Sorry, you need to enable JavaScript to visit this website.

ഈരാറ്റുപേട്ടയിലെ  47 സുന്ദരികൾ

ഈരാറ്റുപേട്ടയിൽനിന്ന് ക്രിസ്ത്യൻ, ഹിന്ദു വിഭാഗത്തിൽപെട്ട അതിസുന്ദരികളായ  47 തരുണീമണികൾ മുസ്‌ലിം യുവാക്കൾക്കൊപ്പം പോയത്രേ.  പറയുന്നത് ഉത്തരവാദപ്പെട്ട ഒരു നിയമസഭാ അംഗമായ  പലന്തോട്ടത്തിൽ ചാക്കോ ജോർജ് എന്ന സാക്ഷാൽ പി.സി. ജോർജ്. അതിൽ 35 പേർ ക്രിസ്ത്യൻ.  ബാക്കി 12 പേർ ഇഴവ, നായർ യുവതികൾ. ജോർജിന്റെ നിഗമനത്തിൽ എല്ലാവരും അതീവ സുന്ദരികൾ. ലൗ ജിഹാദിന്റെ ഭീകര രൂപമാണ് ജോർജ് പുറത്തു വിട്ടത്. സ്വന്തം മകൻ ഷോൺ ജോർജ് വിവാഹം ചെയ്ത സുപ്രസിദ്ധ സിനിമാ താരം ജഗതി ശ്രീകുമാറിന്റെ ഹിന്ദുവായ മകൾ പാർവതിയെ മാമോദിസ മുക്കിയ ശേഷം മാത്രം വീട്ടിൽ കയറ്റിയ ആളാണ് ലൗവ് ജിഹാദിനെ കുറിച്ച് പറയുന്നത്. 


ജോർജിന്റെ ഈ പ്രസ്താവന രാഷ്ട്രീയ പ്രേരിതമായേക്കാമെങ്കിലും ഹിന്ദു, ക്രിസ്ത്യൻ യുവാക്കൾക്ക് അപമാനമല്ലേ?  അതീവ സുന്ദരികൾ സ്വന്തക്കാരെ അവഗണിച്ച് മുസ്‌ലിം യുവാക്കളുടെ കൂടെ പോകാൻ എന്ത് പ്രത്യേകതയാണ് അവർക്കുള്ളത്? പഠന വിധേയമാക്കേണ്ട കാര്യമാണത്. ഇങ്ങനെ പോകുന്ന പെൺകുട്ടികളെ സിറിയയിലേക്ക് കൊണ്ടുപോകുമെന്നും അവിടെ കാപാലികമാർക്ക് എറിഞ്ഞു കൊടുക്കുമെന്നുമൊക്കെയുള്ള വ്യാപക പ്രചാരണങ്ങൾ നിലനിൽക്കുമ്പോഴും ഈ 'പോക്ക്' നടക്കുന്നത് എന്തുകൊണ്ടാണ്? 'ലൗ ജിഹാദികൾക്ക്' നേരെ കടുത്ത ഭീഷണികളും കൈയേറ്റങ്ങളും നടക്കുന്നത് നിത്യ സംഭവം. എന്നിട്ടും അവർ സ്വന്തക്കാരെ സ്വീകരിക്കാൻ തയാറാവാത്തത് എന്തുകൊണ്ട്? ജോർജ് പറയുന്നതിൽ സത്യമുണ്ടെങ്കിൽ ആദ്യം അന്വേഷണം നീങ്ങേണ്ടത് ഈ വഴിക്കാണ്.  യുദ്ധത്തിൽ തകർന്ന സിറിയയിലേക്ക് ആർക്കും അങ്ങനെ പോകാനാകില്ലെന്നത് മറ്റൊരു കാര്യം. യുവ വിധവകളെക്കൊണ്ട് നിറഞ്ഞ അവിടെ യുവതികൾക്ക് ക്ഷാമവുമില്ല. ഒന്നും രണ്ടുമല്ല, 47 സുന്ദരികൾ.  അവിടെ ഹിന്ദു, ക്രിസ്ത്യൻ യുവാക്കൾക്ക് ക്ഷാമമുണ്ടോ ?  സുന്ദരികൾ അവരെ ഇഷ്ടപ്പെടാത്ത നിലയിലുള്ള വല്ല വൈകല്യങ്ങളും ഉണ്ടോ? വിശദമായ പഠനം അത്യാവശ്യമാണ്.  ജോർജ് ഹിന്ദു, ക്രിസ്ത്യൻ യുവാക്കളെ അപമാനിക്കുകയാണ് ചെയ്യുന്നത്. അതനുവദിച്ചുകൂടാ.  അദ്ദേഹം പൊതു സമൂഹത്തോട് മാപ്പ് പറയണം.


ഹിന്ദു, ക്രിസ്ത്യൻ യുവതികളെ തട്ടിയെടുത്ത് 2030 ആകുമ്പോൾ കേരളം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാക്കാനുള്ള തന്ത്രമാണ് ഇതെന്നാണ് ജോർജ് പറയുന്നത്.  എതെങ്കിലും  മുസ്‌ലിം നേതാവോ സംഘടനയോ ഇത് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ആയിരുന്നപ്പോൾ വർഷങ്ങൾക്ക് മുമ്പ് വി.എസ്. അച്യുതാനന്ദൻ പറഞ്ഞതാണത്രേ ആധാരം.  അന്ന് കേട്ടത് പോലെയുള്ള ഇന്റലിജിൻസ് റിപ്പോർട്ട് കണ്ടിട്ടില്ലെന്ന് പിന്നീട് വന്ന ഭരണാധികാരികൾ വ്യക്തമാക്കിയതാണ്. അന്നത്തെ ഇന്റലിജൻസ്  മേധാവി കടുത്ത മുസ്‌ലിം വിരുദ്ധനാണെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം. ഇപ്പോൾ മുസ്‌ലിം വിരുദ്ധ പോസ്റ്റുകൾ തയാറാക്കുന്ന ഫുൾടൈം പ്രവർത്തകനാണ് അദ്ദേഹം.  ഇത്തരം ഒരാൾ അന്ന് തയ്യാറാക്കിയ റിപ്പോർട്ട് ആരും മുഖവിലകെടുക്കേണ്ടതില്ല. മുസ്‌ലിം ഭൂരിപക്ഷം എന്ന ആശയം ആർക്കും ഇല്ല. മറ്റു മതങ്ങളിൽ നിന്ന് കുറച്ചു പെൺകുട്ടികളെ കിട്ടിയാൽ ഭൂരിപക്ഷമാകുമെന്ന വിഡ്ഢിത്തം വേറെ ആർക്കും ഉണ്ടാകില്ല. 


നല്ലവരായ ഹിന്ദുക്കളെ മുസ്‌ലിം വിരുദ്ധതയിൽ തളച്ചിടുന്ന പുതിയ രാഷ്ട്രീയ ശൈലിയാണിത്. ആന്ധ്രയിൽ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി ഉൾപ്പെടെയുള്ള ഭരണാധികാരികൾ എല്ലാം ക്രൈസ്തവർ. പതിറ്റാണ്ടുകൾക്ക് മുമ്പ് ബ്രഹ്മാനന്ദ റെഡ്ഢിയുടെ കാലം മുതൽ ഇത് തുടങ്ങിയതാണ്.  പ്രശസ്ത ഹൈന്ദവ ക്ഷേത്രമായ തിരുപ്പതി തിരുമല ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് വരെ ക്രിസ്ത്യൻ ആണെന്ന് പറഞ്ഞു തന്നത് ശശികല ടീച്ചർ ആണ്. അദ്ദേഹത്തിന്റെ ഭാര്യ സതിമണി അറിയപ്പെടുന്ന സുവിശേഷ പ്രചാരകയാണ്.  ഹിന്ദുക്കളെ മാത്രം റിക്രൂട്ട് ചെയ്യുന്ന ദേവസ്വം ജീവനക്കാരിൽ അറുപതു ശതമാനം പേരും ക്രൈസ്തവർ ആണത്രേ.  ക്ഷേത്രത്തിൽ വഴിപാടിനു ക്യൂ നിൽക്കുന്നവർക്കു ദേവസ്വം ജീവനക്കാർ   ക്രിസ്ത്യൻ ലഘുലേഖകൾ വിതരണം ചെയ്യുന്നതായും ടീച്ചർ വെളിപ്പെടുത്തുകയുണ്ടായി.  ആന്ധ്രയിൽ പിടിമുറുക്കുന്ന സുവിശേഷ ഭരണത്തെ കുറിച്ച് 'കേസരി' വാരിക ഈയിടെ വിശദമായ ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി.  
കേരളത്തിൽ മാത്രമല്ല, ഇന്ത്യ മുഴുവൻ െ്രെകസ്തവ ഭൂരിപക്ഷമാക്കാൻ ലക്ഷ്യമിടുന്നവരുടെ ഹിന്ദു രാഷ്ട്ര വാദം ശ്രദ്ധാപൂർവം ഉന്നയിക്കുന്ന ഒന്നാണ്. ഒരു ഹിന്ദു രാഷ്ട്രത്തിന് നിലനിൽപില്ലെന്നു ജോർജിന് നന്നായി അറിയാം. സൗത്ത് ഏഷ്യയിലെ തായ്‌ലൻഡ്, കമ്പോഡിയ, വിയറ്റ്‌നാം തുടങ്ങിയ ഹിന്ദു രാഷ്ട്രങ്ങളും ഏറ്റവും ഒടുവിൽ  നേപ്പാളും എങ്ങനെ ഹിന്ദുത്വമൊഴിവാക്കി ബുദ്ധമതത്തിന് വഴിമാറി. 


ഈരാറ്റുപേട്ടയിലെ 47 സുന്ദരികളുടെ 'വേലിചാട്ടം' വേറെ നിലക്കും കാണാവുന്നതാണ്.  ജോർജിന്റെ രാഷ്ട്രൃയ പാർട്ടിയുടെ പേര് ജനപക്ഷം  (സെക്കുലർ) എന്നാണ്. സെക്കുലർ എന്നാൽ മതേതരത്വം. ഹിന്ദു രാഷ്ട്രം പറയുമ്പോൾ എന്ത് മതേതരത്വം?  ഒരുപക്ഷെ, ഒരു നസ്‌റാണിയുടെ ഹിന്ദു രാഷ്ട്ര സിദ്ധാന്തം മതേതരത്വമായി അദ്ദേഹം അവതരിപ്പിക്കാൻ ശ്രമിക്കുകയാകാം. ജോർജിനെ നന്നായി അറിയുന്നവരെ വഞ്ചിക്കാൻ കഴിയില്ല.  കേരളത്തിലെ മൂന്നു മുന്നണികളിലും ജോർജ് പ്രവർത്തിച്ചിട്ടുണ്ട്. ഇത്തവണ എല്ലാവരും ഒഴിവാക്കി. സ്വന്തം തട്ടകമായ പൂഞ്ഞാർ വിടാനുമൊക്കില്ല. എൻ.ഡി.എ ഇത്തവണ സഖ്യ കക്ഷിയായ ബി.ഡി.എസിനാണ് പൂഞ്ഞാർ നൽകിയത്. അവിടെ നിന്ന് പുറത്തായപ്പോൾ ജോർജ് ഇടതു മുന്നണിയുമായും പിന്നീട് കോൺഗ്രസുമായും സഖ്യത്തിന്നു ശ്രമിച്ചു. ഒന്നും കിട്ടാതെ വന്നപ്പോൾ നാലാമനായി അവിടെ മത്സരിക്കുകയാണ്. കെട്ടിവെച്ച പണമെങ്കിലും കിട്ടണമല്ലോ.  കടുത്ത മുസ്‌ലിം വിരോധം ആളിക്കത്തിച്ചു പരമാവധി ഹിന്ദു വോട്ടുകൾ സമാഹരിക്കാനാണ് ശ്രമിച്ചത്. തട്ടിപ്പ് കുതന്ത്രം വ്യക്തം. എത്ര ആളിക്കത്തിച്ചാലും ആ പരിപ്പ് അവിടെ വേവുക ഇല്ലെന്ന കാര്യവും ഉറപ്പാണ്.  അപ്പോഴും സമൂഹ മാധ്യമങ്ങളിലെ ഹിന്ദു കുടുംബ ഗ്രൂപ്പുകളിലും ക്ഷേത്ര ഗ്രൂപ്പുകളിലും പി.സി. ജോർജിന് കിട്ടുന്ന പിന്തുണയും സ്വീകാര്യതയും ഞെട്ടലുണ്ടാക്കുന്നതാണ്.

 

             
                 

Latest News