കോവിഡ് പേടിച്ച് ഇന്ത്യയിലെ അതിസമ്പന്നര്‍ ലക്ഷങ്ങള്‍ പൊടിച്ച് ലണ്ടനിലേക്ക് പറന്നു

ന്യൂദല്‍ഹി- കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള യാത്രകള്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തുന്നതിനു തൊട്ടു മുമ്പായി ലക്ഷങ്ങള്‍ പൊടിച്ച് ഇന്ത്യയിലെ അതിസമ്പന്നരായ ചിലര്‍ സ്വകാര്യ വിമാനങ്ങളില്‍ ലണ്ടനിലെത്തി. കോവിഡും ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷിതത്വം തേടിയാണ് കോടീശ്വരന്‍മാര്‍ നാടുവിട്ടത്. ചിലര്‍ പ്രത്യേക വിമാനം വാടകയ്‌ക്കെടുത്തായിരുന്നു യാത്ര. യാത്രാ വിലക്ക് നിലവില്‍ വന്നതിനാല്‍ സമ്പന്നരുടെ ഏതാനും വിമാനങ്ങളെ ലണ്ടനില്‍ ഇറങ്ങാനും അനുവദിച്ചില്ല. 

വെള്ളിയാഴ്ച രാവിലെ 8.30 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയത്. ഇതിനു തൊട്ടുമുമ്പായി എട്ട് സ്വകാര്യ വിമാനങ്ങളാണ് ഇന്ത്യയില്‍ നിന്ന് ലണ്ടനിലെത്തിയതെന്ന് ഫ്‌ളൈറ്റ്അവയര്‍ വെബ്‌സൈറ്റ് കാണിക്കുന്നു. മുംബൈയില്‍ നിന്ന് നാലും ദല്‍ഹിയില്‍ നിന്ന് മൂന്നും അഹമദാബാദില്‍ നിന്ന് ഒന്നും വിമാനങ്ങളാണ് ലണ്ടനില്‍ പറന്നിറങ്ങിയത്. ഒരു വിമാനത്തിനുള്ള ചെലവ് 72 ലക്ഷം രൂപ (70,000 പൗണ്ട്) വരെ ആകാമെന്നും ഈ വെബ്‌സൈറ്റ് പറയുന്നു. ഇഴയില്‍ പല വിമാനങ്ങളും അവസാന മണിക്കൂറിലാണ് ലണ്ടനിലിറങ്ങിയത്.

യാത്രാ വിലക്ക് നിലവില്‍ വരുന്നതിന് തൊട്ടുമുമ്പായി വിദ്യാര്‍ത്ഥികളടക്കമുള്ള നിരവധി ഇന്ത്യന്‍ യാത്രക്കാര്‍ക്ക് കഴിഞ്ഞയാഴ്ച നേരിട്ടുള്ള വിമാനങ്ങളില്‍ സീറ്റ് ലഭിച്ചിരുന്നില്ല. ചില വിമാന കമ്പനികള്‍ അധിക സര്‍വീസിന് അനുമതി തേടുകയും ചെയ്തിരുന്നു. ദല്‍ഹിയില്‍ നിന്ന് ചാര്‍ട്ടര്‍ ചെയത് ഖത്തര്‍ എയര്‍വേയ്‌സ് വിമാനം ലണ്ടനില്‍ ലാന്‍ഡിങ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് റദ്ദാക്കുകയും ചെയ്തിരുന്നു. 


 

Latest News