തിരുവനന്തപുരം- ബജറ്റിൽ സൗജന്യ വാക്‌സിൻ നൽകുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി തോമസ് ഐസക് അതിന് വേണ്ടി ഒരു പൈസയും നീക്കിവെച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ര്‌മേശ് ചെന്നിത്തല. ബജറ്റിൽ പണം വകയിരുത്തിയ ശേഷം എന്തിനാണ് വാക്‌സീൻ ചലഞ്ച് എന്ന ചോദ്യം ധനമന്ത്രി തോമസ് ഐസക്കിനെ വല്ലാതെ വിഷമിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. തന്റെ നിലപാട് ന്യായീകരിക്കാൻ ഫേസ് ബുക്ക് പോസ്റ്റിൽ അദ്ദേഹം പലവിധ അഭ്യാസങ്ങൾ നടത്തിയിട്ടും താഴെത്തന്നെ വീണു കിടക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ഏതായാലും ബഡ്ജറ്റിൽ കാൽ കാശ് നീക്കി വയ്ക്കാതെയാണ് വാക്‌സീൻ സൗജന്യമായി നല്കുമെന്ന് പ്രഖ്യാപിച്ചതെന്ന് ധനമന്ത്രി സമ്മതിച്ചിരിക്കുകയാണ്. അത് പുതുമയുള്ള കാര്യമല്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇതുപോലെ എത്രയെത്ര ഉണ്ടയില്ലാ വെടികളാണ് തോമസ് ഐസക്ക് ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ചിട്ടുള്ളത്. 5000 കോടിയുടെ ഇടുക്കി പാക്കേജ്, 3400 കോടിയുടെ കുട്ടനാട് പാക്കേജ്, 2000 കോടിയുടെ വയനാട് പാക്കേജ്, 3000 കോടിയുടെ തീരദേശപാക്കേജ്... അങ്ങനെ എത്രയെത്ര പ്രഖ്യാപനങ്ങൾ. ബഡ്ജറ്റിൽ പണം നീക്കി വയ്ക്കാതെ വമ്പൻ പ്രഖ്യാപനങ്ങൾ നടത്തുന്ന തോമസ് ഐസക്കിന്റെ സ്ഥിരം കലാപരിപാടി വാക്‌സീന്റെ കാര്യത്തിലും ആവർത്തിച്ചെന്നേയുള്ളു. അതിൽ ഇത്രവേഗം പിടിവീഴുമെന്ന് അദ്ദേഹം കരുതിക്കാണില്ല.
മാത്രമല്ല, വാക്‌സീൻ സൗജന്യമായി നൽകുമെന്നാണ് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാൻ പ്രഖ്യാപിച്ചിരുന്നത്. അവിടെ നിന്ന് സൗജന്യമായി കിട്ടുമല്ലോ, അപ്പോൾ അത് വാങ്ങി നമുക്കും സൗജന്യമായി നല്കാം എന്ന ധൈര്യത്തിലാണ് തോമസ് ഐസക്ക് ബഡ്ജറ്റിൽ പ്രഖ്യാപനം നടത്തിയത് എന്ന് വ്യക്തമാണ്. പക്ഷേ, കേന്ദ്രസർക്കാർ പാലം വലിച്ചുകളഞ്ഞു. കേന്ദ്രം സൗജന്യമായി തന്നെ വാക്‌സീൻ നൽകണമെന്ന കാര്യത്തിൽ സംശയമില്ല.
ട്രഷറിയിൽ നിന്നുള്ള പണമെടുത്ത് വാങ്ങുമെന്ന് പറയുന്ന ധനമന്ത്രി അടുത്ത ശ്വാസത്തിൽ പറയുന്നത് ഈ അധികച്ചെലവിനുള്ള പണം എവിടെ നിന്നു കണ്ടെത്തുമെന്നാണ്. 'നമ്മുടെ ബഡ്ജറ്റിന്റെ മൊത്തം ചെലവ് 1.60 ലക്ഷം കോടിയാണ്. അതിൽ ഏതെങ്കിലും ഇനത്തിൽ പണം കുറവ് വരുത്തണം. അല്ലെങ്കിൽ അധികവരുമാനം കണ്ടെത്തണം' എന്നാണ് ഡോ. തോമസ് ഐസക് പറയുന്നത്. ഇത് എന്തുതരം ബഡ്ജറ്റിംഗ് ആണ് ഡോക്ടറേ? ബഡ്ജറ്റിൽ നടത്തിയ ഒരു പ്രഖ്യാപനം നടപ്പിൽ വരുത്തുന്നതിന് മറ്റു പദ്ധതികളെല്ലാം വെട്ടിക്കുറയ്ക്കണമെന്ന് പറയുന്നത് എന്തുതരം ബഡ്ജറ്റിംഗ് ആണാവോ.
ധനമന്ത്രിയ്ക്ക് ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ വാക്‌സീൻ വാങ്ങുന്നതിന് കുറേ പണം നീക്കി വയ്ക്കാമായിരുന്നു. അത് തികയാതെ വന്നാൽ ഉപധനാഭ്യർത്ഥന വഴി കൂടതൽ ചെലവാക്കുകയും ചെയ്യാമായിരുന്നു. അതായിരുന്നു സത്യസന്ധമായ വഴി. ഇത് അതല്ലല്ലോ? തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് തട്ടാൻ ഒരു ബഡായി അടിച്ചതല്ലേ? അത് ഇപ്പോൾ തിരിഞ്ഞു കുത്തുന്നു എന്നേയുള്ളു.
ബജറ്റിംഗ് രീതിയെക്കുറിച്ചുള്ള വിവരം കമ്മിയായതുകൊണ്ടുള്ള പ്രശ്‌നമാണെന്നാണ് ഐസക്ക് പറയുന്നത്. ഐസക്കിന്റെ ഇത്തരത്തിലുള്ള ബഡ്ജറ്റ് സർക്കസിൽ ആർക്കാണ് വിവരമുണ്ടാവുക?
ഒരു പൊതു പ്രവർത്തകന്റെ ശക്തി സത്യസന്ധതയാണെന്ന് ഐസക്കിനെ ഒന്നുകൂടി ഓർമ്മിപ്പിക്കട്ടെ. കേന്ദ്രം സൗജന്യമായി വാക്‌സീൻ തന്നില്ലെങ്കിൽ കേരളം മറ്റ് ചിലവുകൾ വെട്ടിച്ചുരുക്കിയും പൊതുജനങ്ങളുടെ സഹായത്തോടെയും വാക്‌സീൻ വാങ്ങി സൗജന്യമായി നൽകുമെന്ന ബഡ്ജറ്റ് പ്രസംഗത്തിൽ തന്നെ അദ്ദേഹത്തിന് പ്രഖ്യാപിക്കാമായിരുന്നു. അല്ലാതെ വാക്‌സീൻ വരട്ടെ, ആയിരമല്ല, രണ്ടായിരം കോടിയായാലും ഒരു ബുദ്ധിമുട്ടുമില്ല എന്നൊക്കെ വെറുതെ വീമ്പിളക്കിയതാണ് ഐസക്കിന് തന്നെ വിനയായത്.