചത്.. വിൽപന ചരക്കായി മാറിയ സ്ത്രീകൾ. ചുവപ്പിച്ച ചുണ്ടുകളാണ് ആദ്യം ശ്രദ്ധയിൽ പെടുക. നിർവികാരതയാണ് കണ്ണുകളിൽ.. പല കാരണങ്ങളാൽ എത്തിപ്പെട്ടവർ, ചതിയിൽപെട്ടവർ, പിന്നീട് ഇനി രക്ഷയില്ല എന്ന് മനസ്സിലാക്കി സ്വയം വിൽപനയ്ക്ക് വെച്ചവർ. ഒരു പക്ഷേ അവരുടെ കഥ ചോദിച്ചാൽ അവർ പൊട്ടിക്കരയും എന്ന് തോന്നിപ്പോയി.. അവരുടെ ശരീരം കാണാൻ വരുന്നവർ ഒരിക്കലും മനസ്സു കാണുന്നില്ലല്ലോ.. 
നടത്തം പിന്നെയും തുടർന്നു, അടുത്തത് പ്രിയദർശനി പാർക്കാണ്. എന്റെ കൂടെ ഭർത്താവും മക്കളും സുഹൃത്ത് ഹമീദ്ക്കയും.. മുപ്പതു വർഷമായി മുംബൈയിൽ ഉണ്ടായിരുന്ന ആളാണ് ഹമീദ്ക്ക,, ഇപ്പോൾ നാട്ടിൽ ബിസിനസ്. ഞങ്ങളുടെ യാത്രാ തീയതി കണക്കാക്കി പർച്ചേസിങ് ആ തീയതിയിലേക്ക് മാറ്റി ഞങ്ങളെ മുംബൈ കാണിക്കാൻ വന്നതാണ് അദ്ദേഹം. ഹമീദ്ക്ക കൂടെ ഉള്ളതുകൊണ്ട് മാത്രമാണ് മുംബൈ ഇത്രയും വിശദമായി, വിശാലമായി കാണാൻ സാധിച്ചത്, മുൻപ് നാലു തവണ വന്നിട്ടുണ്ടെങ്കിൽ പോലും... 


പ്രിയദർശിനി പാർക്കിൽ ആദ്യ കാഴ്ച ചുവന്ന റോസാപ്പൂക്കൾ വിൽക്കാനെത്തിയ കുഞ്ഞുങ്ങളായിരുന്നു.. പ്രണയമെന്തെന്ന് അറിയാത്ത പ്രായമാണെങ്കിലും വിശപ്പ് എന്താണെന്ന് അവർക്കറിയാമായിരുന്നു.. പിന്നീട് കണ്ടത് അവിടുത്തെ കടൽകരയിൽ എല്ലാം മറന്നു പരസ്പരം ലയിച്ചുകൊണ്ടിരുന്ന കമിതാക്കളെ, അവരെ കണ്ടപ്പോഴാണ് അന്നാണ് പ്രണയദിനം എന്നോർത്തത്.. വളരെ തുഛം വസ്ത്രങ്ങളണിഞ്ഞ യുവതി എല്ലാം മറന്ന നിമിഷങ്ങൾ കാമുകൻ മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു.. അതെല്ലാം ഭംഗിയായോ എന്നവൾ പരിശോധിക്കുന്നു.. പാർക്കിൽ അനേകർ വരുന്നുണ്ടെങ്കിലും അവർ ഇതൊന്നും ശ്രദ്ധിക്കുന്നില്ല.. ഞാനൊരു മല്ലു ആയതിനാലാവണം കണ്ണുകൾ ഇടയ്ക്കിടെ അങ്ങോട്ട് പായുന്നത്.. 
പക്ഷേ ആ നിമിഷം എനിക്ക് ചുവന്ന തെരുവിലെ സ്ത്രീകളോട് ആദരവ് തോന്നി.. 


പ്രത്യേക തരം കല്ലുകളായിരുന്നു ആ കടൽതീരത്ത്.. കടലിനോട് കിന്നാരം പറഞ്ഞു തിരമാലകളെ തൊട്ടുതലോടിയപ്പോൾ എല്ലാവരും സുന്ദരിമാരായി. ഒന്ന് ഒന്നിൽനിന്നും വ്യത്യസ്തമായി.. എല്ലാം പ്രത്യേക രൂപഭംഗിയോടെ.. ഓരോന്നിനും ഓരോ കഥകൾ പറയാനുണ്ട് എന്ന് തോന്നി. 
സൂര്യൻ കടലിനെ ചുംബിക്കാൻ തുടങ്ങിയപ്പോൾ അവിടെ നിന്നും ഞങ്ങൾ മടങ്ങി. അവർക്ക് പ്രത്യേകിച്ച് ഒരു പ്രണയദിനം ഇല്ലെന്നു തോന്നി. അല്ലെങ്കിലും കടലോളം പ്രണയം പറഞ്ഞ മറ്റാരെയും ഞാൻ കണ്ടിട്ടില്ല.. 

 


ഏതു മനുഷ്യനും അധ്വാനിച്ച് വലിയ അല്ലലില്ലാതെ ജീവിച്ചു പോകാം എന്ന് മുംബൈ നമ്മളെ കാണിച്ചുതരുന്നു. ഫുട്ട് പാത്തുകളെല്ലാം വളരെ സജീവം.. എന്ത് സാധനവും തുഛമായ വിലയ്ക്ക് കിട്ടുന്ന തെരുവുകൾ.. മാലകളും വളകളും നിറഞ്ഞ തെരുവുകൾ കണ്ട് ഒരുപക്ഷേ പ്രമുഖ ജ്വല്ലറിക്കാർ വരെ നാണിക്കും.. 
കിലോമീറ്ററുകൾ നീളുന്ന സബ് വേയിലൂടെയാണ് ഇപ്പോൾ യാത്ര.. ആധുനിക രീതിയിലുള്ള ഗുഹയിലേക്ക് ഇറങ്ങും പോലെ. പല സ്ഥലത്തേക്കായി തിരിഞ്ഞു പോകുന്ന വഴികൾ.. മനോഹരമായ ഭിത്തികളാണ് അതിന്റെ ആകർഷണീയത.. ഇത്രയും വലിയ സബ്‌വേ, തിരക്കുപിടിച്ച വീഥിയിൽ പണിയാൻ എടുത്തത് കേവലം രണ്ടു വർഷമാണ്...
നടത്തത്തിനിടയിൽ കരിമ്പിൻ ജ്യൂസ് കുടിക്കേ ഹമീദ്ക്ക പറഞ്ഞു, ഈ കരിമ്പിൻ ജ്യൂസിൽ തുടങ്ങിയതാണ് ഇപ്പോൾ വലിയ ഹോട്ടൽ ശൃംഖലയായ ഷാലിമാർ ഗ്രൂപ്പ്.. അതൊരു അതിശയമില്ല, എല്ലാം നഷ്ടപ്പെട്ടു വന്നെത്തിയവരെയും നാലാളുകൾ അറിയപ്പെടുന്ന വിധത്തിൽ വളർത്തി വിടാൻ ഉള്ള കഴിവ് മുംബൈക്കുണ്ട്.. 


ആകാശത്തേക്ക് ഉയർന്ന് സ്വർഗത്തെ വെല്ലുവിളിച്ചു നിൽക്കുന്ന അംബാനിയുടെ കൊട്ടാരവും കണ്ടു.. കുറച്ചു മനുഷ്യർക്കു വേണ്ടി നിർമിച്ച ആ കൊട്ടാരം കാണവേ എന്റെ മനസ്സിൽ എന്താണ് തോന്നിയത് എന്ന് വ്യക്തമല്ല.. തിരിച്ചു വരുന്ന വഴി പൂക്കൾ നിറഞ്ഞ വീട്, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ വീട്.
രാത്രിയിൽ മറൈൻ ഡ്രൈവിലൂടെയുള്ള നടത്തം, ലൈറ്റുകളാൽ അലംകൃതമായ താജിന്റെ മനോഹാരിത. ഇന്ത്യാ ഗേറ്റിൽ വരുന്നവരുടെ സംസാരം കേട്ട് കാറ്റേറ്റ് സുന്ദരമായ ഒരു സായാഹ്നം. ഇതൊന്നും ഒരിക്കലും മനസ്സിൽ നിന്നും മായില്ല. കുറച്ചു മാത്രം കാണാൻ ബാക്കിയാക്കി മുംബൈയോട് വിട പറയുമ്പോൾ ഉറപ്പുണ്ടായിരുന്നു ഇനിയും വരും, കാരണം നിന്റെ തിരക്കിൽ അലിയാൻ, നിന്റെ തീരങ്ങളിൽ കാറ്റേറ്റിരിക്കാൻ ഇനിയും കൊതിയാണെനിക്ക്.. എഴുതിയാലും എഴുതിയാലും തീരാത്ത അത്ര വിശേഷങ്ങളുണ്ട്.. എന്നാലും നിർത്താം. മുംബൈ ഒരു അലസ മനോഹരിയായി മനസ്സിൽ കിടക്കട്ടെ. നമുക്കും അവളെ സ്‌നേഹിക്കാം, വന്നവരെയെല്ലാം കൈനീട്ടി സ്വീകരിച്ച് അന്നമൂട്ടുന്ന അവളെയോർത്ത് അഭിമാനിക്കാം.. 

 

Latest News