പ്രതിഷേധം ഫലം കാണുന്നു; വാക്‌സിന്‍ വില കുറയ്ക്കണമെന്ന് കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി- രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ വന്‍ലാഭം കൊയ്യാന്‍ അവസരമൊരുക്കി വാക്‌സിന്‍ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികള്‍ക്കു നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ തിരുത്തല്‍ നടപടിയിലേക്ക്. പ്രതിഷേധം കനത്തതോടെ കമ്പനികളോട് വില കുറയ്ക്കാന്‍ സര്‍ക്കാര്‍ തന്നെ ആവശ്യപ്പെട്ടതായി പിടിഐ റിപോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇപ്പോള്‍ വിതരണം ചെയ്യുന്ന രണ്ട് വാക്‌സിനുകള്‍ നിര്‍മ്മിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്ക് എന്നീ കമ്പനികളോടാണ് കേന്ദ്രം വില കുറയ്ക്കാന്‍ ആവശ്യപ്പെട്ടത്. ക്യാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വാക്‌സിന്‍ വില ചര്‍ച്ച ചെയ്തത്. 

രണ്ടു കമ്പനികളും പുതുക്കിയ വാക്‌സിന്‍ വില ഉടന്‍ പ്രഖ്യാപിച്ചേക്കും. ഈ രണ്ട് കമ്പനികളും ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വില ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണെന്ന് വിവിധ രാജ്യങ്ങളിലെ കണക്കുകള്‍ നിരത്തി കഴിഞ്ഞ ദിവസം റിപോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് ഉല്‍പ്പാദിപ്പിക്കുന്ന കോവാക്‌സിന്‍ എന്ന വാക്‌സിനാണ് ഏറ്റവും ഉയര്‍ന്ന വില. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 600 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 1200 രൂപയുമാണ് കോവാക്‌സിന്‍ വീല. സീറം ഉല്‍പ്പാദിപ്പിക്കുന്ന ഓക്‌സഫഡ് ആസ്ട്രസെനക വാക്‌സിനായ കോവിഷീല്‍ഡിന് ഒരു ഡോസ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയുമാണ് വിലയിട്ടിരിക്കുന്നത്. അതേസമയം ഈ രണ്ടു വാക്‌സിനുകളും കേന്ദ്ര സര്‍ക്കാരിന് വില്‍ക്കുന്നത് ഡോസിന് വെറും 150 രൂപാ നിരക്കിലാണ്. വിലയിലെ ഈ വിവേചനത്തിനും സ്വകാര്യ ആശുപത്രികളിലെ ഉയര്‍ന്ന വിലയ്ക്കുമെതിരെയാണ് കനത്ത പ്രതിഷേധം ഉയര്‍ന്നത്.

18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കൂടി വാക്‌സിനേഷന്‍ ആരംഭിക്കുന്ന മേയ് ഒന്നു മുതല്‍ ഈ വില നിലവില്‍ വരാനിരിക്കെയാണ് ഇപ്പോള്‍ വില കുറയ്ക്കണമെന്ന് സര്‍ക്കാര്‍ തന്നെ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
 

Latest News