കൊണ്ടോട്ടി-മാനസിക രോഗിയായ മകനെ പളളിക്കിണറ്റിലും മാതാവിനെ തലക്കടിച്ച് കൊന്ന നിലയിൽ വീട്ടിനുളളിലും കണ്ടെത്തി. കൊണ്ടോട്ടിക്കടത്ത് നീറാട് വരടിക്കുത്ത് പറമ്പ് മാപ്പിള വീട്ടിൽ ആയിശക്കുട്ടി(58)യെ നീറാട് വീട്ടിനുളളിലും, മകൻ അബ്ദുൽ ഗഫൂറി(42)നെ മൂന്നു കിലോമീറ്റർ അകലയുളള കിഴിശ്ശേരി വെസ്റ്റ് മൂച്ചിക്കൽ ജുമാമസ്ജിദിന്റെ കിണറ്റിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആയിശക്കുട്ടിയെ അബ്ദുൽ ഗഫൂർ കല്ലുകൊണ്ട് അടിച്ച് കൊന്ന് ശേഷം പളളിക്കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം.
വെസ്റ്റ് മൂച്ചിക്കൽ മസ്ജിദിൽ ഉച്ചക്ക് നമസ്‌ക്കരിക്കാനെത്തിയവരാണ് പളളിക്കിണറ്റിലെ വെളളം കലങ്ങിയ നിലയിൽ കണ്ടത്. സംശയാസ്പദമായി കിണറ്റിനരികിൽ ചെരിപ്പും കണ്ടെത്തി. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് ഗഫൂറിന്റെ മൃതദേഹം കണ്ടത്. മലപ്പുറത്ത് നിന്ന് ഫയർഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ മാറ്റി. അബ്ദുൽ ഗഫൂറിന്റെ ഭാര്യ ഫാത്തിമ സുഹ്‌റയുടെ വീടിന് സമീപത്താണ് ജുമാമസ്ജിദ്. ഗഫൂർ മരിച്ച വിവരം വീട്ടിൽ അറിയിക്കാനും വീടു വൃത്തിയാക്കാനുമായി എത്തിയപ്പോഴാണ് ആയിശക്കുട്ടിയെ നീറാട്ടുളള വീട്ടിനുളളിൽ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടത്. അടിയേറ്റ് ആയിശക്കുട്ടിയുടെ മുഖം വൃകൃതമായിരുന്നു.സമീപത്ത് തന്നെ കല്ലുകളും കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ മുൻവശത്തെ തൂണിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് വിവാഹ മോചിതയായ ആയിശക്കുട്ടിയും ഏക മകൻ അബ്ദുൾ ഗഫൂറും ഒരുമിച്ചാണ് താമസം. ഇരുവരും മാനസിക അസ്വസ്ഥ്യം പ്രകടിപ്പിക്കുന്നവരാണ്. ആയതിനാൽ തന്നെ ബന്ധക്കളുമായോ സമീപ വാസികളോടും അകലം പാലിച്ചാണ് ഇവരുടെ ജീവിതം. രണ്ടര മാസമായി കോഴിക്കോട് കുതിരവട്ടം മാനസികരോഗ ചികിൽസ കഴിഞ്ഞ് വ്യാഴാഴ്ചയാണ് അബ്ദുൾ ഗഫൂർ വീട്ടിലെത്തിയത്.
മഞ്ചേരി സി.ഐയുടെ എൻ.വി.ഷൈജുവിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.വിരലടയാള വിദഗ്ദനും സ്ഥലത്തെത്തി പരിശോധന നടത്തി.
അബ്ദുൽ ഗഫൂറിന്റെ ഭാര്യ ഫാത്തിമ സുഹ്‌റ.ഏക മകൾ ഫാത്തിമ ഫിദ.മരിച്ച ആയിശക്കുട്ടിയുടെ സഹോദരങ്ങൾ.മുഹമ്മദ്,ഏന്തീൻകുട്ടി,അലവി,അബൂബക്കർ,പരേതനായ മൊയ്തീൻ.