Sorry, you need to enable JavaScript to visit this website.

ബോട്ട് തകര്‍ന്ന് 11 മത്സ്യത്തൊഴിലാളികളെ കാണാതായി; നാവികസേനയും തീരസേനയും തിരച്ചില്‍ തുടങ്ങി

കൊച്ചി- അറബിക്കടലില്‍ ബോട്ട് അപകടത്തില്‍പ്പെട്ട് കാണാതായ കന്യാകുമാരിയില്‍നിന്നുള്ള 11 മത്സ്യത്തൊഴിലാളികള്‍ക്കായി നാവിക സേനയും തീ സംരക്ഷണ സേനയും തിരച്ചില്‍ ആരംഭിച്ചു. മുംബൈയില്‍നിന്ന് നേവിയുടെ എയര്‍ക്രാഫ്റ്റും തീര സംരക്ഷണ സേനയുടെ കപ്പലും പുറപ്പെട്ടു.
കഴിഞ്ഞ ഒമ്പതിന് കന്യാകുമാരി തേങ്ങാപട്ടണത്ത് നിന്ന് പുറപ്പെട്ട മെഴ്സിഡസ് മീന്‍പിടിത്ത ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
ഗോവ തീരത്തുനിന്ന് 600 നോട്ടിക്കല്‍ മൈല്‍ (1111 കി.മീറ്റര്‍) അകലെയാണ് അപകടം. കന്യാകുമാരിയിലെ ജോസഫ് ഫ്രാങ്ക്ളിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ജോസഫിനെ കൂടാതെ കന്യാകുമാരി വള്ളവിളൈ സ്വദേശികളായ ഫ്രെഡി, യേശുദാസന്‍, ജോണ്‍, സുരേഷ്, ജെബീഷ്, വിജീഷ്, ജനിസ്റ്റണ്‍, ജഗന്‍, സ്റ്ററിക്, മെല്‍വിന്‍ എന്നിവരാണു ബോട്ടില്‍ ഉണ്ടായിരുന്നത്.
വെള്ളിയാഴ്ച വൈകിട്ട് ബോട്ടിലുണ്ടായിരുന്നവര്‍ മറ്റു ബോട്ടുകളിലെ തൊഴിലാളികളുമായി ബന്ധപ്പെട്ടിരുന്നു. ശനിയാഴ്ച ഉച്ചക്ക് തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ട മറ്റു ബോട്ടുകളിലെ തൊഴിലാളികളാണ് വിവരം കരയിലറിയിച്ചത്. കപ്പലിടിച്ചാണ് ബോട്ടു തകര്‍ന്നതെന്ന് അവശിഷ്ടങ്ങള്‍ കണ്ട തൊഴിലാളികള്‍ പറഞ്ഞു. ആരെയും കണ്ടെത്താനായിട്ടില്ല. തകര്‍ന്ന ബോട്ടിനൊപ്പമുള്ള രണ്ടു ചെറുവള്ളങ്ങളിലൊന്ന് ആളൊഴിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി നേവല്‍ ബേസിലെ ജോയിന്റ് ഓപറേഷന്‍ സെന്റര്‍, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ് എന്നിവക്ക് പരാതി നല്‍കി. തുടര്‍ന്നാണ് മുംബൈയില്‍നിന്ന് കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും എയര്‍ക്രാഫ്റ്റും തിരച്ചിലിനായി പോയത്. മത്സ്യത്തൊഴിലാളികളുടെ പത്തു ബോട്ടുകളും അന്വേഷണത്തിനുണ്ട്.

 

Latest News