പ്രവാസികള്‍ക്ക് പ്രതിനിധി വോട്ട്: നിയമഭേദഗതി ബില്‍ അവതരിപ്പിച്ചു

ന്യൂദല്‍ഹി- പ്രവാസികള്‍ക്ക് സ്വന്തം മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ പ്രതിനിധിയെ (പ്രോക്‌സി) നിയോഗിച്ച് വോട്ട് രേഖപ്പെടുത്തുന്നതിന് അവസരം ഒരുക്കുന്ന നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളത്തിനിടയിലാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ബില്‍ അവതരിപ്പിച്ചത്. പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാക്കുന്നതിനായി 1951ലെ ജനപ്രാതിനിധ്യ നിയമത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്.
2010 ല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമ ഭേദഗതി പ്രകാരം പ്രവാസികള്‍ക്ക് സ്വന്തം മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. തിരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിലുണ്ടെങ്കില്‍ വോട്ടും രേഖപ്പെടുത്താം. ഈ നിയമഭേദഗതി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവകാശം മാത്രമായി അവശേഷിക്കുമെന്നും വോട്ട് ചെയ്യണമെങ്കില്‍ മണ്ഡലത്തില്‍ നേരിട്ട് ഉണ്ടായേ മതിയാകൂവെന്നും ചൂണ്ടിക്കാട്ടി ഏതാനും ഹരജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് പ്രവാസികള്‍ക്ക് പ്രോക്‌സി വോട്ട് അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
വോട്ടറായി പേരു രേഖപ്പെടുത്തിയ പോളിംഗ് ബൂത്തില്‍വേണം പ്രവാസികള്‍ പ്രതിനിധി വോട്ട് രേഖപ്പെടുത്തേണ്ടത്. ഇത് ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിത ഫോറത്തില്‍ പ്രതിനിധിയെ മജിസ്‌ട്രേട്ട് മുമ്പാകെ സാക്ഷ്യപ്പെടുത്തണം. ഒരിക്കല്‍ സാക്ഷ്യപ്പെടുത്തിയാല്‍ അത് റദ്ദാക്കുംവരെ പ്രതിനിധിക്ക് പ്രവാസിയുടെ വോട്ട് രേഖപ്പെടുത്താം.
നിലവില്‍ സൈന്യത്തിലുള്ളവര്‍ക്ക് പ്രോക്‌സി വോട്ട് ചെയ്യാന്‍ അവസരമുണ്ട്. സൈന്യത്തിലുള്ളവരുടെ ഭാര്യമാരെയും സര്‍വീസ് വോട്ടര്‍മാരായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍, സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥരുടെ ഭര്‍ത്താക്കന്മാര്‍ക്ക് സര്‍വീസ് വോട്ടറുടെ ആനുകൂല്യം ലഭിക്കാറില്ല. ഈ സാഹചര്യത്തില്‍ ഭാര്യ എന്ന പദത്തിന് പകരം പങ്കാളി എന്നാക്കി മാറ്റാനുള്ള ഭേദഗതിയും ബില്ലിലുണ്ട്. ഇതോടെ വനിതാ ഉദ്യോഗസ്ഥരുടെ ഭര്‍ത്താക്കന്മാര്‍ക്കും സര്‍വീസ് വോട്ടറുടെ പരിഗണന ലഭിക്കും.

 

Latest News