Sorry, you need to enable JavaScript to visit this website.

പ്രാണവായുവിന് കാത്ത് ഇന്ത്യ 

ഇന്ത്യാ മഹാരാജ്യം പ്രാണവായുവിനായി കാത്തിരിക്കുകയാണ്. രാഷ്ട്രീയം നോക്കാതെ നമ്മെ സഹായിക്കാമെന്ന് ചൈനയും റഷ്യയും അറിയിച്ചിട്ടുണ്ട്. ജർമനി, ഫ്രാൻസ് തുടങ്ങിയ സമ്പന്ന മുതലാളിത്ത രാജ്യങ്ങളും നമ്മെ സഹായിക്കാനുള്ള സന്നദ്ധത അറിയിച്ചു. വെള്ളിയാഴ്ച ഹിന്ദു പത്രത്തിലും കേരളകൗമുദിയിലും കണ്ട ഒരു വാർത്ത പാക്കിസ്ഥാനിലെ ഒരു എൻ.ജി.ഒ ഇപ്പോഴത്തെ അവസ്ഥയിൽ ഇന്ത്യയെ സഹായിക്കാനുള്ള ഒരുക്കങ്ങൾ ചെയ്യുന്നതിനെ കുറിച്ചാണ്. പാക് ജനതയും  പ്രസിഡന്റ് ഇംറാൻ ഖാനോട് ഇന്ത്യയെ സഹായിക്കാൻ ആവശ്യപ്പെടുന്നു. അങ്ങനെയായിരിക്കണം അയൽക്കാർ. പരമ്പരാഗത വൈരികളെന്നൊക്കെ പറഞ്ഞിരിക്കുന്നത് രാഷ്ട്രീയക്കാർക്ക് കൊള്ളാം. സാധാരണക്കാർക്ക് മനുഷ്യജീവിതം ഒരേ പോലെയല്ലേ. 


വളരെ ദുഃഖകരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. പ്രത്യേകിച്ചും ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. കോവിഡിന്റെ രണ്ടാം വരവ് ഇന്ത്യക്കാരുടെ മനസ്സിൽ തീ കോരിയിട്ടാണ് നാളുകൾ പിന്നിടുന്നത്. സിഎൻഎൻ ചാനലിൽ പ്രമുഖ മാധ്യമ പ്രവർത്തക ബർഖാ ദത്ത് ഇന്ത്യയിലെ സാഹചര്യങ്ങൾ വിവരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ച പല സംസ്ഥാനങ്ങളിലേയും കോവിഡ് ആശുപത്രികൾ, ഐസിയുകൾ, ശ്മശാനങ്ങൾ എന്നിവ സന്ദർശിച്ച അനുഭവം വെച്ചാണ് സംസാരിച്ചത്. അവരുടെ അഛനും കോവിഡ് പോസിറ്റീവാണ്. ഇക്കാര്യം പറഞ്ഞപ്പോൾ ചാനലിലെ അവതാരക ഇടപെട്ട് സോറി പറഞ്ഞത് നമ്മുടെ ആങ്കർമാർക്ക് മാതൃകയാക്കാവുന്നതാണ്. സ്‌കൈപിലൂടെയാണ് റിപ്പോർട്ട്. മഥുരയിലെ മതഘോഷയാത്ര, ഗംഗാ തീരത്തെ  കൂട്ട സ്‌നാനം, പശ്ചിമ ബംഗാളിലെ കൂറ്റൻ തെരഞ്ഞെടുപ്പ് റാലികൾ എന്നിവയുടെ ദൃശ്യങ്ങൾ കൂട്ടിനുണ്ട്. കോവിഡിന്റെ രണ്ടാം വരവിൽ അമേരിക്കയെക്കാൾ മോശമാണ് ഭാരതത്തിന്റെ സ്ഥിതി. എന്നിട്ടും എന്തു കൊണ്ട് അധികൃതരുടെ നിസ്സംഗത എന്ന വിഷയമാണ് സിഎൻഎൻ ഉയർത്തിയത്. ലോക്ഡൗണെന്നത് അവസാന കൈക്ക് പ്രയോഗിക്കാമെന്ന പരാമർശവും ചോദ്യം ചെയ്യപ്പെടുന്നു. 

***    ***    ***

ഭരണകൂടത്തിന്റെ ഉദാസീനതയാണ് ഇപ്പോൾ പ്രാണവായുവിനായി പിടയുന്ന ഒരു ജനതയായി ഇന്ത്യക്കാരെ മാറ്റിയത്. ഇറ്റലിയിലടക്കം യൂറോപ്പിൽ ആദ്യ തരംഗം  ഉണ്ടായപ്പോഴത്തെ അവസ്ഥ നമ്മുടെ മുന്നിലുണ്ടായിരുന്നു. അന്ന് അവിടെയുള്ളവർ തന്നെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കു മുന്നറിയിപ്പ് നൽകിയിരുന്നതാണ്. തയാറെടുപ്പിനായി വേണ്ടത്ര സമയവും മുന്നിലുണ്ടായിരുന്നു. എന്നാൽ ഒന്നാം തരംഗം ശമിച്ചതോടെ എല്ലാം ശരിയായെന്ന ചിന്തയോടെ ഭരണകൂടവും രാഷ്ട്രീയ കക്ഷികളും നേതാക്കളും കാണിച്ച മണ്ടത്തരത്തിന്റെ ശിക്ഷയാണ്  രാജ്യം അനുഭവിക്കുന്നത്. പ്രാണവായു കിട്ടാതെ ജനം പിടഞ്ഞുവീഴുന്നു. വലിയ ഓക്‌സിജൻ നിർമാണ ഫാക്ടറികൾ ഉള്ള രാജ്യത്തു അവയുടെ ഉൽപ്പാദനവും വിതരണവും കൂട്ടാനും കാര്യക്ഷമമാക്കാനും കോടതിയ്ക്ക് കണ്ണുരുട്ടേണ്ടിവരുന്നു. 
ലോകത്ത് ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയതോടെ എല്ലാം താറുമാറായി. രോഗികളുടെ ജീവൻ രക്ഷിക്കാൻ ആവശ്യമായ പ്രാണവായുവില്ലാതെ, കിടക്കകളില്ലാതെ, വെന്റിലേറ്റർ സംവിധാനങ്ങളില്ലാതെ കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യ കിതക്കുകയാണ്. ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന 80 ശതമാനം ഓക്‌സിജനും മഹാരാഷ്ട്ര, ഗുജറാത്ത്, ജാർഖണ്ഡ്, ഒഡീഷ, തമിഴ്‌നാട്, കർണാടക, കേരള, പശ്ചിമബംഗാൾ എന്നിവിടങ്ങളിലാണ്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ദൽഹി, മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ സ്വന്തമായി ഓക്‌സിജൻ ഉൽപാദനം നടക്കുന്നില്ല. 


കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിൽ കോവിഡിനിടെ നടത്തിയ തെരഞ്ഞെടുപ്പ് മഹാമഹവും ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിന്റെ മൂലകാരണമായി. കോവിഡ് പ്രോട്ടോക്കോളുകൾ ഒക്കെ കാറ്റിൽ പറത്തിയാണ് നേതാക്കളും അനുയായികളും കൂടി നഗരങ്ങളിലും ഗ്രാമങ്ങളിലും ജനവാസ മേഖലയിലൂടെ റോഡ് ഷോയും റാലികളും നടത്തിയത്. തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ കോവിഡ് രോഗികളുടെ എണ്ണം കുതിയ്ക്കാൻ തുടങ്ങി. മെയ് രണ്ടിന് ആര് ജയിച്ചാലും ആഘോഷങ്ങൾ ഓൺലൈനിൽ മാത്രമെന്ന് തീരുമാനിച്ചു കൂടേ? അതു കഴിഞ്ഞ് മന്ത്രിസഭാ രൂപീകരണത്തിന്റെ ചടങ്ങുകളും സൂമിലാക്കാം. 

***    ***    ***

കേരളത്തിലെ പ്രതിദിന കോവിഡ് കേസുകൾ അര ലക്ഷത്തിലേക്ക് നീങ്ങുകയാണ്. ആശങ്ക പരത്തുന്നതാണ് പല ജില്ലകളിലേയും സ്ഥിതി. 
ഇതിനിടയ്ക്കും ആശ്വസിക്കാൻ വകയുണ്ട്.  കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യം ഓക്‌സിജൻ ക്ഷാമം നേരിടുമ്പോൾ ആവശ്യത്തിലധികം ഓക്‌സിജൻ കേരളത്തിൽ മാത്രം. രാജ്യത്ത് ഓക്‌സിജൻ ശേഷി ആവശ്യത്തിലധികമുള്ള ഏക സംസ്ഥാനം കേരളമാണ്. ദിവസേന തമിഴ്‌നാടിനും കർണാടകത്തിനും ഓക്‌സിജൻ നൽകി കേരളം. തമിഴ്‌നാടിന് 80-90 ടണ്ണും കർണാടകത്തിന് 30-40 ടണുമാണ് നൽകുന്നത്.


പൂർണതോതിൽ ഉത്പാദിപ്പിച്ചാൽ 204 ടൺ ഓക്‌സിജൻ കേരളത്തിലുണ്ട്.  ഇതുകൂടാതെ ഏപ്രിൽ 22ലെ കണക്കനുസരിച്ച് 550.97 ടൺ ദ്രവീകൃത ഓക്‌സിജന്റെ സ്‌റ്റോക്കുമുണ്ട്. കേരളത്തിന് ദിവസേന 70-80 ടൺ മെഡിക്കൽ ഓക്‌സിജൻ മാത്രമേ ആവശ്യം വരുന്നുള്ളൂ.
കേരളത്തിന്റെ ഓക്‌സിജൻ ഉത്പാദനത്തെ ബിബിസി പ്രകീർത്തിച്ചത് ശ്രദ്ധേയമായി. ഇന്ത്യയിലെ ഓക്‌സിജൻ ക്ഷാമത്തെക്കുറിച്ചുള്ള റിപ്പോർട്ടിലാണ് കേരളത്തിന്റെ ദീർഘവീക്ഷണത്തെ പ്രതിപാദിച്ചത്. 'തെക്കേ സംസ്ഥാനമായ കേരളം ആവശ്യം സസൂക്ഷ്മം നിരീക്ഷിച്ച് കേസുകളിൽ വരാവുന്ന വർദ്ധന കണക്കിലെടുത്ത് ആസൂത്രണം ചെയ്ത് വിതരണം ഉയർത്തി. ഇപ്പോൾ അധികമുള്ള ഓക്‌സിജൻ കേരളം മറ്റ് സംസ്ഥാനങ്ങളിലേക്ക് അയയ്ക്കുകയാണ്' -റിപ്പോർട്ടിൽ പറയുന്നു. 

***    ***    ***

 കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം മലയാള സിനിമ മേഖലയെ വീണ്ടും കടുത്ത പ്രതിസന്ധിയിലാഴ്ത്തി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി അടക്കമുള്ള സൂപ്പർതാര ചിത്രങ്ങളുടെ ഷൂട്ടിംഗ് ഇതോടെ നിർത്തിവച്ചു. നടൻ ടൊവിനോ തോമസിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് മിന്നൽ മുരളിയുടെ ഷൂട്ടിംഗ് ഒരാഴ്ച മുമ്പ് നിർത്തിവെച്ചിരുന്നു. നിലവിൽ പുതുതായി നടക്കാനിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗും ഇതോടെ അനിശ്ചിതാവസ്ഥയിലാണ്. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളിയുടെ സെക്കന്റ് ഷെഡ്യൂൾ കർണാടകയിലും പൊള്ളാച്ചിയിലും ഈരാറ്റുപേട്ടയിലുമായി നടന്നു കൊണ്ടിരിക്കവെയാണ് ടൊവിനോയ്ക്കടക്കം കോവിഡ് പിടിപെട്ടത്. തുടർന്ന് ഷൂട്ടിംഗ് നിർത്തി. ആലുവയിൽ ക്വാറന്റൈനിലാണ് ടൊവിനോ ഇപ്പോൾ. നടന്റെ ഫിസിക്കൽ ട്രെയിനർക്കും കോവിഡ് പിടിപെട്ടിരുന്നു. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ അടുത്ത ഷെഡ്യൂൾ ഇനിയും വൈകും.


മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ട് ഗോവയിൽ പുരോഗമിക്കുന്നതിനിടെ പ്രൊഡക്ഷൻ ടീമിനടക്കം കോവിഡ് ബാധിച്ചതോടെ ചിത്രീകരണം നിലച്ചു. പൃഥ്വിരാജും നിരവധി വിദേശ താരങ്ങളുമടക്കം പങ്കെടുക്കേണ്ടിയിരുന്ന ഷെഡ്യൂളായിരുന്നു. സുരക്ഷയെ മുൻനിർത്തിയാണ് ഷൂട്ടിംഗ് നിർത്തിവെച്ചത്. നവോദയ സ്റ്റുഡിയോയിൽ സന്തോഷ് രാമന്റെ നേതൃത്വത്തിൽ സെറ്റ് വർക്കുകളുടെ പണി നടന്നു കൊണ്ടിരിക്കുകയാണ്. അത് പൂർത്തിയാകുന്ന മുറയ്ക്ക് ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി. ഇൻഡോർ ഷൂട്ടിംഗ് ആയതിനാൽ ജനക്കൂട്ടത്തെ പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കും.
അമൽ നീരദ്-മമ്മൂട്ടി ചിത്രമായ ഭീഷ്മപർവ്വത്തിന്റെയും ജോഷി-സുരേഷ്‌ഗോപി ചിത്രമായ പാപ്പന്റെയും ഷൂട്ടിംഗ് ഇന്നലെ ഷെഡ്യൂളായി. ജൂനിയർ ആർട്ടിസ്റ്റുകളടക്കം 150 ലേറെ ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള രംഗങ്ങളാണ് പാപ്പനിൽ ഇനി ചിത്രീകരിക്കാനുള്ളത്. ആൾക്കൂട്ടത്തെ ഒഴിവാക്കണമെന്ന കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ അതിന് കഴിയാത്ത സാഹചര്യത്തിലാണ് ഷൂട്ടിംഗ് നിർത്തിവെച്ചത്.


മഞ്ജു വാര്യർ ചിത്രം ചതുർമുഖം കഴിഞ്ഞ വാരത്തിൽ തിയേറ്ററുകളിൽനിന്ന് പിൻവലിച്ചു. മെച്ചപ്പെട്ട കലക്ഷൻ നേടി മുന്നേറുന്നതിനിടെയാണ് ചിത്രം പിൻവലിച്ചത്. കോവിഡ് രൂക്ഷമാകുന്ന ഘട്ടത്തിൽ സാമൂഹിക പ്രതിബദ്ധത കാരണമാണ് സിനിമ പിൻവലിക്കുന്നതെന്ന് ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. സിനിമ കാണാനൊന്നും ആളില്ലെന്നത് വേറെ കാര്യം. പ്രത്യേകിച്ച് എറാണകുളത്തും കോഴിക്കോട്ടും കോവിഡ് രൂക്ഷമായ ശേഷം പ്രത്യേകിച്ചും. ഇങ്ങനെ പിൻവലിച്ച സിനിമകൾ ഇനി തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകൾ വ്യക്തമാക്കിയിട്ടുണ്ട്.

***    ***    ***

മലയാളത്തിന്റെ ഹാസ്യസമ്രാട്ട് ജഗതി ശ്രീകുമാർ വെള്ളിത്തിരയിൽ തിരിച്ചെത്തുന്നുവെന്ന കാര്യം മലയാളികളെ ആഹ്ലാദിപ്പിക്കുന്നതാണ്.
 നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയുടെ ഹാസ്യസമ്രാട്ട് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നു. സംവിധായകൻ കുഞ്ഞുമോൻ താഹ കഥ എഴുതി സംവിധാനം ചെയ്യുന്ന 'തീമഴ തേൻ മഴ' എന്ന ചിത്രത്തിലൂടെയാണ് ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ്. കറുവാച്ചൻ എന്ന ശക്തമായ കഥാപാത്രത്തെയാണ് ജഗതി അവതരിപ്പിക്കുന്നത്. ജഗതി ശ്രീകുമാറിന്റെ വീട്ടിൽ വെച്ചായിരുന്നു ചിത്രീകരണം. 2012ൽ കാലിക്കറ്റ് സർവകലാശാലയ്ക്കടുത്ത് ചേളാരിയിലുണ്ടായ വാഹനാപകടത്തിന് ശേഷം ജഗതി ശ്രീകുമാർ വിശ്രമത്തിലായിരുന്നു. വീൽചെയറിലായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നത്. ആരോഗ്യത്തിനനുസൃതമായ വേഷങ്ങൾ കൈകാര്യം ചെയ്ത് ജഗതി വീണ്ടും വരുമെന്നാണ് വാർത്തകൾ. 
 

Latest News