Sorry, you need to enable JavaScript to visit this website.

വിനിമയ വിപണിയിൽ രൂപയുടെ മൂല്യം വീണ്ടും ഇടിയാൻ സാധ്യത

ഓഹരി വിപണി വീണ്ടും വൻ പ്രതിസന്ധിയിൽ അകപ്പെടുമോയെന്ന ഭീതിയിലാണ് ഒരു വിഭാഗം നിക്ഷേപകർ. കോവിഡ് ഭീതി രാജ്യത്തിന്റെ സാമ്പത്തികനില താറുമാറുക്കുമെന്ന് വ്യക്തമായതോടെ വിദേശഫണ്ടുകൾ നിക്ഷേപം പിൻവലിക്കാൻ കാണിച്ച ഉത്സാഹം വിനിമയ വിപണിയിൽ രൂപയുടെ മൂല്യം ഇടിച്ചു. രൂപയുടെ തളർച്ച പ്രവാസികൾക്ക് നേട്ടമായി. ഈവർഷം ഡോളറിന് മുന്നിൽ രൂപയുടെമൂല്യം 2.6 ശതമാനം ഇടിഞ്ഞു, നിരക്ക് ഇനിയും ഇടിയാനാണ് സാധ്യത. ഡോളറിന് മുന്നിൽ രൂപ 74.35 ൽ നിന്ന് 75.56 ലേയ്ക്ക് ഇടിഞ്ഞ ശേഷം 74.92 ലാണ്. രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ രൂപ 76 ലേയ്ക്ക് ഇടിയുന്ന ദിനങ്ങൾ അകലെയല്ല. രൂപ കഴിഞ്ഞ ഏപ്രലിന് ശേഷമുള്ള ഏറ്റവും ദുർബലമായ അവസ്ഥയിലാണ്. ഹൃസ്വകാലയളവിലേയ്ക്ക് പുതിയ നിക്ഷേപങ്ങൾക്ക് താൽപര്യം കാണിക്കാതെ ഒരുവിഭാഗം രംഗത്തുനിന്ന് അകന്ന തക്കത്തിന് ഊഹക്കച്ചവടക്കാർ വിപണിയിൽ പിടിമുറുക്കുകയും ചെയ്തു. ഈ വാരം ഡെറിവേറ്റീവ് മാർക്കറ്റിൽ ഏപ്രിൽ സീരിസ് സെറ്റിൽമെന്റാണ്. മൂന്നാം വാരത്തിലും കരുത്ത് നിലനിർത്താനാവാതെ ഇന്ത്യൻ ഇൻഡക്‌സുകൾ ആടി ഉലയുകയാണ്. മുന്നിലുള്ള മൂന്ന് ദിവസങ്ങളിൽ പൊസിഷനുകളിൽ മാറ്റം വരുത്താൻ ഫണ്ടുകളും പ്രദേശിക ഓപറേറ്റർമാരും രംഗത്ത് എത്തിയാൽ സൂചികയിലെ ചാഞ്ചാട്ടം ശക്തമാക്കാം. ബോംബെ സെൻസെക്‌സ് 953 പോയന്റും നിഫ്റ്റി 276 പോയന്റും പ്രതിവാര നഷ്ടത്തിലാണ്. കഴിഞ്ഞ വാരാം നിഫ്റ്റി അതിന്റെ 25-ാം വാർഷികം ആഘോഷിച്ചു. 


മുൻ നിരയിലെ പത്ത് കമ്പനികളുടെ വിപണി മൂല്യത്തിൽ ഒമ്പതിനും തിരിച്ചടി നേരിട്ടു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ടി.സി.എസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇൻഫോസിസ്, എച്ച്യു.എൽ, എച്ച്.ഡി.എഫ്.സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്.ബി.ഐ, ഭാരതി എയർടെൽഎന്നിയുടെ വിപണി മൂല്യം കുറഞ്ഞപ്പോൾ ഐ.സി.ഐസി.ഐ ബാങ്ക് മാത്രമാണ് മികവ് നിലനിർത്തിയത്. 


വിദേശഫണ്ടുകൾ കഴിഞ്ഞവാരം 2716 കോടി രൂപയുടെ ഓഹരികൾ വിറ്റു. എന്നാൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 6225 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടിയെങ്കിലും സൂചികയിലെ തകർച്ചയെ തടയാനായില്ല. ബോംബെ സെൻസെക്‌സിനും നിഫ്റ്റിക്കും 11 മാസത്തിനിടയിൽ ആദ്യമായി തുടർച്ചയായ മൂന്നാംവാരത്തിലും തളർന്നു. സെൻസെക്‌സ് ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ റെക്കോർഡായ 52,516 ൽ നിന്ന് ഇതിനകം 8.83 ശതമാനം ഇടിഞ്ഞു. 2020 മാർച്ചിനും ഈ വർഷം ഫെബ്രുവരിക്കും ഇടയിൽ കോവിഡ് ആദ്യ തരംഗത്തിലെ തകർച്ചയ്ക്ക് ശേഷം സെൻസെക്‌സും നിഫ്റ്റിയും 100 ശതമാനം മുന്നേറിയതിനൊപ്പം ഓവർ ഹീറ്റായ നിലയ്ക്ക് ഒരുതിരുത്തൽ വിപണിയുടെ അടിത്തറ ശക്തമാക്കും.
ബോംബെ സൂചിക 48,832 ൽ നിന്ന് 47,204 പോയന്റ് വരെ ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 48,787 പോയന്റിലാണ്. ഈ വാരം സെൻസെക്‌സ് 47,228 ലെ താങ്ങ് നിലനിർത്തി 48,502 ലേയ്ക്ക് ഉയരാൻ ശ്രമിക്കാമെങ്കിലും ഇതിനിടയിൽ കാലിടറിയാൽ 46,579 വരെ പരീക്ഷണങ്ങൾ നടത്താം. 


നിഫ്റ്റി ഈ വാരം കൂടുതൽ തളർച്ചയിലേയ്ക്ക് നീങ്ങാൻ ഇടയുണ്ട്. മുൻവാരം ഇതേ കോളത്തിൽ സൂചിപ്പിച്ച സപ്പോർട്ടായ 14,344 പോയന്റിൽ നിന്ന് മൂന്ന് പോയന്റ് നഷ്ടത്തിൽ 14,341 ൽ മാർക്കറ്റ് ക്ലോസിംഗ് നടന്നു. 14,617 ൽ നിന്ന് ഒരുവേള സൂചിക 14,151 ലേയ്ക്ക് ഇടിഞ്ഞ ശേഷമാണ് തിരിച്ചുവരവ് നടത്തിയത്. വാരാന്ത്യം 14,326 ൽ നിലകൊള്ളുന്ന സിംഗപ്പൂർ നിഫ്റ്റിയുടെ ചലനങ്ങൾ വീക്ഷിച്ചാൽ ഇന്ന് ആദ്യ പകുതിയിൽ 14,180 ലെസപ്പോർട്ട് നിലനിർത്താൻ അവിടെ സിംഗപ്പൂർ നിഫ്റ്റിക്കായില്ലെങ്കിൽ അതിന്റെ പ്രതിഫലനം ഇന്ത്യൻ മാർക്കറ്റിലും ദൃശ്യമാവും.   


നിഫ്റ്റി സൂചികക്ക് ഈവാരം ആദ്യതാങ്ങ് 14,152 പോയന്റിലാണ്. ഈ സപ്പോർട്ട് നഷ്ടമായാൽ 13,964 ലേയ്ക്കും സാങ്കേതിക പരീക്ഷണങ്ങൾക്ക് മുതിരാം. വ്യാഴാഴ്ച നടക്കുന്ന എപ്രിൽ സെറ്റിൽമെന്റ് വേളയിൽ രണ്ടാം സപ്പോർട്ട് നഷ്ടപ്പെട്ടാൽ അടുത്ത മാസം സൂചിക 13,589 റേഞ്ചിലേയ്ക്ക് തിരിയാം. തിരിച്ചു വരവിനുള്ള ശ്രമം വിജയിച്ചാൽ 14,527 പോയന്റിൽ പ്രതിരോധമുണ്ട്. നിഫ്റ്റിയുടെ മറ്റ് ചലനങ്ങൾ ഡെയ്‌ലി ചാർട്ടിൽ വിലയിരുത്തിയാൽ സൂപ്പർ ട്രെന്റ്, പാരാബോളിക്ക് എസ്.ഏ.ആർ തുടങ്ങിയവ സെല്ലിംഗ് മൂഡിലാണ്, വിപണിയിലെ തിരുത്തലുകൾ അവസരമാക്കി മികച്ച ഓഹരികളിൽ പുതിയ നിക്ഷേപങ്ങൾക്ക് അവസരം കണ്ടെത്താൻ ശ്രമിക്കുന്നത് അഭികാമ്യം. 

Latest News