Sorry, you need to enable JavaScript to visit this website.

കോവിഡ് വ്യാപനം: കൺസ്യൂമർ ഫെഡ് സേവനങ്ങൾ വീട്ടുപടിക്കൽ

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ത്രിവേണി കൺസ്യൂമർ ഫെഡിന്റെ സേവനങ്ങൾ വീട്ടുപടിക്കൽ. സൂപ്പർ മാർക്കറ്റുകളും നീതി മെഡിക്കൽ സ്റ്റോറുകളും വഴി ഭക്ഷ്യ സാധനങ്ങളും മരുന്നുകളും ആവശ്യക്കാർക്കു വീടുകളിൽ എത്തിച്ചു നൽകുന്ന സംവിധാനം ആരംഭിച്ചുകൊണ്ടാണ് സേവനം കൂടുതൽ വിപുലമാക്കുന്നതെന്ന് ചെയർമാൻ എം. മെഹബൂബ് അറിയിച്ചു. സൂപ്പർ മാർക്കറ്റുകളുടെ വാട്‌സ്ആപ് നമ്പറിൽ ലഭിക്കുന്ന ഓർഡറുകൾ കൺസ്യൂമർ ഫെഡ് ജീവനക്കാർ വീടുകളിൽ എത്തിക്കും. ആദ്യ ഘട്ടത്തിൽ കോവിഡ് വ്യാപനം കൂടിയ ജില്ലാ കേന്ദ്രങ്ങളിലായിരിക്കും സേവം ലഭ്യമാക്കുക. പിന്നീട് എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കും. കൺസ്യൂമർ ഫെഡിന്റെ 47 മൊബൈൽ ത്രിവേണി യൂനിറ്റുകൾ വിവിധ കണ്ടെയ്ൻമെന്റ് സോണുകളിലും കടലോര, മലയോര മേഖലകളിലും ആവശ്യകത അനുസരിച്ച് റൂട്ട് തയാറാക്കി സാധനങ്ങൾ എത്തിക്കുമെന്നും ചെയർമാൻ പറഞ്ഞു. 


മൊബൈൽ ത്രിവേണികളുടെ സേവനങ്ങൾ ലഭ്യമല്ലാത്ത മേഖലകളിൽ കെ.എസ്.ആർ.ടി.സി ബസുകൾ വിട്ടു നൽകിയാൽ അവ ഉപയോഗിച്ചു അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കാനും കൺസ്യൂമർ ഫെഡിന് പദ്ധതിയുണ്ട്. ഇതിനായി സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും ചെയർമാൻ വെളിപ്പെടുത്തി. 
ഇന്ത്യൻ ഓയിലിന്റെ ഛോട്ടു ബ്രാൻഡ് 5 കിലോഗ്രാം പാചക വാതക സിലിണ്ടറുകൾ കൺസ്യൂമർ ഫെഡിന്റെ ത്രിവേണി ഔട്ട്ലറ്റുകൾ വഴി വിതരണം ആരംഭിച്ചു. ഇതു സംബന്ധിച്ച, ധാരണാപത്രത്തിൽ ഐ.ഒ.സി കേരള എൽ.പി.ജി, സി.ജി.എം എസ്. ധനപാണ്ഡ്യനും, കൺസ്യൂമർ ഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിലും ഒപ്പുവെച്ചു. ചടങ്ങിൽ ഐ.ഒ.സി കേരള തലവൻ വി.സി. അശോകൻ, കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് എന്നിവർ പങ്കെടുത്തു. 


ഛോട്ടു ബ്രാൻഡ് എൽ.പി.ഡി സിലിണ്ടറിന് കേരളത്തിൽ ആവശ്യക്കാരേറെയാണ്. കൈകാര്യം ചെയ്യാനുള്ള സൗകര്യമാണ് ഛോട്ടു ബ്രാൻഡിനെ ജനകീയമാക്കുന്നത്. ഛോട്ടുവിന് സംസ്ഥാനത്ത് 75 ശതമാനം വിപിണി പങ്കാളിത്തമാണുള്ളത്. 35,000 സിലിണ്ടറുകളാണ് പ്രതിമാസം കേരളത്തിൽ വിറ്റഴിക്കുന്നത്. ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന വിൽപനയാണ്. കൺസ്യൂമർ ഫെഡുമായുള്ള ധാരണ, ഛോട്ടു ബ്രാൻഡ് കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ സഹായകരമാവും. 


 

Latest News