സിദ്ദീഖ് കാപ്പന്റെ ചികിത്സാ രേഖകള്‍ ഉടന്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി- യുപിയില്‍ തടവില്‍ കഴിയുന്നതിനിടെ കോവിഡ് ബാധിച്ച് മഥുര ആശുപത്രിയില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ചികിത്സാ രേഖകള്‍ എത്രയും വേഗം ഹാജരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സിദ്ദീഖിനെ ആശുപത്രിയില്‍ മൃഗങ്ങളെ പോലെ ചങ്ങലയില്‍ ബന്ധിച്ചിരിക്കുകയാണെന്നും ഇത് കടുത്ത മനുഷ്യാവകാശം ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഭാര്യ റൈഹാനത്ത് എഴുതിയ കത്ത് പരിഗണിച്ചാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആദ്യം മെഡിക്കല്‍ റിപോര്‍ട്ടുകള്‍ കാണണം. ഇത് നാളെ ഹാജരാക്കണം. സാധ്യമെങ്കില്‍ ഇന്നു തന്നെ അവ എത്തിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിയമ ഓഫീസറായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. 

സിദ്ദീഖ് കാപ്പന്റെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. വില്‍സ് മാത്യൂസ് മുഖേനയാണ് റൈഹാനത്ത് കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ദല്‍ഹി എയിയംസിലേക്ക് മാറ്റണമെന്ന് കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റിന്റെ ഹര്‍ജിയും സുപ്രീം കോടതി പരിഗണിച്ചു. അതേസമയം യൂണിയന്റെ ഹേബിയസ് കോര്‍പസ് ഹര്‍ജിക്ക് നിലനില്‍പ്പില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. സിദ്ദീഖ് കാപ്പന്‍ ജയിലിലാണെന്നും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ഹേബിയസ് കോര്‍പസിന് സാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

സിദ്ദീഖിനെ മഥുരയിലെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കട്ടിലില്‍ മൃഗത്തെ പോലെ കെട്ടിയിട്ടിരിക്കുകയാണെന്നും അനങ്ങാനോ ഭക്ഷണം കഴിക്കാനോ ശുചിമുറിയില്‍ പോകാനോ കഴിയാത്ത അവസ്ഥയിലാണെന്നും ഭാര്യ റൈഹാനത്ത് കത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ സിദ്ദീഖിനെ ചങ്ങലയില്‍ ബന്ധിച്ചിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. 

2020 ഒക്ടോബറില്‍ സമര്‍പ്പിച്ച കാപ്പനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള റിട്ട് ഹര്‍ജി 2021 മാര്‍ച്ച് ഒമ്പതിന് തീര്‍പ്പാക്കേണ്ടതായിരുന്നു. എന്നാല്‍ ഏഴു തവണ കേസ് ലിസ്റ്റ് ചെയ്‌തെങ്കിലും ഇതുവരെ തീര്‍പ്പാക്കിയിട്ടില്ലെന്നും കത്തില്‍ റൈഹാനത്ത് സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചിരുന്നു. 

ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപോര്‍ട്ട് ചെയ്യാന്‍ ഹാഥ്‌റസിലേക്ക് പോകുന്നതിനിടെയാണ് ഉത്തര്‍ പ്രദേശ് പോലീസ് തീവ്രവാദ ബന്ധം ആരോപിച്ച് സിദ്ദീഖ് കാപ്പനേയും കൂടെയുണ്ടായിരുന്നവരേയും 2020 ഒക്ടോബര്‍ അഞ്ചിന് അറസ്റ്റ് ചെയ്തത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ദല്‍ഹി ഘടകം ഭാരവാഹിയാണ് സിദ്ദീഖ് കാപ്പന്‍. സീദ്ദീഖിന് പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന് യൂണിയന്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.

ഈ കേസില്‍ സിദ്ദീഖ് കാപ്പനും പോപുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള എട്ടു പേര്‍ക്കുമെതിരെ യുപി പോലീസ് സ്‌പെഷ്യന്‍ ടാസ്‌ക് ഫോഴ്‌സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Latest News