ഹൃദയഭേദകമെന്ന് സത്യ നഡല്ല, ഇന്ത്യയ്ക്ക് സഹായവുമായി ഗൂഗ്ള്‍, മൈക്രോസോഫ്റ്റ് മേധാവിമാര്‍

ന്യൂദല്‍ഹി- ഇന്ത്യ നേരിടുന്ന രൂക്ഷമായ കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സഹായവുമായി ആഗോള ടെക്ക് ഭീമന്‍മാരായ ഗുഗ്‌ളും മൈക്രോസോഫ്റ്റും രംഗത്ത്. ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി കണ്ട് തകര്‍ന്നു പോയെന്ന് ഗൂഗ്ള്‍ സിഇഒ സുന്ദര്‍ പിചയ് പറഞ്ഞു. ഇന്ത്യയില്‍ സാഹയമെത്തിക്കാന്‍ യുനിസെഫിനും ഗിവ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയ്ക്കുമായി 135 കോടി രൂപ നല്‍കുമെന്ന് പിചയ് അറിയിച്ചു. 

ഇന്ത്യയിലെ കോവിഡ് സാഹചര്യം ഹൃദയഭേദകമാണെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നഡല്ല പറഞ്ഞു. ഓക്‌സിജന്‍ വിതരണത്തിനടക്കം എല്ലാ സാങ്കേതിക സഹായങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നഡെല്ലയും പിചയും ഇന്ത്യന്‍ വംശജരാണ്. യുഎസ് സര്‍ക്കാര്‍ ഇന്ത്യയെ സഹായിക്കുന്നതില്‍ സന്തോഷമുണ്ട്. മൈക്രോസോഫ്റ്റും എല്ലാ പിന്തുണയും നല്‍കുമെന്നും നഡെല്ല പറഞ്ഞു.

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഇ്ന്ത്യയ്ക്ക് സഹായം ലഭിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈ്‌സ് പ്രസിഡന്റ് കമല ഹാരിസും ഇന്ത്യയ്ക്ക് എല്ലാ സഹായങ്ങളും ഉറപ്പു നല്‍കിയിട്ടുണ്ട്. അടിയന്തിരമായി ആവശ്യമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റും എത്തിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും യുഎസ് അറിയിച്ചിട്ടുണ്ട്. കോവിഡ് രൂക്ഷമായ വേളയില്‍ ഇന്ത്യ യുഎസിനെ സഹായിച്ചപോലെ ഇന്ത്യയെ സഹായിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് ബൈഡന്‍ ട്വീറ്റ് ചെയ്തിരുന്നു. 

Latest News