തൃശൂര്‍- പതിനഞ്ച് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസില്‍ പ്രതിയായ പള്ളിപാട്ടുപടി സുധീഷിനെ (35) 10 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി ബിന്ദു സുധാകര്‍ ശിക്ഷ വിധിച്ചു.
2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെറുതുരുത്തി പോലീസാണ് ക്രൈം രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നു 12 രേഖകളും 6 തൊണ്ടിമുതലും ഹാജരാക്കുകയും, 15 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം 377, 511 എന്നീ വകുപ്പുകള്‍ പ്രകാരം 5 വര്‍ഷം കഠിന തടവിനും 50000 രൂപ പിഴയടക്കുവാനും, പോക്‌സോ വകുപ്പ് 8, 7 പ്രകാരം 5 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടക്കുവാനും വെവ്വെറെ ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു. ശിക്ഷ വെവ്വേറെ അനുഭവിക്കണമെന്ന പ്രത്യേകതയും ഈ വിധിയില്‍ ഉണ്ട്.
ചെറുതുരുത്തി പോലീസ് ഇന്‍സ്‌പെക്ടറായ വിപിന്‍ദാസാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് വിചാരണക്ക് പ്രോസിക്യൂഷന്‍ സഹായികളായി സി.പി.ഒ. മാരായ പി. ആര്‍ ഗീത, ചെറുതുരുത്തി സ്‌റ്റേഷനിലെ റോണി എന്നിവര്‍ പ്രവര്‍ത്തിച്ചു.
കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. അജയ് കുമാര്‍ ഹാജരായി.