കല്‍പറ്റ- കോവിഡ് രണ്ടാം തരംഗ വ്യാപനത്തോടെ വയനാട്ടില്‍ ബസ് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സ്വകാര്യ ബസുകളില്‍ പ്രതിദിന ടിക്കറ്റ് വിറ്റുവരവ് കഴിഞ്ഞ മാസത്തെ അപേക്ഷിച്ചു പാതിയിലും താഴെയായി. കനത്ത നഷ്ടം സഹിച്ചു സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമകള്‍ കൊടിയ പ്രതിസന്ധി നേരിടുകയാണ്.
ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു കടമെടുത്തു ബസ് വാങ്ങിയവര്‍ തിരിച്ചടവിനു ഗതിയില്ലാതെ ഉഴലുകയാണ്. ബസ് നിര്‍ത്തിയിടാനും ഓടിക്കാനും കഴിയാത്ത സ്ഥിതിയിലാണ് ഇവരില്‍ ഏറെയും. സര്‍ക്കാര്‍ കൈയയച്ചു സഹായിച്ചില്ലെങ്കില്‍ പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ കഴിയില്ലെന്നു സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നു കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ ശരാശരി പ്രതിദിന ടിക്കറ്റ് വിറ്റുവരവ് 12,000 രൂപയായിരുന്നതു 6,000 രൂപയായി കുറഞ്ഞു. ജില്ലക്കകത്തു സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ അവസ്ഥയും ഭിന്നമല്ലെന്നു പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.കെ. ഹരിദാസ് പറഞ്ഞു.
സര്‍വീസ് പൂര്‍ണമായി നടത്തുന്നതിനു ബസ് ഒന്നിനു ദിവസം 80-85 ലിറ്റര്‍ ഡീസല്‍ വേണം. ഡ്രൈവറും കണ്ടക്ടറും സഹായിയും അടക്കം മൂന്നു തൊഴിലാളികള്‍ക്കു വേതനം നല്‍കണം. സ്റ്റാന്‍ഡ് ഫീ ഒടുക്കണം. ടയര്‍ തേയ്മാനം അടക്കം പരോക്ഷ ചെലവുകള്‍ പുറമേ. നിലവില്‍ ബസുകള്‍ ഓടിക്കിട്ടുന്ന വരുമാനം ഡീസലടിക്കാനും തൊഴിലാളികള്‍ക്കു കൂലി കൊടുക്കാനും കഷ്ടിച്ചാണ് തികയുന്നത്. റോഡ് നികുതി-ക്ഷേമനിധി, ഇന്‍ഷ്വറന്‍സ് പ്രീമിയം, ധനകാര്യ സ്ഥാപനങ്ങളില്‍നിന്നെടുത്ത വായ്പയുടെ പ്രതിമാസ തിരിച്ചടവ് എന്നിവക്കു പണം വേറെ കണ്ടത്തേണ്ട ഗതികേടിലാണ് സ്വകാര്യ ബസ് ഉടമകള്‍.