Sorry, you need to enable JavaScript to visit this website.

ഈ ദാരുണമായ സമയത്തെ ക്രിക്കറ്റ് ഉത്സവം പൊരുത്തക്കേടാണ്, ഐ.പി.എൽ വാർത്ത നൽകില്ല-ഇന്ത്യൻ എക്‌സ്പ്രസ്

ന്യൂദൽഹി- രാജ്യത്ത് പ്രാണവായു ലഭിക്കാതെ ആളുകൾ മരിക്കുന്ന സമയത്ത് ക്രിക്കറ്റ് ഉത്സവമായ ഐ.പി.എൽ നടത്തുന്നത് ശരിയല്ലെന്നും ഐ.പി.എൽ വാർത്ത നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കുകയാണെന്നും ഇന്ത്യൻ എക്‌സ്പ്രസ്. 
പത്രം ഇന്ന് പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യമുള്ളത്.
കോവിഡ് മഹാമാരിയുടെ ഏറ്റവും മോശമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും ലക്ഷക്കണക്കിന് ആളുകൾ ജീവിതം നിലനിർത്തുവാനായി പോരാടുകയാണെന്നും ഇന്ത്യൻ എക്‌സ്പ്രസ് വ്യക്തമാക്കി. പലരും അവരുടെ ജീവൻ പിടിച്ചുനിർത്താൻ വിഫലശ്രമങ്ങൾ നടത്തുകയാണ്. സാർവത്രിക ആരോഗ്യപ്രതിരോധസംവിധാനങ്ങൾ പ്രവർത്തിക്കാതായിരിക്കുന്നു. ഓരോ ദിവസവും പത്രത്തിൽ വരുന്ന രോഗബാധയുടെ കണക്കുകൾ ആകാശം തൊടുന്നവയാണ്. ഓക്‌സിജനും മരുന്നുകൾക്കും വേണ്ടിയുള്ള നിലവിളി ഉയർന്നുകേൾക്കുന്നു. കോവിഡ് കിടക്കകൾ ആവശ്യത്തിനില്ലാത്തതിനാൽ ആശുപത്രികൾ പുതിയ പ്രവേശനം നിരസിക്കുന്നു. ശ്മശാനങ്ങളിലെ തിരക്കിന്റെ ചിത്രങ്ങൾ ഹൃദയഭേദകമാണ്. കോവിഡ് 19 ന് കീഴടങ്ങിയ അല്ലെങ്കിൽ ജീവിതത്തിനായി പോരാടുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ ഉള്ളവരായിക്കഴിഞ്ഞിരിക്കുന്നു നമ്മളിൽ മിക്കവരും. 
അത്തരമൊരു ദാരുണമായ സമയത്ത്, ക്രിക്കറ്റ് ഉത്സവം ഇന്ത്യയിൽ നടക്കുന്നുവെന്നത് ഒരു വലിയ പൊരുത്തക്കേടാണ്. രോഗം വരാതെ സമ്പർക്കമുണ്ടാകാത്ത സുരക്ഷിതമായ കൂടുകളിൽ ജീവിക്കുന്ന അവരുടെ രീതി ഇന്നത്തെ അവസ്ഥയുടെ നേർക്കുള്ള കൊഞ്ഞനം കുത്തലാണ്. പ്രശ്‌നം ക്രിക്കറ്റിന്റേതല്ല, അതു നടത്തുന്ന സമയത്തിന്റേതാണ്. 
അഭൂതപൂർവമായ ഒരു പ്രതിസന്ധിയിലൂടെയാണ് നമ്മൾ കടന്നുപോകുന്നതെന്ന് ക്രിക്കറ്റും അംഗീകരിക്കണം. 
ഈ സാഹചര്യത്തിൽ, ന്യൂസ് ഇന്ത്യൻ എക്‌സ്പ്രസ് ന്യൂസ് പേപ്പറിൽ ഐപിഎൽ കവറേജ് താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു. രാജ്യത്തിന്റെ ശ്രദ്ധ ജീവന്മരണപ്രശ്‌നങ്ങളിൽ കേന്ദ്രീകരിക്കുന്ന ഈ അവസരത്തിൽ അതിനോട് ഐക്യം പ്രഖ്യാപിച്ചുകൊണ്ടുള്ള  ചെറിയൊരു നീക്കം മാത്രമാണിത്. നിങ്ങളും അതു മനസ്സിലാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഒരു ദൃഢനിശ്ചയത്തോടെ ഒറ്റ ലക്ഷ്യത്തോടെ നാം ഒറ്റരാജ്യമായി നിൽക്കേണ്ട ഒരവസരമാണിതെന്നും പത്രം വ്യക്തമാക്കി.
 

Latest News