അധിനിവേശം അവസാനിപ്പിക്കേണ്ടിവരുമ്പോൾ ഹിംസയുടെയും സംശയത്തിന്റെയും അന്തരീക്ഷം നിലനിർത്തിപ്പോകാനാണ് അധീശശക്തികളുടെ താൽപര്യം. പണവും പ്രതാപവും നിറവും സാംസ്‌കാരിക നിലവാരവും എന്തിന്റെ പേരിൽ അധിനിവേശം ഉറപ്പിക്കുന്നവരായാലും അത് തന്നെ പ്രവണത. തങ്ങൾ വിട്ടേച്ചു പോകുന്ന സ്ഥലവും കാലവും കഴിയും വിധം കലുഷമാക്കുക- അതാണ് പരിപാടി. ചിലപ്പോൾ സന്ദർഭങ്ങളുടെ സമ്മർദ്ദം സൃഷ്ടിക്കുന്ന അനിവാര്യതയാകാം അവർ വിട്ടേച്ചുപോകുന്ന ഹിംസയും സംശയവും. പലപ്പോഴും അങ്ങനെയൊരു അനിവാര്യത ഉണ്ടാക്കിയെടുക്കാൻ അവർ അവരറിയാതെ ശ്രമിക്കുമെന്നു മാത്രം.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി മുഴുവൻ ജപ്പാന്റെ അധീനതയിലായിരുന്നു കൊറിയ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ജപ്പാൻ അവിടെ സ്വാധീനം ചെലുത്തിയിരുന്നു. സാംസ്‌കാരികമായോ സാമ്പത്തികമായോ വലിയ കെട്ടുകാഴ്ച്ചകളൊന്നും അവകാശപ്പെടാനില്ലാതിരുന്ന കൊറിയ അങ്ങനെ ജപ്പാന്റെ മഴനിഴൽ പ്രദേശമായി തുടർന്നു, പല പതിറ്റാണ്ടുകളിലൂടെ.
ജപ്പാൻ രണ്ടാം ലോകയുദ്ധത്തിൽ അടിയറവു പറഞ്ഞതോടെ എല്ലാം തകിടം മറിഞ്ഞു. ജാപ്പനീസ് പട കൊറിയയിൽനിന്നു തുരത്തപ്പെട്ടു. യുദ്ധം ജയിച്ച സോവ്യറ്റ് യൂണിയനും അമേരിക്കയും ശത്രു ഒഴിഞ്ഞുപോയ രണഭൂമി എന്തു ചെയ്യണമെന്ന് ആലോചനയായി. യുദ്ധത്തിന്റെ പാരിതോഷികമായി കിട്ടിയ കൊറിയ ജപ്പാൻ കടലിലും മഞ്ഞക്കടലിലും പൊങ്ങിക്കിടന്നു, സാമ്പത്തിക പരിരംഭണത്തിനു കാത്തുകൊണ്ട്. പല ഉപഭോഗസാധനങ്ങൾക്കും അമേരിക്കയുടെയും യൂറപ്പിന്റെയും ഉൽപാദന കേന്ദ്രമായി ദക്ഷിണ കൊറിയ മാറിയത് പിന്നീടായിരുന്നു. അതിനു മുമ്പ് യുദ്ധം ജയിച്ച സോവിയറ്റ് യൂണിയനും അമേരിക്കയും ആ പ്രദേശം പങ്കിട്ടെടുത്തു. അവർക്കിഷ്ടപ്പെട്ട ഭരണകൂടവും തത്ത്വവിചാരവും അവർ അവിടെ പ്രതിഷ്ഠിച്ചു. അവർ പകുത്തെടുത്ത ഭൂവിഭാഗങ്ങൾ തമ്മിലടിച്ചുകൊണ്ടേയിരിക്കുമെന്നുറപ്പ് വരുത്താൻ അവർ പ്രത്യേകം നിഷ്‌കർഷിച്ചു. വടക്കൻ കൊറിയയിലെ കിം ഇൽ സുങിന്റെയും തെക്കൻ കൊറിയയിലെ സിഗ്മാൻ റീയുടെയും ആജ്ഞാനുവർത്തികളായി അന്നാട്ടുകാർ തമ്മിൽത്തമ്മിൽ തച്ചുകൊന്നു.
സ്റ്റാലിൻ പ്യൂങിയാഗ് തലസ്ഥാനമായ വടക്കൻ കൊറിയയിൽ കമ്യൂണിസം പടർത്താൻ പാടം പരുവപ്പെടുത്തിയപ്പോൾ ജനറൽ മകാർതർ അമേരിക്കയിൽനിന്ന് ഇറക്കുമതി ചെയ്ത റീ, കമ്യൂണിസ്റ്റുകാരെ വേട്ടയാടുന്ന വീരദേശാഭിമാനിയായി സോളിൽ വാണരുളി. മൂന്നു പതിറ്റാണ്ടോളം അമേരിക്കയിൽ പുസ്തകങ്ങളും പ്രസംഗങ്ങളും പഠനവുമായി കഴിഞ്ഞിരുന്ന റീ അമേരിക്കയുടെ അജണ്ട നടപ്പാക്കാൻ പ്രാപ്ത്രനെന്ന് വിലയിരുത്തപ്പെട്ടു. വടക്കൻ കൊറിയയിൽനിന്ന് തന്റെ രാജ്യത്തെ അട്ടിമറിക്കാൻ നുഴഞുകയറിവരുന്നവരും അല്ലാത്തവരുമായ കമ്യുണിസ്റ്റുകാരെ ഒതുക്കുകയും ഒഴിപ്പിക്കുകയുമായിരുന്നു റീയുടെ നിയോഗം. അതിനിടയിൽ കൊല്ലപ്പെട്ടവർ ലക്ഷക്കണക്കായിരുന്നു. അതിന്റെ കയ്യും കണക്കും കണക്കില്ലായ്മയും വിവരിക്കുന്ന ഒരു പുസ്ത്കം കഴിഞ്ഞയാഴ്ച വായിക്കാനിടയായി.
ബ്ലെയിൻ ഹാർഡൻ എഴുതിയതാണ് പുസ്തകം. 'ചാരന്മാരുടെ രാജാവ്.' സോളിൽ ഏറെക്കാലം സർവാധിപതിയായി വാണ സിംഗ്മാൻ റീയെയോ അദ്ദേഹത്തിന്റെ കമ്യൂണിസ്റ്റ് വിരുദ്ധകൊലക്കളികളെയോ ഊന്നിക്കൊണ്ടുള്ളതല്ല ഹാർഡന്റെ പുസ്തകം.
ഡോണാൾഡ് നിക്കോൾസ് എന്ന ഒരു അമേരിക്കൻ പട്ടാളക്കാരനാണ് ചാരന്മാരുടെ രാജാവായി വാഴിക്കപ്പെട്ടിരിക്കുന്ന കഥാപുരുഷൻ. കാര്യമായ വിദ്യാഭ്യാസമോ പരിശീലനമോ ഇല്ലാത്ത നിക്കോൾസ് ജെയിംസ് ബോണ്ടിനെ വെല്ലുന്ന വീരേതിഹാസങ്ങൾ ചമച്ചു. അധികാരശൃംഗങ്ങളിൽ ചങ്ങാത്തങ്ങൾ പണിതെടുത്തു. ചാരന്മാരുടെ രാജാവായി.
എപ്പോഴെന്നറിയില്ല എന്ന മട്ടിലായിരുന്നു നിക്കോൾസിന്റെയും പ്രസിഡന്റ് റീയുടെയും ചങ്ങാത്തത്തിന്റെ തുടക്കം. റീയുടെ പകുതി പ്രായമുള്ള നിക്കോൾസും റീയും തമ്മിൽ വളർന്ന സൗഹൃദം ചാരചരിത്രത്തിൽ അത്ഭുതം വിളയിച്ചു. നിക്കോൾസിനോടു പറയാൻ വയ്യാത്തതായി റീക്ക് ഒന്നുമില്ലാതായി. പ്രസിഡന്റിനെ 'അഛൻ' എന്നു വിളിക്കാവുന്ന സ്വാതന്ത്ര്യം നിക്കോൾസിനു കൈവന്നു. അമേരിക്കൻ ചെറുപ്പക്കാരനെ എപ്പോഴെന്നറിയില്ല എന്ന മട്ടിലായിരുന്നു നിക്കോൾസിന്റെയും പ്രസിഡന്റ് റീയുടെയും ചങ്ങാത്തത്തിന്റെ തുടക്കം. റീയുടെ പകുതി പ്രായമുള്ള നിക്കോൾസും റീയും തമ്മിൽ വളർന്ന സൗഹൃദം ചാരചരിത്രത്തിൽ അത്ഭുതം വിളയിച്ചു. നിക്കോൾസിനോടു പറയാൻ വയ്യാത്തതായി റീക്ക് ഒന്നുമില്ലാതായി. പ്രസിഡന്റിനെ അച്ഛൻ എന്നു വിളിക്കാവുന്ന സ്വാതന്ത്ര്യം നിക്കോൾസിനു കൈവന്നു. അമേരിക്കൻ ചെറുപ്പക്കാരനെ മകൻ എന്നു വിളിക്കാൻ അച്ഛൻ പ്രസിഡന്റിനും ഇഷ്ടമായിരുന്നു. അമേരിക്കൻ സേനാനായകന്മാർക്ക് നിക്കോൾസിന്റെ വാക്ക് റീയുടെ വാണിയായി എന്നു വേണം കരുതാൻ. അങ്ങനെയൊരു ധാരണ വളർന്നിരുന്നുവെന്ന് റീയും മനസ്സിലാക്കിയിരുന്നു, സന്തോഷത്തോടെ. ഒരു രാഷ്ട്രപതിയും ഒരു സാദാ ചാരനും തമ്മിൽ ഇത്ര ഗാഢവും ഫലപ്രദവുമായ ബന്ധം എന്നെങ്കിലും എവിടെയെങ്കിലും രൂപപ്പെട്ടതായി ചരിത്രമില്ല. വെറുതെയല്ല ഹാർഡൻ നിക്കോൾസിന് ആ പട്ടം ചാർത്തിയത്, 'ചാരന്മാരുടെ രാജാവ്.'
പുരാതന യവനകഥകളിൽ അലക്‌സാണ്ടറെ വക വരുത്താൻ ചാരന്മാർ നിയോഗിക്കപ്പെട്ടിരുന്നതിന്റെ വിവരണം അങ്ങിങ്ങായി കാണാം. വിഷം കൊടുത്തുകൊല്ലാൻ അവർ വഴി വെട്ടിയിരുന്നു പോലും. അവരെയും കടത്തി വെട്ടി, ചക്രവർത്തിക്ക് വിഷചഷകം പകരാൻ മുന്നോട്ടു വന്ന മറ്റൊരാൾ. വിഷചഷകത്തിൽ വെറും വീഞ്ഞ് ഒഴിച്ച ചക്രവർത്തിയുടെ ജീവൻ രക്ഷിച്ചത് അമ്മ ഒളിമ്പിയ ആയിരുന്നു. ചാരന്മാരും ചക്രവർത്തിമാരും തമ്മിലുള്ള ഇടപഴക്കത്തിന്റെ പഴമയിലേക്ക് വഴി വിട്ടു പോയെന്നേയുള്ളു.
നമ്മുടെ കാലത്തേക്ക് കൂപ്പുകുത്തിവരികയാണെങ്കിൽ, പിന്നീട് പ്രധാനമന്ത്രിയായ ഒരാൾ ആർക്കൊക്കെയോ വേണ്ടി ചാരവൃത്തി ചെയ്‌തെന്ന ആരോപണം ഉരുക്കഴിക്കാം. കേന്ദ്രമന്ത്രിസഭയിൽ ഉയർന്ന സ്ഥാനത്തിരുന്ന മൊറാർജി ദേശായിക്കും ജഗജീവൻ റാമിനുമെതിരെ ചാരാരോപണം ഉയർന്നിരുന്നു. ദേശായി അമേരിക്കൻ ചാരസംഘടനയായ സി ഐ എയുടെ അറിയിപ്പുകാരനായിരുന്നുവത്രേ. അതിൽപരം അവമാനം ഉണ്ടാക്കുന്ന കാര്യം വേറൊന്നു പറയാനില്ലായിരുന്നു. അമേരിക്കയുടെ ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ സുരക്ഷിതത്വത്തിൽ സെയ്മൂർ ഹെർഷ് എന്ന പത്രലേഖകൻ ഉന്നയിച്ചതാണ് ആരോപണം. തന്റെ മാനം തെളിയിക്കാൻ ദേശായി കേസു കൊടുത്തു. അതെങ്ങുമല്ലാതെ പോയി.
പ്രധാനമന്ത്രിയും പ്രസിഡന്റും മറ്റും വിദേശചാരന്മാരുമായി ഒത്തുകളിച്ച കഥാസന്ദർഭങ്ങൾ അപസർപ്പകനോവലുകളിൽ പലയിടത്തും വായിച്ചെടുക്കാം. ശിതയുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ഘട്ടത്തിൽ, അമേരിക്കയും സോവിയറ്റ് യൂണിയനും, അല്ലെങ്കിൽ പൂർവ പശ്ചിമബ്ലോക്കുകൾ, തമ്മിലടിച്ചുതകരാൻ നിൽക്കുന്ന അവസരത്തിൽ, പ്രത്യക്ഷമായ യുദ്ധകാഹളത്തിനിടെ രണ്ടു രാജ്യങ്ങളുടെയും തലവന്മാർ ഒത്തുകളിക്കുന്നത് ചാരവിചാരത്തിലെ രസകരമായ അധ്യായമായിരുന്നു. രാഷ്ട്രീയബന്ധങ്ങളുടെയും ചാരവലയങ്ങളുടെയും വിചിത്രമായ അനാവരണമായിരുന്നു ആ പ്രകരണം. ശീതയുദ്ധത്തിന്റെ കാലം കഴിഞ്ഞതോടെ ആ ജനുസ്സിൽ പെട്ട ആഖ്യായികകളും ഇല്ലാതായി.
നമ്മുടെ നാട്ടിൽ ആ കഥകൾക്കൊപ്പിച്ചുള്ള ചാരരാഷ്ട്രീയകഥകൾ ഏറെയുണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ ആപ്പീസിലെ ഒന്നോ രണ്ടോ ഉദ്യോഗസ്ഥരെ ഇടക്ക് പിടി കൂടിയിരുന്നു. ചെന്നെയിൽ ഒരു പൊലിസ് ഉദ്യോഗസ്ഥൻ ആപ്പിലായിരുന്നു. ദൽഹിയിൽ ഒരു രഹസ്യപ്പൊലിസ് കേമൻ കുടുങ്ങിയിരുന്നു. അതല്ലാതെ അധികം കേട്ടിട്ടില്ല. ചൈനീസ് ചാരനെന്നും ബ്രിട്ടിഷ് ചെരുപ്പുനക്കിയെന്നും മറ്റുമുള്ള പദപ്രയോഗങ്ങൾ ആരോപണത്തിന്റെ തലത്തിൽനിന്നുയർന്നില്ല. എന്നിട്ടു വേണ്ടേ രാഷ്ട്രീയത്തിന്റെ അത്യുന്നതവും ചാരവിചാരവുമായി ബന്ധപ്പെടുത്താൻ!
അങ്ങനെ പറഞ്ഞുവരുന്ന കൂട്ടത്തിൽ ഇന്ത്യൻ കമ്യൂണിസത്തിന്റെ പഴയ സ്വഭാവത്തെപ്പറ്റിയും പരാമർശിക്കണം. സോവിയറ്റ് യൂണിയനാവശ്യമായ വിവരം എത്തിക്കാനും ശേഖരിക്കാനും ഇന്ത്യയിലെ സഖാക്കൾ വിനിയോഗിക്കപ്പെട്ടിരുന്നു. ക്രെംലിൻ രഹസ്യരേഖകൾ പരിശോധിച്ചാലേ സത്യം സ്വർണത്തിന്റെ കവചം തകർത്ത് പുറത്തു വരികയുള്ളു. നമ്മുടെ സ്വന്തം വി കെ കൃഷ്ണമേനോന്റെ കാര്യം തന്നെയെടുക്കൂ.
അദ്ദേഹത്തിന്റെ കെ ജി ബി ബന്ധം സൂചിപ്പിക്കുന്നതാണ് ക്രിസ്‌റ്റോഫർ ആൻഡ്രു എന്ന പണ്ഡിതൻ എഴുതിയ ബ്രിട്ടിഷ് ചാരചരിത്രം. കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പ് ചെലവിൽ ഒരു ഭാഗം കെ ജി ബി വഹിച്ചിരുന്നുവത്രേ. ഇന്ത്യയിൽ ഇന്റലിജൻസ് സംവിധാനം സ്ഥാപിക്കാൻവേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ലണ്ടനിൽ എത്തിയ ടി എസ് സഞ്ജീവി എന്ന പൊലിസ് ഉദ്യോഗസ്ഥനെ ഹൈക്കമ്മിഷണർ മേനോൻ വിരട്ടിയെന്ന് ഒരു കഥ. തന്നെ പിന്തുടരാൻ ആഭ്യന്തരമന്ത്രി സർദാർ പട്ടേൽ പറഞ്ഞുവിട്ടതാണ് സഞ്ജീവി എന്ന് മേനോൻ പ്രധാനമന്ത്രിയോട് പരാതിപ്പെടുകയുണ്ടായി.
ഫലപ്രദമായ ചാരസംവിധാനമാണെങ്കിൽ ചാരന് താൻ ചാരനാണെന്നോ ഇരയ്ക്ക് താൻ വീഴുന്നത് കുഴിയിലാണെന്നോ അറിയില്ല. ചിലർ അതിനെ നിർദ്ദോഷമായ വിവരശേഖരണവും വിതരണവുമായി കരുതും. ചിലർ അത് പാരിതോഷികം വാങ്ങി നിർവഹിക്കും.
ചിലർ അതിൽ കുടുങ്ങിപ്പോകും. ചിലർ ആ പ്രവൃത്തി ഒരു രാഷ്ട്രീയസാംസ്‌കാരിക ദൗത്യമായി കണക്കാക്കും. തിരശ്ശീലക്കു പിന്നിലിരുന്ന അവർ തരുന്ന 'വഹ' ഇഴപിരിച്ചുനോക്കുന്നവരുടെ നോട്ടമായിരിക്കും പ്രധാനം. ഡോണാൾഡ് നിക്കോൾസ് അപ്പപ്പോൾ പ്രസിഡന്റ് റീയിൽനിന്നു ചോർത്തിയെടുത്തിരുന്ന വിവരവും അങ്ങനെ അപഗ്രഥിച്ചാലേ സാർഥകമാകൂ. എന്നാലും ഒരു കാര്യത്തിൽ തർക്കമില്ല: അവരോളം ചാരച്ചാർച്ചയുണ്ടായിരുന്ന വേറെ രണ്ടു പേർ ഇല്ല.