Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എങ്ങനെ അടിച്ചെടുത്തു, രാഹുല്‍ ഈ തന്ത്രം

 

എന്തൊക്കെയാണ് സംഭവിക്കുന്നത്! തന്നെ പപ്പുവെന്നു വിളിച്ചു കൊച്ചാക്കിയവരോട് ഒരു വിരോധവുമില്ലെന്നു രാഹുൽജി. കൊച്ചായാലല്ലേ വളരാൻ കഴിയൂ? ആ മർമം തിരിച്ചറിഞ്ഞവനാണ് അദ്ദേഹം. തന്നോട് പുസ്തകം വായിക്കാൻ പറഞ്ഞ മോഡിജിയോട് ഒരു കെറുവുമില്ല. മാത്രമല്ല അദ്ദേഹം തന്നെ സഹായിച്ചിട്ടുമുണ്ട്. (പത്തു ഫോറിൻ മണി എടുക്കാനില്ലാത്ത ഘട്ടം വല്ലതും അനുഭവിച്ചിരുന്നോ ആവോ!) ഏതായാലും തനിക്ക് മോഡിജിയോട് സ്‌നേഹം മാത്രമേയുള്ളൂ. സ്വാതന്ത്ര്യം ജന്മാവകാശമാണ് എന്നു തിലകൻ (സിനിമാ നടനല്ല) പറഞ്ഞതുപോലെ കടുപ്പിച്ചില്ല എന്നേയുള്ളൂ. സ്‌നേഹം കൊണ്ട ഗുജറാത്തിൽ തോൽപിക്കുമെന്നാണ് രാഹുൽജി പറഞ്ഞത്. മോഡിജിയാകട്ടെ, സ്‌നേഹിക്കപ്പെടാൻ ആരും സ്വന്തം പാർട്ടിയിൽ പോലും ഇല്ലാത്ത ഒരു അവസ്ഥയിലുമാണ്. എല്ലാവർക്കും ഭയവും സംശയവും മാത്രമല്ലേയുള്ളൂ! രാഹുൽ ഈ തന്ത്രം എങ്ങനെ അടിച്ചെടുത്തു. 
എവിടെ നിന്നു അടിച്ചെടുത്തു എന്നത് ഒരു ഗവേഷണ വിഷയമാക്കാവുന്നതാണ്. നമിക്കിലുയരാം, നടുവിൽ തിന്നാം, സ്‌നേഹമാണഖിലസാരമൂഴിയിൽ…… സ്‌നേഹത്തിൽ നിന്നുദിക്കുന്നൂ ലോകം.. എന്നിങ്ങനെ തുടങ്ങുന്നു… ഉള്ളൂരിന്റെയും കുമാരനാശാന്റെയും കവിതകൾ. ആരോ നിയുക്ത കോൺഗ്രസ് പ്രസിഡന്റിനെ പഠിപ്പിച്ചിരിക്കുന്നു! ആരാവാം! ആർക്കറിയാം? അത്ഭുതങ്ങൾ പിന്നെയും തുടരുന്നു. അഭിമാനിയായ ഒരു മനുഷ്യന്റെ മുഖത്തു നോക്കി പിതാവിനു പറയുന്നതിനു തൂല്യമാണ് ദേശീയ നേതാവിനെ രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തി എന്ന് ആരോപിക്കുന്നതും. ഏതായാലും ആ അത്യാഹിതവും സംഭവിച്ചു. മൻമോഹൻ സിംഗിനെ മോഡിജി തന്നെ കുറ്റം ചുമത്തി. വലിയൊരു പൊട്ടിത്തെറി ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രതീക്ഷിച്ചു. 
ഒന്നുമുണ്ടായില്ല. പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനമായ പിറ്റേന്നു തന്നെ ഇരുവരും കണ്ടു കൈകൂപ്പി. ഹസ്തദാനം നടത്തുമ്പോഴെങ്കിലും ചില ആരാധകർ ഒരു ഗുസ്തി പ്രതീക്ഷിച്ചു. ങേ ഹേ! ഗുസ്തിയൊക്കെ പഴയ എം.ജി.ആർ പടങ്ങളിൽ. പൊട്ടിത്തെറിയൊക്കെ അങ്ങു തെക്ക് കേരളത്തിലെ ക്വാറികളിൽ! പോകാൻ പറ!


****                 ****                     ****

പതിനാലാം തിയതി വ്യാഴാഴ്ച കൃത്യസമയത്തു തന്നെ തലസ്ഥാനത്ത് പറന്നിറങ്ങിയ രാഹുൽജി ഹെലികോപ്ടറിൽ തലങ്ങും വിലങ്ങും പറന്ന് മത്സ്യബന്ധത്തിനു പോയവരുടെ കുടുംബങ്ങളുടെ ദുഃഖം മുഴുവൻ ബ്ലോട്ടിങ് പേപ്പർ പോലെ ഒപ്പിയെടുത്തു. ഇനി എന്നെങ്കിലും അധികാരത്തിലെത്താൻ ഭാഗ്യമുണ്ടായാൽ കോൺഗ്രസിന്റെ വക നഷ്ടപരിഹാരം പ്രത്യേകം നൽകുമെന്ന് ഉറപ്പ് നൽകാനും മടിച്ചില്ല.
എന്നിട്ട് പടയൊരുക്കത്തിന്റെ സമാപന സമ്മേളനവേദിയിലിരുന്നു. വളരെ ശ്രദ്ധേയമായ ഒരു കാര്യം, അങ്ങോർ ചോദ്യം ചോദിക്കുമ്പോഴൊക്കെ ചെന്നിത്തലജി വടക്കേ ദിക്കിലേക്ക് അല്ലെങ്കിൽ അറബിക്കടലിലേക്കു നോക്കിയിരുന്നു എന്നതാണ്. നമ്മൾ കഴിഞ്ഞ ലക്കത്തിലും നിരീക്ഷിച്ചതുപോലെ രാഹുൽജിയും നിരീക്ഷിച്ചതിനു അദ്ദേഹത്തെ പഴിക്കേണ്ടതില്ല. ഈ സമാപന സമ്മേളനം എന്തിനാണ്? പടയൊരുക്കം സമാപിച്ചാൽ പിന്നെ പടയെങ്ങനെ എന്തിനു മുന്നോട്ടു പോകണം? അതല്ല, കേന്ദ്രത്തിനും കേരളത്തിനുമെതിരെയാണ് പടയെങ്കിൽ പിന്നെ ഇന്നെന്തിനാണ് ഈ സമാപനം- എന്നൊക്കെത്തന്നെയാണ് അഖിലേന്ത്യാ കോൺഗ്രസിന്റെ നവവരനും ചോദിച്ചത്. അവസരത്തിനൊത്തു പൊട്ടനും മന്ദനുമാകാൻ കഴിയുന്നത് നല്ല രാഷ്ട്രീയക്കാരന്റെ ലക്ഷണമാണ്. പക്ഷേ, ആശയ കുഴപ്പം നന്നേ ബാധിച്ചു വിറയ്ക്കുന്ന കോൺഗ്രസുകാരും നാട്ടുകാർക്കൊപ്പം പാടി നൃത്തം വയ്ക്കുകയാണ്- കൺഫ്യൂഷൻ തീർക്കണമേ……….
****                    ****                     ****

ചുവപ്പു കോട്ടയിലേക്കു സ്വാഗതം എന്നെഴുതിയ ബാനർ കോളേജ് കവാടത്തിൽ ഉയർത്തിക്കെട്ടുന്നത് വിദ്യാർഥി ഫെഡറേഷന്റെ പതിവ് ആചാരമാണ്. ആ ആചാരം വെടിയണമെന്ന് പാർട്ടി സെക്രട്ടറി സഖാവ് കോടിയേരി തന്നെ പറഞ്ഞത് കടുംകൈയായിപ്പോയി. അതു സങ്കുചിത കാഴ്ചപ്പാടാണെന്നും വിശാലമായ പുതിയ ആശയങ്ങളാണ് ഉയർത്തിപ്പിടിക്കേണ്ടതെന്നും ഏവർക്കും കടന്നുവരാനുള്ള ഇടമാണ് കലാലയമെന്നുമൊക്കെയാണ് കോടിയേരിയുടെ ഒപ്പിനിയൻ! കൊള്ളാം സഖാവേ! താങ്കളും കൂടി ചേർന്നു തുടങ്ങിവച്ചതല്ലേ, ഈ ബാനർ സംസ്‌കാരം? വിരുദ്ധനെന്നു തോന്നുന്ന ഒരാളെപ്പോലും വാതുറക്കാൻ അനുവദിക്കാത്ത പിള്ളേർ സംഘടനകളുടെ തേർവാഴ്ചയ്‌ക്കെതിരെ ഇപ്പോൾ വിശാലമായൊരു ഹൃദയവുമായി സമാധാന പ്രാവിനെ തോളത്തിരുത്തി സഖാവ് രംഗത്തിറങ്ങുമ്പോൾ ഇവിടെയും കൺഫ്യൂഷൻ ഉരുണ്ടു കൂടുന്നു. 
സത്യം പറ സഖാവേ, അടുത്ത കൊല്ലത്തെ പാർട്ടി കോൺഗ്രസിനു പിന്നാലെ രാഹുൽഗാന്ധിയൻ കോൺഗ്രസുമായി അപ്പം പങ്കിടാൻ പോകുന്നതിന്റെ മുന്നോടിയല്ലേ ഈ മനംമാറ്റം? നെയ്യാറ്റിൻകരയിൽ ചില പാതിരിമാർ ചുവപ്പു ബാനറിൽ കീഴിൽനിന്നും തങ്ങളുടെ രക്ഷകന്റെ ചിത്രം പിൻവലിച്ചു എന്ന ഒരു അപ്രതീക്ഷിത തിരിച്ചടി മാറ്റിനിർത്തിയാൽ, നിലം ഇപ്പോഴും തങ്ങൾക്ക് അനുകൂലമായി കൊയ്യാൻ പാകത്തിൽ കിടക്കുകയല്ലേ? എന്നിട്ടും, 'ചുവപ്പുകോട്ട സ്വാഗതം' ഒഴിവാക്കണമെങ്കിൽ നോട്ടം ദൽഹിയിലെ കോട്ടതന്നെ. അവശ വിഭാഗമായ കോൺഗ്രസുമായി ചേർന്നാൽ അവിടെയും ഒന്നും കൊയ്യാനിറങ്ങാം. പക്ഷേ, 'നമ്മളു കൊയ്യും വയലെല്ലാം അവരുടേതാകും പൈങ്കിളിയേ' എന്ന കാലാവസ്ഥയായതിനാലാണ് ഒരു ബാന്ധവവും പാടില്ല എന്ന് കേന്ദ്ര കമ്മിറ്റി പുറത്തിറക്കാൻ വേണ്ടിമാത്രം തയാറാക്കിയ ഇടയ ലേഖനത്തിൽ പറയുന്നതെന്ന് നാട്ടാർക്കറിയാം. ഇനി പുരാണ- ഇതിഹാസ മഹാകാവ്യങ്ങൾ പഠിച്ച ശേഷം തയാറാക്കുന്ന മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെടുമെന്നു തന്നെ പ്രതീക്ഷിക്കാം. സംസ്‌കൃതത്തിലായാൽ നന്ന്, പിള്ളേർക്കു മനസ്സിലാവില്ല, ശല്യമില്ല.
****               ****                      ****

കഴിഞ്ഞ ഒരാഴ്ചക്കാലം തലമുടിമുറിക്കാത്തവരുടെയും താടിക്കാരന്മാരുടെയും സഞ്ചീധന്മാരുടെയും ഇറുക്കിയ ടീ ഷർട്ടു ധരിച്ച പീനസ്തനികളുടെയും മേളനമായിരുന്നു തലസ്ഥാനത്ത്. വാരിയിടാൻ തികയാത്തവർ തൽക്കാലം വിഗ്ഗുവാങ്ങി വച്ചു പ്രശ്‌നം പരിഹരിച്ചു. മുതുക്കികൾ ചുണ്ടുകളിൽ ലിപ്സ്റ്റിക് തേയ്ച്ചിറങ്ങി റോഡാകെ വിലസി. കുട്ടികൾക്കത് നല്ലൊരു കോമഡിഷോ ആയിരുന്നു.  ഒരു അമ്മച്ചി മകളോട് ചോദിച്ചു- നീയും ടിക്കറ്റെടുത്തതല്ലേ? ആ 'സാത്താൻസ് സ്ലേവ്ട പോയി കണ്ടുകൂടേ? ഗംഭീരം. പ്രേത മമ്മി ഒരു ഡ്രാക്കുളച്ചിരി പാസാക്കി. വേണ്ടമ്മച്ചീ….. അമ്മച്ചിയെ ദിവസോം കാണുന്നതല്ലേ? എന്നു കുമാരിയുടെ മറുപടിയിൽ പ്രശ്‌നം തീർന്നു.
'അപാര സുന്ദര'മെന്നൊക്കെ മാധ്യമക്കാർ വച്ചു തട്ടിയെങ്കിലും, അപൂർവ സുന്ദരമായൊരു ചിത്രം അവയിലെങ്ങും കാണാൻ കഴിഞ്ഞില്ല എന്നതാണ് നേര്. ഇക്കാലത്തും മനുഷ്യർക്ക് ഒരു മാറ്റവുമില്ല- 'സെൻസർ ചെയ്യാത്ത ഫോറിൻ ഫിലിം' കാണാമല്ലോ എന്ന ഒറ്റ ആർത്തിയോടെയാണ് പത്തുമുതൽ തൊണ്ണൂറു വയസ്സുവരെയുള്ളവരും തള്ളിക്കയറുന്നത്!
പിന്നെന്താണ് ഈ മേളയിലൂടെയുണ്ടാകുന്ന സാംസ്‌കാരിക വിനിമയം? 
ഓ, സർവത്ര കൺഫ്യൂഷൻ തന്നെ വീണ്ടും!

 

Latest News