Sorry, you need to enable JavaScript to visit this website.

ബിറ്റ്‌കോയിന്‍ നിക്ഷേപകരെ തേടി ആദായ നികുതി വകുപ്പ്

അഞ്ച് ലക്ഷത്തോളം പേര്‍ക്ക് നോട്ടീസയച്ചു

ന്യൂദല്‍ഹി- മൂല്യം കുതിച്ചുയര്‍ന്ന ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ്‌കോയിന്‍ നിക്ഷേപത്തെ കുറിച്ചുള്ള അന്വേഷണം ആദായ നികുതി വകുപ്പ് വ്യാപിപ്പിക്കുന്നു. ഇതുവരെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലാത്തതും റിസര്‍വ് മുന്നറിയിപ്പ് നല്‍കുന്നതുമായ വിര്‍ച്വല്‍ കറന്‍സിയുടെ ഇടപാട് നടത്തിയെന്നു കരുതുന്ന രാജ്യത്തെ അഞ്ച് ലക്ഷത്തോളം നിക്ഷേപകര്‍ക്ക് നോട്ടീസ് അയച്ചിരിക്കയാണ് ആദായ നികുതി വകുപ്പ്.
നികുതി വെട്ടിക്കാനായി ബിറ്റ് കോയനിലേക്ക് മാറുന്നുണ്ടോ എന്നറിയാനായി നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞയാഴ്ച സര്‍വേ ആരംഭിച്ചിരുന്നു. 20 ലക്ഷത്തോളം ബിറ്റ് കോയിന്‍ രജിസ്‌ട്രേഷന്‍ നടന്നിട്ടുണ്ടെങ്കിലും നാല് മുതല്‍ അഞ്ച് ലക്ഷത്തോളം പേരാണ് സജീവമായി നിക്ഷേപം നടത്തുകയും ഇടപാട് നടത്തുകയും ചെയ്യുന്നത്.
ആദായ നികുതി വകുപ്പിന്റെ ബംഗളൂരു അന്വേഷണ സംഘമാണ് കഴിഞ്ഞയാഴ്ച സര്‍വേ പൂര്‍ത്തിയാക്കിയത്. വ്യക്തികളെ കുറിച്ചും സ്ഥാപനങ്ങളെ കുറിച്ചും ലഭ്യമായ വിവരങ്ങള്‍ കൂടുതല്‍ പരിശോധനക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അന്വേഷണ സംഘങ്ങള്‍ക്ക് കൈമാറിയിരിക്കയാണ്.
ബിറ്റ് കോയിനില്‍ നിക്ഷേപം നടത്തിയവര്‍ നികുതി വെട്ടിച്ചാണോ അതു ചെയ്തതെന്ന് കണ്ടെത്താനാണ് വിശദാംശങ്ങള്‍ പരിശോധിക്കുന്നതും അതിനുശേഷം ഇവര്‍ക്ക് വരുമാന ലാഭത്തിനുള്ള നികുതി ഈടാക്കാന്‍ നോട്ടീസ് അയക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ബിറ്റ് കോയിന്‍ മൂല്യവര്‍ധനയിലൂടെ കോടികള്‍ നേടിയ വ്യക്തികളും സ്ഥാപനങ്ങളും അവരുടെ സാമ്പത്തിക വിവരങ്ങള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കേണ്ടി വരും. ബിറ്റ് കോയിന്‍ ഉള്‍പ്പെടെയുള്ള പ്രതീതി കറന്‍സികള്‍ ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. ഇവ നിയന്ത്രിക്കാന്‍ ഇതുവരെ ചട്ടങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ഇതുകൊണ്ടുതന്നെ ആദായ നികുതി നിയമത്തില്‍ നിലവിലുള്ള വകുപ്പുകള്‍ പ്രയോഗിക്കുകയേ നിര്‍വാഹമുള്ളൂ. ആദായ നികുതി വകുപ്പിലെ 133 എ വകുപ്പ് പ്രകാരാണ് കഴിഞ്ഞയാഴ്ച സര്‍വേ നടപടികള്‍ സ്വീകരിച്ചത്. നിക്ഷേപരേയും ഇടപാടുകാരേയും കണ്ടെത്തിയ ശേഷം അവര്‍ ഇടപാട് നടത്തിയവരെ കുറിച്ചും പണം ട്രാന്‍സ്ഫര്‍ ചെയ്ത ബാങ്ക് അക്കൗണ്ടുകളെ കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.

 

Latest News