ന്യൂദൽഹി- എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ച് ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിക്കുമ്പോഴും വാക്‌സിൻ നൽകാതെ കേന്ദ്രം മുന്നോട്ടുപോകുന്നു. 18നും 45നും ഇടയിൽ പ്രായമുള്ളവർക്കുള്ള വാക്‌സിനേഷന് കേന്ദ്ര സഹായം ലഭിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. ഈ പ്രായത്തിനിടയിലുള്ളവർക്ക് സ്വകാര്യ ആശുപത്രികളിൽനിന്ന് മാത്രമേ വാക്‌സിൻ എടുക്കാനാകൂവെന്ന് ആരോഗ്യമന്ത്രാലയം ആദ്യം പ്രഖ്യാപിച്ചു. ഇത് വിവാദമായതോടെ ഈ ട്വീറ്റ് പിൻവലിച്ച ആരോഗ്യമന്ത്രാലയം സർക്കാർ കേന്ദ്രങ്ങളിൽനിന്നും വാക്‌സിൻ എടുക്കാമെന്നും എന്നാൽ ഇതിന് കേന്ദ്ര വിഹിതം ലഭിക്കില്ലെന്നും വ്യക്തമാക്കി. ഇതോടെ സംസ്ഥാന സർക്കാറോ സ്വകാര്യ ആശുപത്രികളോ വാങ്ങുന്ന വാക്‌സിൻ മാത്രമേ ഈ പ്രായത്തിനിടയിലുള്ളവർക്ക് ലഭിക്കൂ. കോവിഷീൽഡിന് 600 രൂപയും കോവാക്‌സിന് 1200 രൂപയും ആയിരിക്കും വില. ഇതിന്റെ സർവീസ് ചാർജ് കൂടി നൽകിയേ ആളുകൾക്ക് വാക്‌സിൻ ലഭ്യമാകൂ. സർക്കാർ തീരുമാനത്തിന് എതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.