അവർക്കെന്ത്‌ കോവിഡ് കണ്‍ട്രോള്‍? മോഡിയും ഷായും ഉത്സാഹിച്ചത്  സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ -കെ.സി വേണുഗോപാല്‍ 

ന്യൂദല്‍ഹി- കേന്ദ്ര ഭരണം നിയന്ത്രിക്കുന്ന മോഡിയും അമിത് ഷായും കൂടുതല്‍ ഉത്സാഹിച്ചത് 
സര്‍ക്കാരുകളെ അട്ടിമറിക്കാനെന്ന് കെ.സി വേണുഗോപാല്‍. കോവിഡ് രണ്ടാം തരംഗം സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് ഉണ്ടായിട്ടും മോഡി സര്‍ക്കാര്‍ ഒന്നും ചെയ്യാന്‍ തയ്യാറായില്ല എന്നത് ദയനീയമാണെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഭരണത്തിനുപകരം തെരഞ്ഞെടുപ്പ് പ്രചാരണത്തിനും, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിയ്ക്കാനുമാണ് സമയം ചെലവഴിച്ചതെന്നും അദ്ദേഹം  വേണുഗോപാല്‍ കുറ്റപ്പെടുത്തി. കോവിഡിന്റെ ദ്രുത വ്യാപനത്തില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന തന്നെ  രംഗത്തുവന്നിരിക്കയാണ്. ഇന്ത്യയുടെ നിലവിലുള്ള അവസ്ഥക്ക് കാരണം വിനാശകാരിയായ വൈറസിനെ രാജ്യം നിസാരവത്കരിച്ചതാണെന്ന് ഡബ്ല്യു എച്ച് ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനേം ഗബ്രിയേസിസ് കുറ്റപ്പെടുത്തുമ്പോള്‍ അതിനെ വിമര്‍ശനാത്മകമായെങ്കിലും സമീപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം. വരാന്‍ പോകുന്ന വിപത്തിനെപ്പറ്റി കേന്ദ്ര സര്‍ക്കാറിന് മുമ്പില്‍ ആരോഗ്യ വിദഗ്ധരും പ്രതിപക്ഷവും ജനപ്രതിനിധികളും നിരവധി തവണ മുന്നറിയിപ്പ് നല്‍കിയതാണ്-കെ.സി കൂട്ടിച്ചേര്‍ത്തു. 
 

Latest News