Sorry, you need to enable JavaScript to visit this website.

സിദ്ദീഖ് കാപ്പന് കോവിഡ് നെഗറ്റീവ്; ചികിത്സ ഉറപ്പാക്കാന്‍ ഇടപെട്ടെന്ന് അബ്ദുല്‍ വഹാബ് എം.പി

അബ്ദുല്‍ വഹാബ് എം.പി സിദ്ദീഖ് കാപ്പന്റെ വീട്ടില്‍

മലപ്പുറം- ഉത്തര്‍ പ്രദേശില്‍ തടവില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ചികിത്സ ഉറപ്പാക്കാന്‍ ഇടപെട്ടതായി പി.വി അബ്ദുല്‍ വഹാബ് എം.പി. മഥുരയിലെ തന്റെ സുഹൃത്തും സമാജ് വാദി പാര്‍ട്ടി നേതാവ് അഡ്വ. തന്‍വീര്‍ അഹമ്മദുമായി ബന്ധപ്പെട്ട് ആശുപത്രി ചെയര്‍മാനുമായി സംസാരിച്ചുവെന്ന വഹാബ് അറിയിച്ചു. സിദ്ദീഖ് കോവിഡ് നെഗറ്റീവ് ആണെന്നും വൈകാതെ ജയിലിലേക്ക് തിരിച്ചയക്കുമെന്നുമാണ് അറിഞ്ഞതെന്നും അദ്ദേഹം ഫെയ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ അറിയിച്ചു. 

എം.പിയുടെ ഫെയ്ബുക്ക് കുറിപ്പ്:
സിദ്ദീഖ് കാപ്പന്റെ വിഷയത്തിൽ കഴിയുന്ന രീതിയിൽ ഇടപെടലുകൾ തുടരുകയാണ്. മഥുരയിലെ എന്റെ സുഹൃത്തായ സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഡ്വ. തൻവീർ അഹമ്മദുമായും മഥുരയിലെ മാരുതി ഡീലർ കൂടിയായ അഡ്വ. പവൻ ചതുർവേദിയുമായും ഇക്കാര്യം സംസാരിച്ചിരുന്നു. അവർ ആശുപത്രി ചെയർമാനുമായി സംസാരിക്കുകയും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. കോവിഡ് നെഗറ്റീവായതിനാൽ വൈകാതെ ജയിലിലേക്ക് തിരിച്ചയക്കുമെന്ന വിവരമാണ് ജയിൽ അധികൃതരുമായി സംസാരിച്ചപ്പോൾ ലഭിച്ചത്. സിദ്ദീഖ് കാപ്പന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാനും അദ്ദേഹത്തിന് നീതി ലഭ്യമാക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ കത്ത് മുഖേനയും ഫോണിലൂടെയും ഇപ്പോഴും ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നത്. തെറ്റ് ചെയ്യാത്ത ഒരു മനുഷ്യനെ ഏറെക്കാലം ഉപദ്രവിക്കാൻ ആർക്കും കഴിയില്ല. സത്യം ഒരുനാൾ പുറത്ത് വരട്ടെ. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമ്പോഴും ആരുടെയും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടരുത്. നീതി കിട്ടുന്നതു വരെ നമുക്ക് ഇടപെടൽ തുടരാം.

Latest News